ലോകത്തെന്തിനെക്കുറിച്ചും ഉത്തരം നൽകുന്ന സ്ഥാപനമാണ് ഗൂഗിൾ. അപ്പോൾ അതിന്റെ മേലധികാരിയെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാനാകുമോ? ഗൂഗിൾ സിഇഒ. സുന്ദർ പിച്ചെയോട് നിർത്താതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അമേരിക്കൻ സെനറ്റർമാർക്ക് അവസാനം ഉത്തരം മുട്ടിയെന്നുമാത്രം. ഗൂഗിളിന്റെ സാമൂഹിക, രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഹൗസ് ജുഡീഷ്യറി കമ്മറ്റി സുന്ദറിനെ തെളിവെടുപ്പിന് വിളിപ്പിച്ചത്.

കൺസർവേറ്റീവുകൾക്ക് എതിരായ ഫലങ്ങൾ നൽകുന്നുവെന്ന ആരോപണങ്ങളെത്തുടർന്നാണ് ഗുഗിൾ സിഇഒ.യിൽനിന്ന് സമിതി വിശദീകരണം ചോദിച്ചത്. എന്നാൽ, ഇത്തരം രാഷ്ട്രീയ വികാരങ്ങൾ അടിസ്ഥാനമാക്കിയല്ല ഗൂഗിളിന്റെ അൽഗൊരിതം പ്രവർത്തിക്കുന്നതെന്ന് സുന്ദർ മറുപടി നൽകി. ഒരു തരത്തിലുള്ള രാഷ്ട്രീയ പക്ഷപാതവുമില്ലാതെയാണ് സെർച്ച് എൻജിനിൽനിന്ന് വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും അടങ്ങിയ സമിതി ഗൂഗിളിന്റെ തിരച്ചിൽ രീതിയോടുള്ള എതിർപ്പ് സുന്ദർ പിച്ചെയെ അറിയിച്ചു. എന്നാൽ, ഗൂഗിളിന് അത്തരത്തിലൊരു മുൻവിധിയുമില്ലെന്നും ശുദ്ധമായ ശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ഗൂഗിൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഗൂഗിളിനെതിരേ രംഗത്തുവന്നിരുന്നു. സെർച്ച് എൻജിൻ ഉപയോഗിക്കുന്നവർക്ക് ഗൂഗിളിന്റെ താത്പര്യങ്ങൾ അനുസരിച്ചുള്ള ഫലങ്ങളാണ് ലഭിക്കുന്നതെന്ന അദ്ദേഹം ആരോപിച്ചിരുന്നു.

ഗൂഗിളിൽ ഇഡിയറ്റ് എന്ന് സെർച്ച് ചെയ്താൽ പ്രസിഡന്റ് ട്രംപിന്റെ ചിത്രങ്ങൾ വരുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ഡമോക്രാറ്റ് അംഗം സോയി ലോഫ്‌ഗ്രെന്റെ സംശയം. ഈ ചോദ്യത്തിന് തികച്ചും സാങ്കേതികമായാണ് സുന്ദർ മറുപടി നൽകിയത്. ആളുകൾ തിരയുന്ന കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നും സൂചകങ്ങൾ മനസ്സിലാക്കി ഗൂഗിളിന്റെ ഇൻഡെക്‌സിൽനിന്നുള്ള ഫലങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരശീലയ്ക്കുപിന്നിലിരുന്ന് ആരെങ്കിലുമൊരാൾ ചെയ്യുന്നതല്ല ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളിലെ ഒരു ജീവനക്കാരനോ അല്ലെങ്കിൽ ഒരു സംഘം ജീവനക്കാരോ വിചാരിച്ചാൽ ഇഷ്ടമുള്ളതരത്തിൽ പേജുകൾ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് കൃത്യമായ ചട്ടക്കൂടുണ്ട്. അതിലെ ലംഘിക്കുക മനുഷ്യസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മനുഷ്യർക്ക് ഇത്തരം കാര്യങ്ങളിൽ കൃത്രിമം കാട്ടാനാവുമെന്നാണ് താൻ കരുതുന്നതെന്ന് റിപ്പബ്ലിക്കൻ അംഗം ലാമർ സ്മിത്ത് പറഞ്ഞു. അതിനെയും ശാസ്ത്രീയമായ ഖണ്ഡിക്കാൻ സുന്ദറിനായി.

തന്റെ പേരക്കുട്ടിയുടെ ഐഫോണിൽ ലഭിച്ച ഒരു നോട്ടിഫിക്കേഷൻ സംബന്ധിച്ചായിരുന്നു മറ്റൊരു കോൺഗ്രസ് അംഗം സ്റ്റീവ് കിങ്ങിന്റെ പരാതി. എന്നാൽ, ഐഫോൺ മറ്റൊരു കമ്പനിയുടെ ഉത്പന്നമാണെന്നും ആപ്പിളാണ് ഐഫോൺ നിർമ്മിക്കുന്നതെന്നും സരസമായി സുന്ദർ മറുപടി പറഞ്ഞത് മറ്റംഗങ്ങളെയും രസിപ്പിച്ചു. ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം മാത്രമാണ് ഗൂഗിൾ നിർമ്മിക്കുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു. സ്വകാര്യത, വിവരശേഖരണം തുടങ്ങിയ വിഷയങ്ങളിലും സമിതിയുടെ സംശയങ്ങൾ ദൂരീകരിച്ചാണ് സുന്ദർ പിച്ചെ മടങ്ങിയത്.