രാഴ്ചമുമ്പ് തുടങ്ങിയതാണ് ആഘോഷങ്ങൾ. ലോകത്തേറ്റവും ചെലവേറിയ ചടങ്ങിലൂടെ ബുധനാഴ്ച മിന്നുകെട്ടിയെങ്കിലും ഇഷയുടെയും ആനന്ദിന്റെയും വിവാഹ വിരുന്നുകൾ അവസാനിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന്റെ വിരുന്നുകൾ ഇന്നലെയും തുടർന്നു.

ഹിലാരി ക്ലിന്റൺ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, സച്ചിൻ തെണ്ടുൽക്കർ, ഷാരൂഖ് ഖാൻ, ജോൺ കെറി തുടങ്ങി വിവിഐപികളുടെ സാന്നിധ്യംകൊണ്ട് ലോകം മുഴുവൻ വാർത്തയായി മാറിയ ഇഷ-ആനന്ദ് പിരമാൾ വിവാഹം ബുധനാഴ്ച അംബാനിയുടെ മുംബൈയിലെ ആന്റില ബംഗ്ലാവിലാണ് നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾത്തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

പത്തുകോടി ഡോളറെങ്കിലും ചെലവിട്ടാണ് അംബാനി മകളുടെ വിവാഹം നടത്തിയതെന്നാണ് കണക്കാക്കുന്നത്. പോപ്പ് ഗായിക ബിയോൺസ് അടക്കമുള്ള കലാകാരന്മാരും വിവാഹത്തിനെത്തിയിരുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി നടത്തിയ ഇന്നലത്തെ വിരുന്നിൽ മുകേഷും ഭാര്യ നിതയും കുടുംബാംഗങ്ങളും ആനന്ദിന്റെ മാതാപിതാക്കളായ അജയ് പിരമാളും സ്വാതിയും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ബുധനാഴ്ചത്തെ വിവാഹത്തിന് മുന്നോടിയായി ഉദയ്പുരിൽ മൂന്നുനാൾ നീണ്ടുനിന്ന വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇവിടേക്ക് ലോകമെമ്പാടും നിന്നായി വിശിഷ്ടാതിഥികൾ എത്തിയിരുന്നു. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും പൂർണമായും അംബാനി ബുക്ക് ചെയ്തിരുന്നു. ബുധനാഴ്ച ആന്റിലയിലേക്കുള്ള റോഡിന്റെ ഇരുവശവും ലൈറ്റുകൾകൊണ്ടും പൂക്കൾകൊണ്ടും അലങ്കരിച്ചിരുന്നു. വിവാഹത്തിനെത്തുന്ന സൂപ്പർത്താരങ്ങളെ കാണാൻ ആയിരങ്ങളാണ് റോഡിനുപുറവും കാത്തുനിന്നത്.

അടുത്തിടെ വിവാഹിതരായ ദീപിക പദുക്കോൺ, രൺവീർ സിങ് എന്നിവരും പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് എന്നിവരുമായിരുന്നു ചടങ്ങിൽ ഏറെ ശ്രദ്ധ നേടിയത്. അമിതാബ് ബച്ചൻ, ആമിർ ഖാൻ, ഭാര്യ കിരൺ റാവു, രജനീകാന്ത് , ഭാര്യ ലത, കരിഷ്മ കപൂർ, കരീന കപൂർ, ശില്പ ഷെട്ടി, വിദ്യബാലൻ, ഭർത്താവ് സിദ്ധാർഥ് റോയ്, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ മിക്കവാറും സൂപ്പർത്താരങ്ങളൊക്കെ വിവിധ വിരുന്നുകളിലായി ഇഷയെയും ആനന്ദിനെയും ആശംസിക്കാനെത്തി.