മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ പുത്രി ഇഷ അംബാനിയും(27)ടീശ്വര പുത്രനായ ആനന്ദ് പിരമാലും (33) തമ്മിൽ നടന്ന വിവാഹത്തിന്റെയും ആദ്യ ഫോട്ടോകൾ പുറത്ത് വന്നു. ഇവരുടെ ആദ്യത്തെ പോർട്രെയിറ്റ് ചിത്രത്തിലേക്ക് നോക്കി ഫാഷൻലോകം അതിശയത്തോടെ കണ്ണും മിഴിച്ചിരിപ്പാണ്. ഇതിലെ ഇഷയുടെ ഗ്ലാമറാണ് ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ചടങ്ങിന് അതിഥികളായെത്തിയ സൊസൈറ്റി ലേഡികളുടെയും താരനിരയുടെയും ഫാഷനുകളും ലോകം എമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇഷ അംബാനിയുടെ കല്യാണവിശേഷങ്ങൾ ഫാഷൻ ലോകത്തെ ചൂടൻ ചർച്ചയായിത്തീർന്നിരിക്കുകയാണ്.

മുംബൈയിൽ ഇഷയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 27 നിലകളുള്ള മന്ദിരത്തിൽ വച്ചായിരുന്നു ഈ അസാധാരണ വിവാഹം അരങ്ങേറിയത്. മുകേഷ് അംബാനി ആതിഥേയത്വം വഹിച്ച വിവാഹത്തിനായി ചെലവായിരിക്കുന്നത് 100 മില്യൺ ഡോളറാണ്. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ ഹില്ലാരി ക്ലിന്റൻ, അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോനാസ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ നിരവധി സെലിബ്രിറ്റികളായിരുന്നു വിവാഹത്തിനെത്തിയത്.

തന്റെ അമ്മയുടെ വിവാഹ സാരി ദുപ്പട്ടയെന്ന നിലയിൽ ധരിച്ച ഇഷയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബോവൺസിൽ നിന്നുള്ള പ്രൈവറ്റ് കൺസേർട്ട് അടക്കമുള്ള ആഡംബര ചടങ്ങുകൾ വിവാഹത്തിനോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. 41.5 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി തന്റെ സ്റ്റാറ്റസിന് യോജിക്കുന്ന വിധത്തിൽ തന്നെയാണ് ഈ വിവാഹം നടത്തിയിരിക്കുന്നത്. മോഡൽ നതാലിയ വോഡിയാനോവ, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കരീന കപൂർ കരിഷ്മ കപൂർ,സോനം കപൂർ,വിദ്യബാലൻ ഭർത്താവ് സിദ്ധാർത്ഥ റോയ് കപൂർ, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീരാംമാധവ്,റൺവീർ സിങ് , ദീപിക പദുക്കോൺ തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു. ഇതിന് പുറമെ മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും ചടങ്ങിന് മാറ്റ് കൂട്ടാനെത്തിയിരുന്നു.

വരനായ ആനന്ദ് പിരമാലിന്റെ കുടുംബത്തെ ഇഷയുടെ സഹോദരന്മാർ കുതിരപ്പുറത്തേറിയായിരുന്നു കാത്തിരുന്നത്. വിവാഹച്ചടങ്ങിനിടെ ഇത് സംബന്ധിച്ച ഫോട്ടോകൾ സ്വന്തം നിലയിൽ ഷെയർ ചെയ്യരുതെന്ന് ആനന്ദ് അതിഥികളോട് അഭ്യർത്ഥിച്ചിരുന്നു. നോ ഫോൺ പോളിസി ദമ്പതികൾ ചടങ്ങിൽ നിഷ്‌കർച്ചിരുന്നുവെങ്കിലും ചടങ്ങിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്തിരുന്നു.

വരന്റെയും വധുവിന്റെയും കുടുംബങ്ങൾക്ക് വർഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നാണ് റിപ്പോർട്ട്. വിവാഹത്തിന്റെയും തുടർന്ന് നടന്ന ചടങ്ങുകളുടെയും വാർത്ത വൻ പ്രാധാന്യത്തോടെയാണ് വിദേശ പത്രങ്ങളടക്കമുള്ളവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.