ന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമയവ്യത്യാസം വർഷത്തിൽ രണ്ടുതവണ രണ്ടുരീതിയിൽ മാറും. ശൈത്യകാലത്ത് അഞ്ചരമണിക്കൂറും വേനൽക്കാലത്ത് നാലരമണിക്കൂറും. എന്നാൽ, അതിനി സ്ഥിരമായി നാലരമണിക്കൂർ ആയി നിലനിന്നേക്കും. അടുത്ത സമ്മറോടെ ക്ലോക്ക് ഒരുമണിക്കൂർ മുന്നോട്ടുതിരിച്ചുവച്ചാൽ പിന്നീടത് മാറ്റേണ്ടെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ ആലോചന. ഏത് ടൈംസോണിൽ തുടരണമെന്ന് തീരുമാനിച്ച് ഏപ്രിലോടെ അറിയിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇക്കൊല്ലമാദ്യം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ബ്രിട്ടനും സ്ഥിരമായി ഒരു സമയം നിശ്ചയിക്കാൻ ആലോചിക്കുന്നത്.

ഓരോ രാജ്യവും 2019 ഒക്ടോബർ മുതൽ ഏതെങ്കിലും ഒരു ടൈം സോണിൽ നിലനിൽക്കണമെന്നാണ് യൂറോപ്യൻ നിർദ്ദേശം. സാധാരണ നിലയിൽ ഒക്ടോബറിൽ ഒരുമണിക്കൂർ പിന്നിലേക്ക് തിരിച്ചുവെക്കുന്ന ക്ലോക്ക്,, മാർച്ച് ഒടുവിൽ ഒരുമണിക്കൂർ മുന്നിലേക്കാക്കിയാണ് ടൈംസോണിൽ മാറ്റം വരുത്തുന്നത്. അടുത്ത മാർച്ച് ഒടുവിൽ ക്ലോക്ക് തിരിച്ച് ഒരുമണിക്കൂർ മുന്നോട്ടാക്കുന്നതോടെ, സമയവ്യത്യാസം നാലരമണിക്കൂറാകും. പിന്നീട് അത് നിലനിർത്തുകയാണ് ലക്ഷ്യമിടുന്നത്.

യൂറോപ്യൻ യൂണിയൻ കമ്മിഷൻ തലവൻ ജീൻ ക്ലോഡ് ജങ്കർ ഈ പ്രഖ്യാപനം നടത്തിയത് ഓഗസ്റ്റിലാണ്. യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്ന ബ്രിട്ടന് ഇത് ബാധകമാകുമോ എന്ന് സംശയം സ്വാഭാവികമായും ഉയർന്നിരുന്നു. സമയം ഒരുമണിക്കൂർ മുന്നോട്ടാക്കിവെക്കേണ്ട മാർച്ച് അവസാനമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പിരിയുന്നതും. എന്നാൽ, മേഖലയിലെ സമയമെല്ലാം ഒരേപോലെയാകുന്നതിന് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം പാലിക്കുന്നതിൽ തെറ്റില്ലെന്നാണ് ബ്രിട്ടീഷ് അധികൃതരും കരുതുന്നത്.

ഇംഗ്ലണ്ടിലെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പും നോർത്തേൺ അയർലൻഡിലെ ധനകാര്യവകുപ്പും തമ്മിൽ നടത്തിയ ഇ-മെയിൽ കത്തിടപാടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജങ്കറുടെ പ്രസ്താവന വന്ന് തൊട്ടുപിന്നാലെയായിരുന്നു വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം. വർഷം മുഴുവൻ ബ്രിട്ടീഷ് സമ്മർ ടൈം പിന്തുടരുന്നതാണ് യുക്തിയെന്ന് ഇംഗ്ലണ്ട് ബിസിനസ് വകുപ്പ് ഇ-മെയിലിൽ വ്യക്തമാക്കുന്നു. നോർത്തേൺ അയർലൻഡ് പ്രതിനിധി ഇത് ശരിവെക്കുന്നുമുണ്ട്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുന്നതോടെ, സമയം സംബന്ധിച്ച യൂറോപ്യൻ നിർദ്ദേശം അവർക്ക് പാലിക്കേണ്ടതില്ല. പക്ഷേ, പാലിക്കാതിരുന്നാൽ, പ്രായോഗികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. തൊട്ടയൽരാജ്യങ്ങളിൽപ്പലതും, പ്രത്യേകിച്ച് റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് യൂറോപ്യൻ യൂണിയൻ സമയം പിന്തുടരുമ്പോൾ, ഇംഗ്ലണ്ടിലേത് വ്യത്യാസപ്പെട്ടിരിക്കുന്നത് ഗതാഗതത്തിലുൾപ്പെടെ പലതരത്തിലും പ്രശ്‌നങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമയക്രമം ഒരേതരത്തിലാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിന് യൂറോപ്യൻ യൂണിയൻ 28 അംഗരാജ്യങ്ങളിലായി ഒരു അഭിപ്രായ സർവേ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത 46 ലക്ഷം പേരിൽ ഭൂരിപക്ഷവും ഒരേ ടൈംസോൺ പിന്തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. സർവേയിലെ പങ്കാളിത്തത്തെക്കുറിച്ച് പിന്നീട് വലിയതോതിൽ ആക്ഷേപവും ഉയർന്നിരുന്നു. ജർമനിയിൽനിന്ന് മൂന്നുലക്ഷത്തോളംപേർ പങ്കെടുത്തപ്പോൾ, ഫ്രാൻസിൽനിന്ന് 41,000 പേരും ബ്രിട്ടനിൽനിന്ന് 13,000 പേരും മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.