ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്പേസ്ഷിപ്പായ ഇൻസൈറ്റ് ഇന്നലെ ചൊവ്വയിൽ ലാൻഡ് ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണല്ലോ. അവിടെ ഇറങ്ങിയ പാടെ ഇൻസൈറ്റ് ചൊവ്വയെക്കുറിച്ച് പര്യവേഷണം ആരംഭിച്ചുവെന്നാണ് സൂചന. സൗരയൂഥത്തിലെ ഗ്രഹങ്ങളാണെങ്കിലും ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം അഞ്ച് കോടി കിലോമീറ്ററാണ്. ഇൻസൈറ്റ് മണിക്കൂറിൽ 18,000 കിലോമീറ്റർ വേഗത്തിൽ പോയിട്ടും ചൊവ്വയിൽ എത്താൻ എടുത്തത് ഏഴ് മാസമാണ്. ശതകോടികൾ മുടക്കിയുള്ള പദ്ധതിയിൽ ലക്ഷ്യം വയ്ക്കുന്നത് ഭൂമിയിൽ മനുഷ്യവാസം അസാധ്യമാകുമ്പോൾ അടുത്ത തലമുറയെ അവിടേക്ക് പറിച്ച് നടാനാണെന്ന് റിപ്പോർട്ടുണ്ട്. ചൊവ്വയിലേക്ക് ആദ്യം താമസം മാറ്റാൻ തയ്യാറെടുക്കുന്നത് ടെസ്ല സ്ഥാപകൻ എലോൻ മസ്‌കാണ്. നാസയുടെ ഇൻസൈറ്റ് പ്രോബിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്തെല്ലാമാണെന്ന് പരിശോധിക്കാം.

ചൊവ്വയുടെ അന്തർഘനടയെക്കുറിച്ച് വിശദമായി പഠിക്കുകയെന്നതാണ് ഒരു ബില്യൺ ഡോളർ മുടക്കിയിുള്ള ഇൻസൈറ്റ് റോബോട്ടിക് പ്രോപിലൂടെ നാസ ലക്ഷ്യമിട്ടിരിക്കുന്നത്. ഇൻസൈറ്റ് ചൊവ്വയിലിറങ്ങിയതിൽ കടുത്ത സന്തോഷം രേഖപ്പെടുത്തിയ മസ്‌ക് യുഎസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ചൊവ്വയിലേക്ക് പോകുന്നതിനുള്ള താൽപര്യം ഗൗരവമായി പ്രകടിപ്പിച്ചിരിക്കുന്നത്. മനുഷ്യൻ ചൊവ്വയിൽ വസിക്കുന്ന കാലം സംജാതമായാൽ ആദ്യം അവിടേക്ക് താമസം മാറുന്നവരുടെ കൂട്ടത്തിൽ താനുണ്ടാവുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

പിന്നീട് ഭൂമിയിലേക്ക് ഒരു തിരിച്ച് വരവുണ്ടാവില്ലെന്നും ചൊവ്വയിലേക്ക് താമസം മാറ്റാൻ താൻ 70 ശതമാനം സന്നദ്ധനായിരിക്കുന്നുവെന്നും മസ്‌ക് വിശദീകരിക്കുന്നു. ചൊവ്വയിലെ ജീവിതം പിക്നിക്കായിരിക്കില്ലെന്നും അവിടെയെത്തിയതിന് ശേഷം മിക്ക സമയവും താൻ അവിടെ ബേസ് നിർമ്മിക്കുന്നതിനായിരിക്കും യത്നിക്കുകയെന്നും മസ്‌ക് പറയുന്നു. അവിടുത്തെ പ്രതികൂലമായ കാലാവസ്ഥ കാരണം മരണത്തിനാണ് കൂടുതൽ സാധ്യതയെന്നും മസ്‌ക് അഭിപ്രായപ്പെടുന്നു.ചൊവ്വയിലെ ശരാശരി താപനില മൈനസ് 62 ഡിഗ്രിയാണ്. സൈബീരിയയിലേക്കാൾ ആറ് ഇരട്ടി അധികമുള്ള ഈ തണുപ്പിൽ ഭൂമിയിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് പിടിച്ച് നിൽക്കുക വളരെ പ്രയാമുള്ള കാര്യമായിരിക്കും.

ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു നാസയുടെ ഇൻസൈറ്റ് പ്രോബ് ചൊവ്വയിൽ ലാൻഡ് ചെയ്തിരുന്നത്.ചൊവ്വയുടെ അന്തരീക്ഷത്തിൽ 96 ശതമാനവും കാർബൺ ഡയോക്സൈഡാണ്. അതിനാൽ ഇവിടെയെത്തുന്നവർ സ്പേസ് ഹെൽമെറ്റ് എടുത്ത് മാറ്റിയാൽ അധികം വൈകുന്നതിന് മുമ്പ് തന്നെ ശ്വാസം മുട്ടി മരിക്കുമെന്നുറപ്പാണ്.ഇതിന് പുറമെ ചൊവ്വയിൽ വളരെ കുറഞ്ഞ ന്യൂനമർദമായതിനാൽ മനുഷ്യന്റെ ശ്വാസകോശത്തിലെ വായു പോലും വലിച്ചെടുക്കപ്പെട്ട് അപകടം സംഭവിക്കാം. കൂടാതെ രക്തത്തിലെ വാതകങ്ങൾ കുമികളായിത്തീരാനും ഇത് വഴിയൊരുക്കും. ഉമിനീരും കണ്ണീരും ചൂടാവുകയും ചെയ്യും.

എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ കെൽപുള്ള സ്പേസ് സ്യൂട്ട് ധരിച്ചാൽ ഇവിടെ കുറച്ച് കാലമെങ്കിലും കഴിയാമെന്നാണ് മസ്‌ക് പറയുന്നത്. ഭൂമിയുടെ 38 ശതമാനം ഗുരുത്വാകർഷബലം മാത്രമേ ചൊവ്വക്കുള്ളൂ. ഇതിനാൽ ചൊവ്വയിൽ വച്ച് ആരെങ്കിലും ഹൈ ജമ്പ് ചാടിയാൽ അത് ഒരു നിലയുള്ള കെട്ടിടത്തിന്റെ അത്ര ഉയരത്തിലെത്തിയേക്കാവുന്ന ചാട്ടമായി മാറുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വയിൽ ജീവിക്കുമ്പോഴുള്ള വെല്ലുവിളികൾ നാഷണൽ ജിയോഗ്രഫിക്ക് ചാനലിന്റെ ഏറ്റവും പുതിയ സീസണിൽ പ്രക്ഷേപണം ചെയ്തിരുന്നു.

ചൊവ്വയിൽ മനുഷ്യർ ഹൈഡ്രോഫോണിക് ഗാർഡനുകളായിരിക്കും സൃഷ്ടിക്കേണ്ടി വരുന്നതെന്ന് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ മണ്ണില്ലാതെ ആയിരിക്കും ചെടികൾ വളർത്തുന്നത്. ഇത്തരം ചെടികളിലൂടെയായിരിക്കും ഇവിടെ ആഹാരം ഉൽപാദിപ്പിക്കുന്നത്. ഇത്തരം ചെടികളിൽ നിന്നു അത്യാവശ്യം ശ്വസിക്കുന്നതിനുള്ള ഓക്സിജനും ലഭിക്കും. ചൊവ്വയിലെ സവിശേഷമായ അന്തരീക്ഷം കാരണം വേണ്ടത്ര വെയിൽ വേണ്ട ഊഷ്മാവിൽ ലഭിക്കാൻ സാധ്യത കുറവായതിനാൽ വെയിലിന് സമാനമായ കൃത്രി പ്രകാരം സൃഷ്ടിക്കേണ്ടി വരും. സസ്യങ്ങളുടെയും ചെടികളുടെയും വളർച്ചക്ക് ഇത് അത്യാവശ്യമായിരിക്കും.

പാളിപ്പോയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇൻസൈറ്റ് ദൗത്യം വിജയിച്ചിരിക്കുന്നത്. ചൊവ്വയുടെ ആന്തരിക തലത്തിലുള്ള രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിനുള്ള നിർണായകമായ ദൗത്യമാണിത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 16 അടിയോളം ആഴത്തിലുള്ള കാര്യങ്ങളായിരിക്കും ഇൻസൈറ്റ് നിരീക്ഷിക്കുന്നത്.ഇൻസൈറ്റിനായി സെൻസറുകൾ അടങ്ങിയ സിസ്മോമീറ്റർ ലണ്ടനിലെ ഇംപീരിയൽ കോളജിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ച് പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇൻസൈറ്റിനെ ചൊവ്വയിൽ അതീവ ശ്രദ്ധയോടെയും സുരക്ഷിതമായും ലാൻഡ് ചെയ്യിപ്പിക്കാന് കാലിഫോർണിയയിലെ പാസദേനയിലെ നാസ മിഷൻ കൺട്രോൾ കടുത്ത ശ്രദ്ധയാണ് പുലർത്തിയിരുന്നത്. നിലവിൽ ഇൻസൈറ്റിൽ നിന്നും ചൊവ്വയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ലോകം ജിജ്ഞാസയോടെ കാതോർക്കുകയാണ്.