പോപ്പ് ഗായിക ബിയോൺസിന്റെ മാസ്മരിക പ്രകടനമുൾപ്പെടെയുള്ള പരിപാടികളുമായി ഉദയ്‌പ്പുരിലെ വിവാഹപൂർവ വിരുന്നുകൾ സമാപിച്ചു. നാലുദിവസമായി നടന്നുവന്ന വിരുന്നുകൾക്കുശേഷം ഇന്നെല്ലാവരും മുംബൈയിലേക്കെത്തുകയാണ്. അവിടെ, ആന്റിലയെന്ന 27 നില വീട്ടിൽ വിവാഹപ്പന്തൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ മുകേഷ് അംബാനിയുടെ മകൾ ഇഷയും ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം ഇന്നാണ്. ലോകത്തെതന്നെ ഏറ്റവും ചെലവേറിയ വിവാഹമായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്.

ഉദയ്‌പ്പുരിലെ വിവാഹവിരുന്നിൽ പങ്കെടുത്ത അതിഥികളെല്ലാം മുംബൈയിലെത്തിക്കഴിഞ്ഞു. വിവാഹത്തിനായി 27 നില ബംഗ്ലാവായ ആന്റിലയെ അണിയിച്ചൊരുക്കിയിട്ടുണ്ട്. ലോകപ്രശസ്തരായ സെലിബ്രിറ്റികളടക്കം നൂറുകണക്കിന് അതിഥികളാണ് ഇവിടേക്കെത്തുന്നത്. വിവാഹച്ചടങ്ങുകൾക്കും മറ്റുമായി അംബാനി ചെലവിടുന്നത് 70 കോടി രൂപയിലേറെയാണെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലിന്നേവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും ആർഭാടത്തോടെയുള്ള വിവാഹമാണിത്.

രാജസ്ഥാനിലെ ഉദയ്‌പ്പുരിൽ നടന്ന ആഘോഷച്ചടങ്ങുകളിൽ മുൻ അമേരിക്കൻ പ്രഥമവനിത ഹിലാരി ക്ലിന്റൺ, ബോളിവുഡ് സൂപ്പർത്താരങ്ങളായ പ്രിയങ്ക ചോപ്ര, ഭർത്താവും പോപ്പ് ഗായകനുമായ നിക്ക് ജോനാസ്, ഐശ്വര്യ റായി, ദീപിക പദുക്കോൺ, രൺവീർ സിങ്, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. ഉദയ്‌പ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും ഡിസ്‌കോകളുമൊക്കെ ഇതിനായി ബുക്ക് ചെയ്തിരിക്കുകയായിരുന്നു.

മൂന്നുലക്ഷം രൂപയോളം വിലപിടിപ്പുള്ള സ്വർണം പൂശിയ വിവാഹക്ഷണക്കത്തുമുതൽ അംബാനി തന്റെ മകളുടെ വിവാഹം കെങ്കേമമാക്കുമെന്ന സൂചനകളുണ്ടായിരുന്നു. വിവാഹപൂർവ വിരുന്നുകളുടെയും വിവാഹത്തിന്റെയും വിശദാംശങ്ങളെല്ലാം ചേർത്ത് വലിയൊരു ക്ഷണക്കത്താണ് തയ്യാറാക്കിയിരുന്നത്. ഓരോ കാർഡും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. മുക്കാൽമണിക്കൂർ നീണ്ട സംഗീതപരിപാടിക്കായി സാക്ഷാൽ ബിയോൺസിനെത്തന്നെ അംബാനി ഇന്ത്യയിലെത്തിച്ചു. 2014-ൽ അറുപതുലക്ഷം ഡോളർ പ്രതിഫലം വാങ്ങിയിരുന്ന ബിയോൺസിന് കോടികൾ നൽകേണ്ടിവന്നിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

ഹഫിങ്ടൺ പോസ്റ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് അരിയാന ഹഫിങ്ടൺ, 21സ്റ്റ് സെഞ്ച്വറി ഫോക്‌സ് സിഇഒ. ജയിംസ് മർഡോക്ക്, ബിപി ഗ്രൂപ്പ് സിഇഒ. ബോബ് ഡൂഡ്‌ലി തുടങ്ങി വ്യവസായ-സാമൂഹിക രംഗത്തെ ഒട്ടേറെ പ്രശസ്തർ വിവാഹത്തിനെത്തുന്നുണ്ട്.