തിരുവനന്തപുരം: തുടർച്ചയായി അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ബിജെപി മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിക്കുന്നത്. ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത് അർദ്ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരത്ത് ഹർത്താൽ നടത്തിയത്. പ്രദേശികമായി മറ്റു പല ഹർത്താലുകളും ഇതിനിടിയൽ പല ഭാഗത്തും ബിജെപി നടത്തി.

ശബരിമല പ്രശ്നത്തിൽ ഒരാൾ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് ഇപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ പുറത്തു വന്നിട്ടുള്ള മരണമൊഴി. ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ഈ ആത്മഹത്യയുടെ മറവിൽ ഹർത്താലിന് ആഹ്വാനം നൽകിയത്. ഇങ്ങനെ അപ്രതീക്ഷിതവും അനാവശ്യവുമായ ഹർത്താലുകൾ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബിജെപി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു