ഇസ്താംബൂൾ: സൗദി പൗരനും വാഷിങ്ടൺ കോളമിസ്റ്റുമായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്ന ആവശ്യം ശക്തമായി.

അമേരിക്കൻ സെനറ്റാണ് കടുത്ത ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചായിരുന്നു ഖഷോഗിയെ കൊന്ന് തള്ളിയിരുന്നത്.സൗദി ഭരണകൂടത്തിന്റെയും സൗദി ഭരണകൂടത്തിന്റെയും നിരന്തര വിമർശകനായിരുന്ന ഖഷോഗിയെ വധിക്കുന്നതിന് പുറകിൽ രാജകുമാരന്റെ കൈയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടും ഇത് സമ്മതിക്കാൻ സൗദി ആദ്യം തയ്യാറായിരുന്നില്ല.

വ്യാപാര താൽപര്യങ്ങൾ പരിഗണിച്ച് രാജകുമാരനോ സൗദിക്കോ ഇതിൽ പങ്കുണ്ടെന്നോയെന്ന കാര്യം അന്വേഷിക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് അമേരിക്കൻ സെനറ്റ് അംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സൗദിയുമായുള്ള ശതകോടികളുടെ കച്ചവടം മുറിയാതിരിക്കാൻ നടപടിയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം ഇപ്പോൾ വൻ വിവാദമാണുയർത്തിയിരിക്കുന്നത്. ഖഷോഗിയുടെ കൊലയ്ക്ക് പിന്നിൽ രാജകുമാരന് പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ട്രംപ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇരു പാർട്ടികളിലെയും സെനറ്റർമാരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

സൗദിയെ ന്യായീകരിച്ചും കൊലയ്ക്ക് പുറകിൽ രാജകുമാരന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവില്ലെന്നും വ്യക്തമാക്കിയുള്ള ട്രംപിന്റെ പ്രസ്താവനകളെ ജിഒപി സെനറ്റർമാർ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ബോബ് കോർക്കറും ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡെസും ഇത് സംബന്ധിച്ച കത്തുകൾ പ്രസിഡന്റിന് അയച്ചിട്ടുണ്ട്.

ഖഷോഗിയെ വധിച്ച സംഭവത്തിന്റെ പേരിൽ സൗദിക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ അഥവാ എംബിഎസിനെതിരെ തിരിയാനും ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനെ വിമർശിച്ചാണ് സെനറ്റർമാർ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

ഗ്ലോബൽ മാഗ്‌നിറ്റ്സ്‌കി ഹ്യൂമൻ റൈറ്റ്സ് അക്കൗണ്ടബിലിറ്റി ആക്ട് പ്രകാരം ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ തങ്ങൾക്ക് പ്രസിഡന്റിനോട് ആവശ്യപ്പെടാനാവുമെന്നാണ് കോർക്കറും മെനെൻഡെസും വ്യക്തമാക്കുന്നത്. രാജകുമാരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ മറ്റ് റിപ്പബ്ലിക്കന്മാരും രംഗത്തെത്തിയിരുന്നു. സെനറ്റർ ലിൻഡ്സെ ഗ്രഹാം ഇക്കൂട്ടത്തിൽ പെടുന്നു.

യുഎസ് സൗദിക്ക് മേൽ ഉപരോധം ഏർപ്പടുത്തിയാൽ അതിൽ നിന്നും ഗുണമുണ്ടാക്കാൻ റഷ്യയും ചൈനയും തക്കം പാർത്തിരിക്കുകയാണെന്നും അതിന് ഇട വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സൗദിക്ക് മേൽ ഉപരോധമേർപ്പെടുത്തിയാൽ എണ്ണ വില ഉയരുമെന്ന ആശങ്കയും ട്രംപ് പ്രകടിപ്പിച്ചിരിക്കുന്നു.