കാശത്തൊരു പഞ്ചനക്ഷത്ര ഹോട്ടൽ! ബോയിങ് പുറത്തിറക്കാനുദ്ദേശിക്കുന്ന പുതിയ 777എക്‌സ് ജെറ്റ് വിമാനങ്ങളുടെ ഡിസൈൻ മോഡലുകൾ കാണുന്ന ആരും ഇങ്ങനെ പറഞ്ഞുപോകും. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന മാസ്റ്റർ സ്യൂട്ട് റൂമുകൾ, ആഡംബരം വിളിച്ചോതുന്ന ഇന്റീരിയർ ഡിസൈൻ എന്നുവേണ്ട ആർഭാടത്തിന് തെല്ലും കുറവില്ല. ബിബിജെ 777എക്‌സ് വിമാനങ്ങൾക്ക് ഭൂഗോളത്തെ പാതിയോളം നിർത്താതെ ചുറ്റിസഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്.

ഡിസംബർ പത്തിനാണ് പുതിയ മോഡലിന്റെ ചിത്രങ്ങൾ ബോയിങ് പുറത്തുവിട്ടത്. ബോയിങ്ങിന്റെ ബിസിനസ് ജെറ്റ് മോഡലാണിത്. ബിബിജെ 777-8, ബിബിജെ 777-9 എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് ഇതിറങ്ങുന്നത്. വിവിഐപി കസ്്റ്റമേഴ്‌സിനായി പഞ്ചനക്ഷത്ര സൗകര്യത്തിൽ ഇത് മാറ്റി രൂപകൽപന ചെയ്യാനാകും. വലിയ കിടപ്പുമുറികളും ബാത്ത് റൂമുകളും സിനിമാശാലയും ബാറുമൊക്കെയായി എല്ലാ സൗകര്യങ്ങളും ഇതിലൊരുക്കാനാകും.

മിഡിൽ ഈസ്റ്റ് ബിസിനസ് ഏവിയേഷൻ അസോസിയേഷൻ ഷോയിലാണ് വിമാനത്തിന്റെ മാതൃക ബോയിങ് പുറത്തുവിട്ടത്. ഏറ്റവും സൗകര്യപ്രദമായതും ആഡംബരത്തോടെയും യാത്രചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന വിശിഷ്ടവ്യക്തികൾക്കായി രൂപകൽപന ചെയ്ത മോഡലെന്നാണ് ഇതേക്കുറിച്് ബോയിങ് ബിസിനസ് ജെറ്റ്‌സിന്റെ തലവൻ ഗ്രെഗ് ലക്‌സ്റ്റൺ പറഞ്ഞത്. ഗ്രീൻപോയിന്റ് ടെക്‌നോളജീസ്, ജെറ്റ് ഏവിയേഷൻ, യുണീക്ക് എയർക്രാഫ്റ്റ് ഡിസൈൻ എന്നീ മൂന്ന് ടീമുകൾ ചെയ്ത മോഡലുകളാണ് പ്രദർശിപ്പിച്ചത്.

തുടർച്ചയായി 21,570 കിലോമീറ്ററോളം സഞ്ചരിക്കാൻ ശേഷിയുള്ളവയാണ് ബിബിജെ 777-8 മോഡലുകൾ. 3256 ചതുരശ്ര അടിയാണ് ഇതിനുള്ളിലെ സ്ഥലം. ബിബിജെ 777-9 മോഡൽ തുടർച്ചയായി 20370 കിലോമീറ്റർ ഞ്ചരിക്കും. 3689 ചതുരശ്ര അടി ഉപയോഗയോഗ്യമായ സ്ഥലം ഇതിനുള്ളിലുണ്ട്. രണ്ട് മോഡലുകളും 2020-ഓടെ സർവീസിന് സജ്ജമാകുമെന്നും ബോയിങ് അധികൃതർ പറഞ്ഞു.

43 യാത്രക്കാരെയും 11 വിമാന ജീവനക്കാരെയും ഉൾക്കൊള്ളാവുന്ന വിധത്തിലാണ് സ്വിറ്റ്‌സർലൻഡ് കമ്പനിയായ ജെറ്റ് ഏവിയേഷൻ ഇതിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രത്യേക ലോഞ്ചുകൾ, സിനിമാ ഹാൾ, ഓഫീസ്, പ്രൈവറ്റ് വർക്ക് സ്‌പേസ്, അതിഥികൾക്കായുള്ള മൂന്ന് കിടപ്പുമുറികൾ, മാസ്റ്റർ സ്യൂട്ട് എന്നിവ ഇതിലുണ്ട്. മാസ്റ്റർ സ്യൂട്ടിനുമാത്രമായി പ്രത്യേകം ലോഞ്ച്, ഡ്രെസ്സിങ് ഏരിയ, ബാത്ത്‌റൂം എന്നിവയുമുണ്ട്.