മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് വേദിയൊരുക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2032ലെ ഒളിമ്പിക്‌സിന്റെയും 2030ലെ ഏഷ്യൻ ഗെയിംസിന്റെയും വേദികൾക്കായി അവകാശം ഉന്നയിക്കാനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഐ.ഒ. എ അധ്യക്ഷൻ എൻ.രാമചന്ദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ 2020ലെ ഏഷ്യൻ ബീച്ച് ഗെയിംസിന്റെ വേദിക്കും അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് അസോസിയേഷനെന്ന് രാമചന്ദ്രൻ പറഞ്ഞു.

ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്‌നമാകില്ല. ഒളിമ്പിക്‌സിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ലഭിക്കും. മൊത്തം പന്ത്രണ്ട് ബില്ല്യൺ ഡോളറാണ് ഗെയിംസിനായി ചെലവാകുക. ഇതിൽ ആറ് ബില്ല്യൺ ഡോളർ ഐ.ഒ.സി നൽകും. എങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരാണ് അന്തിമമായി അഭിപ്രായം പറയേണ്ടത്. ഒളിമ്പിക്‌സ് വേദി സംബന്ധിച്ച് താൻ അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ അധ്യക്ഷൻ തോമസ് ബാക്കുമായി സംസാരിച്ചിട്ടുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.2020ൽ ജപ്പാനാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ജലസിൽ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ജർമനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളോടാവും ഒളിമ്പിക് വേദിക്കുവേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കേണ്ടിവരിക എന്നു കരുതുന്നു. 1984ലെ ഡൽഹി ഏഷ്യൻ ഗെയിംസ്, 2010ലെ കോമൺവെൽത്ത് ഗെയിംസ്, കഴിഞ്ഞ വർഷത്തെ ഫിഫ അണ്ടർ 17 ഫുട്‌ബോൾ എന്നിവയാണ് ക്രിക്കറ്റ്, ഹോക്കി ലോകകപ്പുകൾക്ക് പുറമെ ഇന്ത്യ വേദിയൊരുക്കിയ വമ്പൻ മത്സരങ്ങൾ.