മുംബൈ: ലോകത്തെ തന്നെ ധനാഢ്യരിൽ മുന്നിൽനിൽക്കുന്നയാളാണ് റിലയൻസ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷ് അംബാനി. മകകൾ ഇഷ അംബാനിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് മുകേഷും ഭാര്യ നിതയും ഇപ്പോൾ. ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹത്തിന് മുന്നോടിയായി അംബാനി ദമ്പതിമാർ മൂന്നുദിവസമായി അന്നദാനത്തിലാണ്. ഉദയ്പുരിൽ നടക്കുന്ന അന്നസേവയിൽ വെള്ളിയാഴ്ച മുതൽ പങ്കെടുത്തത് ആയിരങ്ങളാണ്. മുകേഷും നിതയും നേരിട്ടാണ് ഇവർക്ക് ഭക്ഷണം വിളമ്പി നൽകുന്നത്. അന്നദാനത്തിനെത്തിയതിൽ ഏറെപ്പേരും അംഗപരിമിതരോ തെരുവിൽ അന്തിയുറങ്ങുന്നവരോ ആണ്.

ഇഷ അംബാനിയും ആനന്ദ് പിരമാളുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് അന്നദാനം നടത്തുന്നത്. ഉദയ്‌പ്പുർ നഗരത്തോടുള്ള ബഹുമാനാർഥവും നഗരവാസികളുടെ അനുഗ്രഹത്തിനും വേണ്ടിയാണ് അന്നദാനം നടത്തുന്നതെന്ന് അംബാനി കുടുംബത്തിന്റെ പ്രസ്താനവയിൽ പറയുന്നു. ഡിസംബർ ഏഴുമുതൽ പത്തുവരെയാണ് ദിവസം മൂന്നുനേരം വീതം അന്നദാനം നടത്തിയത്. ഹോളിവുഡിൽനിന്നടക്കം അതിഥികളെ പ്രതീക്ഷിക്കുന്ന ആഡംബര വിവാഹത്തിന് മുന്നോടിയായി നടത്തിയ അന്നദാനത്തിന് നാരായൺ സേവാ സൻസ്ഥാനാണ് വേദിയായത്.

മുകേഷും നിതയും മക്കളും അന്നദാനത്തിൽ നേരിട്ട് പങ്കെടുത്തു. ഇവരെക്കൂടാതെ ആനന്ദിന്റെ മാതാപിതാക്കളായ അജയ്, സ്വാതി എന്നിവരും അന്ന സേവയിൽ ഭക്ഷണം വിളമ്പാനെത്തി. അന്നദാനത്തിന് പുറമെ, സ്വദേശ് ബസാർ എന്ന പേരിൽ പ്രത്യേക പ്രദർശനവും ഉദയ്‌പ്പുരിൽ അംബാനി കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ പരമ്പരാഗത കരകൗശല വസ്തുക്കളുടെയും വിൽപനയ്ക്ക് അവസരമൊരുക്കുന്നതാണ് ഈ പ്രദർശനം. സ്വദേശികളും വിദേശികളുമായ അതിഥികൾക്ക് ഇവ കാണാനും സ്വന്തമാക്കാനുമുള്ള അവസരം ഇവിടെയുണ്ടാകും.

കാഞ്ചീപുരം, ബനാറസ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതോളം വസ്ത്രനിർമ്മാതാക്കൾ സ്വദേശ് ബസാറിൽ പങ്കെടുക്കുന്നുണ്ട്. മറ്റു കരകൗശല വസ്തുക്കളുടെയും ഒട്ടേറെ പ്രമുഖരായ നിർമ്മാതാക്കൾ ഇവിടെയെത്തിയിട്ടുണ്ട്. അപൂർവങ്ങളായ ഈ കരകൗശലവസ്തുക്കളെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യവും സ്വദേശ് ബസാർ ലക്ഷ്യമിടുന്നു.

ഇന്നാണ് ഇഷ അംബാനിയും ആനന്ദ് പിരമാളും വിവാഹിതരാകുന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് മുൻ അമേരിക്കൻ പ്രഥമ വനിത ഹിലാരി ക്ലിന്റണടക്കമുള്ള പ്രമുഖ വ്യക്തികളെത്തുന്നുണ്ട്. ബോളിവുഡിൽനിന്ന് പ്രിയങ്ക ചോപ്ര, ഭർത്താവ് നിക്ക് ജോനാസ്, കരൺ ജോഹർ, വിദ്യബാലൻ തുടങ്ങിയവരും സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്ര സിങ് ധോനി തുടങ്ങിയവരും കുടുംബസമേതം പങ്കെടുക്കുമെന്നാണ്് കരുതുന്നത്.