തൃശൂർ: ഹൈദരാബാദിനടുത്ത് നിസാമാബാദിലെ ബോധന്മണ്ഡലിലാണ് ജി. രാജന്റെ (35) വീട്. മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടി ജീവിച്ചയാളാണ് രാജൻ. ഇപ്പോഴും അതു തന്നെ തുടരുന്നു. ഒരു വ്യത്യാസം മാത്രം, പണ്ട് കൈനീട്ടിയത് ഭിക്ഷ യാചിക്കാനാണെങ്കിൽ ഇപ്പോൾ കൈനീട്ടുന്നത് അന്തസായി ലോട്ടറി വിൽക്കാനാണ്. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചു. രണ്ടു കാലുകളും അരയ്ക്കു താഴേക്കു ശോഷിച്ചു. രണ്ടു വട്ടം ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജന് 16 വയസ്സ് തികയും മുൻപ് അച്ഛൻ അഞ്ചയ്യയും അമ്മ ലക്ഷ്മിയും മരിച്ചു. രാജൻ ഒറ്റയ്ക്കായി. ഭക്ഷണം കഴിക്കാൻ മാർഗമില്ലാതായി. പട്ടിണി കിടന്നു മരിക്കുമെന്നായപ്പോൾ കോയമ്പത്തൂരിലേക്കു വണ്ടികയറി.

ഗാന്ധിപുരം ബസ് സ്റ്റാൻഡിലെത്തി യാത്രക്കാർക്കു മുന്നിൽ കൈനീട്ടിത്തുടങ്ങി. പിച്ചയെടുത്തു കിട്ടുന്ന പണം കൊണ്ടു വല്ലതും വാങ്ങിക്കഴിക്കും. സ്റ്റാൻഡിന്റെ മൂലയിൽ കിടന്നുറങ്ങും. നിലത്തിഴഞ്ഞ് കാലുകളിൽ വ്രണങ്ങളുണ്ടായി. പിന്നീട് യാചകർ ചക്രവണ്ടി ഒരെണ്ണം സംഘടിപ്പിച്ച് അതിലായി ഭിക്ഷയെടുപ്പ്. ആറേഴു വർഷം അങ്ങനെ കടന്നുപോയപ്പോൾ ഒരുദിവസം, ഒപ്പം പിച്ചയെടുക്കുന്ന കർണാടകക്കാരൻ രാജനോടു പറഞ്ഞു, കേരളത്തിൽ പോയാൽ എന്തെങ്കിലും പണിയെടുത്തു കഴിയാം. ആരുടെയും മുന്നിൽ കൈനീട്ടേണ്ട.

ട്രെയിൻ കയറി തൃശൂരിലെത്തിയത് 9 വർഷം മുൻപാണ്. ആദ്യത്തെ കുറച്ചുനാൾ അലയേണ്ടിവന്നു. ചെട്ടിയങ്ങാടിയിലെ വികാസ് ലോട്ടറി ഏജൻസിയിൽ നിന്നു ലോട്ടറി വാങ്ങി കച്ചവടം തുടങ്ങി. അന്നു മുതൽ ഇന്നുവരെ രാജൻ ആർക്കു മുന്നിലും യാചിച്ചിട്ടില്ല. സൗജന്യമായി ലഭിച്ചതൊന്നും സ്വീകരിച്ചിട്ടുമില്ല. ലോട്ടറി എടുക്കാൻ രാജനു മുന്നിൽ വാഹനം നിർത്തുന്ന ചിലർ അനുകമ്പ തോന്നി ഭിക്ഷയായി പണം നീട്ടും. സന്തോഷത്തോടെ പണം കൈനീട്ടി വാങ്ങിയശേഷം രാജൻ ലോട്ടറി ടിക്കറ്റുകൾ തിരികെ നൽകും.

കച്ചവടത്തിൽ നഷ്ടവും ലാഭവും മാറിമാറിവന്നാലും സൗജന്യം സ്വീകരിക്കില്ല. രാവിലെ ആറുമണിക്കു കച്ചവടം തുടങ്ങും. ലോട്ടറി വിറ്റുതീരുന്നതു വരെ ചക്രവണ്ടി കൈകൊണ്ടു തള്ളി നഗരം മുഴുവൻ സഞ്ചരിക്കും. ഓരോദിവസവും വണ്ടിയുന്തി പുതുക്കാട്, മണ്ണുത്തി, മുതുവറ തുടങ്ങിയ സ്ഥലങ്ങൾ വരെ മാറിമാറി സഞ്ചരിക്കാറുണ്ട്. വിറ്റുതീർന്നാൽ തിരിച്ചെത്തും. ലോട്ടറി ഏജൻസിയുടെ തിണ്ണയിൽ അന്തിയുറക്കം. ആരെന്തു വെറുതെ തന്നാലും വാങ്ങില്ലെന്നു തീരുമാനിച്ച് അധ്വാനിച്ചു ജീവിതം തുടങ്ങിയിട്ട് ഒൻപതു വർഷമാകുന്നു.

മാസത്തിൽ 20 ദിവസമേ രാജൻ തൃശൂരിലുണ്ടാകൂ. ബാക്കി 10 ദിവസം നിസാമാബാദിലെ സ്വന്തം വീട്ടിലേക്കു പോകും. കാരണം, ഭാര്യയും 8 മാസം പ്രായമുള്ള മകൻ രാജ്യവർധനും രാജനെ കാത്തുവീട്ടിലിരിക്കുന്നുണ്ട്. ലോട്ടറി വിറ്റുകിട്ടുന്ന പണം ഓരോ ആഴ്ചയും വീട്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴി അയയ്ക്കും. രണ്ടുവർഷം മുൻപായിരുന്നു കല്യാണം. സ്വന്തം കാലിൽ നിൽക്കാനാകുമെന്നു ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് കല്യാണത്തിനു തുനിഞ്ഞത്. ഓരോ തവണ വീട്ടിലേക്കു ട്രെയിൻ കയറുമ്പോഴും ഭാര്യയ്ക്കും മകനും എന്തെങ്കിലും സമ്മാനം കയ്യിൽ കരുതും. ഇത്തവണ ഒരു കുട്ടിയുടുപ്പ് വാങ്ങിയിട്ടുണ്ട്. സ്ഥിരമായി വണ്ടിയുന്തി ഇടതുകൈക്ക് ശക്തമായ വേദന തുടങ്ങിയതു മാത്രമാണ് രാജന്റെ പേടി. ഭാര്യയ്ക്കും മകനും താൻ മാത്രമേയുള്ളൂ എന്നു രാജനറിയാം.