ചുരുങ്ങിയകാലം കൊണ്ടുതന്നെ ബ്രിട്ടീഷുകാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് മേഘൻ മെർക്ക്ൽ. മെയ്‌ മാസത്തിലാമ് ഹാരി രാജകുമാരനും മേഘനുമായുള്ള വിവാഹം നടന്നതെങ്കിലും, അതിനുശേഷം പൊതു വേദികളിൽ അവർ നടത്തിയ ഇടപെടലുകളും പൊതുജനങ്ങളോടുള്ള അവരുടെ സമീപനവും മറ്റു രാജകുടുംബാംഗങ്ങളിൽനിന്ന് വ്യത്യസ്തമായ സ്വീകാര്യത മേഘന് നേടിക്കൊടുത്തു. ഈ സ്വീകാര്യതയാണ് ടൈം മാസികയുടെ പേഴ്‌സൺ ഓഫ് ദ ഇയർ അവാർഡിന്റെ അവസാന പത്തുപേരിലൊരായി അവരെ മാറ്റിയത്. ഈ വർഷത്തെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ ടൈം മാസികയുടെ മുഖചിത്രമായി വരും.

അവസാന പട്ടികയിലുള്ള മറ്റുള്ളവർ ആരൊക്കെയെന്ന് അറിയുമ്പോഴേ മേഘൻ കൈവരിച്ച നേട്ടത്തിന്റെ വലിപ്പം മനസ്സിലാകൂ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ്് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ട്രംപിന്റെ സ്‌പെഷ്യൽ ഉപദേഷ്ടാവ് റോബർട്ട് മ്യൂളർ, അടുത്തിടെ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ സൗദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി, അമേരിക്കയും ഉത്തരകൊറിയയുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ എന്നിവർ ചുരുക്കപ്പട്ടികയിലുണ്ട്.

2016-ൽ ടൈം പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയത് ട്രംപായിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേടിയ വിജയമായിരുന്നു അന്ന് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അന്നത്തെ തിരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് റോബർട്ട് മ്യൂളറാണ്. 2017-ലും തനിക്ക് മുഖചിത്രമാകാനുള്ള അവസരം കൈവന്നിരുന്നുവെങ്കിലും താനത് നിഷേധിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, അത് അസത്യമാണെന്ന് ടൈം മാസിക വ്യക്തമാക്കുന്നു.

വ്യക്തികൾ മാത്രമല്ല, സംഘടനകളും രാഷ്ട്രീയ വിഷയങ്ങളും ടൈം മാസികയുടെ കവറിലേക്ക് പരിഗണിക്കപ്പെടാറുണ്ട്. മാർച്ച് ഓഫ് ഔവർ ലൈവ്‌സ്, അമേരിക്കയിൽ വേർപിരിക്കപ്പെട്ട കുടിയേറ്റക്കാർ എന്നിവരും ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടാറുണ്ട്. 2007-ൽ ടൈം മാസികയുടെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ട വ്‌ളാദിമിർ പുട്ടിൻ രണ്ടാം തവണയാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നത്. ട്രംപും പുട്ടിനും ഇരുവർക്കുമിടയിലെ അവിശുദ്ധ ബന്ധം അന്വേഷിക്കുന്ന മ്യൂളറും പട്ടികയിൽ വന്നുവെന്നതാണ് മറ്റൊരു കൗതുകം.

അമേരിക്കയിൽ ട്രംപിനെതിരേ വലിയ വിമർശനമുയർത്തിയ സംഭവമാണ് കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയത്. അമേരിക്കൻ-മെക്‌സിക്കൻ അതിർത്തിയിൽനിന്ന് പിടിയിലായ 2500 കുട്ടികളെങ്കിലുമാണ് ഇത്തരത്തിൽ മാതാപിതാക്കളിൽനിന്ന് അകന്നുകഴിയേണ്ടിവന്നത്. നിസ്സഹായരായ കുട്ടികളുടെ ചിത്രങ്ങൾ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞതോടെ, ട്രംപിന് തന്റെ നിലപാടുകളിൽ അയവ് വരുത്തേണ്ടിവരികയും ചെയ്തിരുന്നു.