കൊച്ചി: രണ്ടുകാലിനും ഒരു കൂഴപ്പവുമില്ലാത്ത ഒരു കുട്ടിയെ ചെറുപ്പം മുതൽ ഊന്നുവടികൾ ശീലിപ്പിച്ച് മൂന്നാംപാദം കൊടുക്കുന്നതുപോലെയാണ് അവന്റെ മനസ്സിലേക്ക് മതം കയറ്റിവിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. കൊച്ചി ടൗൺഹാളിൽ ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസൻസ് ക്ലബിന്റെ വാർഷിക സമ്മേളനമായ എസ്സൻഷ്യ 18ൽ 'ഭഗത്സിങും മൂന്നാം പാദവും' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. നാസ്തികത എന്നത് രണ്ടുകാലിലുള്ള സ്വതന്ത്രമായ നിൽപ്പാണ്. മതം പോലുള്ള ഊന്നുവടികളുടെയും കൃത്രിമമായ ആശ്വാസങ്ങളുടെയും ആവശ്യമില്ല. ഇത് കൃത്യമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ഭഗത്സിങ്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിൽ എഴുതിയ 'എന്തുകൊണ്ട് ഞാൻ നാസ്തികനായി' എന്ന പുസ്തകത്തിൽ ഇക്കാര്യം ഭഗത്സിങ് വ്യക്താമയി പറയുന്നുണ്ട്. എന്നാൽ ഒരു നാസ്തികൻ എന്ന നിലയിൽ ഭഗത്സിങിനെ അധികമാരും വിലയിരുത്തിയിട്ടില്ല. തന്റെ കൂടെയുള്ള വിപ്ലവകാരികൾ എല്ലാവരും വിശ്വാസികൾ ആയി തുടരുമ്പോഴും ഭഗത്സിങ് മതം ഒരു അസംബന്ധമാണെന്ന നിലപടാണ് എടുത്തത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.


ഡിസംബർ 25് എറണാകളും ടൗൺഹാളിൽ രാവിലെ മുതൽ 25ഓളം പ്രഭാഷകരാണ് സംസാരിച്ചത്. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി രാത്രി എട്ടുമണിക്ക് സമാപിക്കുമ്പോഴും തിങ്ങി നിറഞ്ഞ ജനക്കൂട്ടമായിരുന്നു. 'സ്വാതന്ത്ര്യമാണ് എന്റെ മതം'എന്ന മുദ്രാവാക്യമായിരുന്നു ഇത്തവണ എസ്സൻസ് സെമിനാർ സ്വീകരിച്ചത്.

സജീവൻ അന്തിക്കാട്, ജോസ് കണ്ടത്തിൽ, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരൻ (ബംഗളൂരു), ഷാജു തൊറയൻ, മണികണ്ഠൻ ഇൻഫ്രാകിഡ്‌സ് (ബംഗളൂരു), എതിരൻ കതിരവൻ (യുഎസ്എ), ഡോ. ഹരീഷ്‌കൃഷ്ണൻ, സനിൽ കെ.വി., ഡോ.സാബു ജോസ്, ധന്യാ ഭാസ്‌കരൻ, ബിജുമോൻ എസ്‌പി., സുരേഷ്ബാബു (ബംഗളൂരു), ഡോ.കെ.എം.ശ്രീകുമാർ, സനോജ് കണ്ണൂർ, ഡോ. രാഗേഷ്, ഡോ. പ്രസന്നൻ (ഓസ്‌ട്രേലിയ), മൃദുൽ ശിവദാസ്, ഡോ.സുനിൽ കുമാർ, മാവൂരാൻ നാസർ, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

ചരിത്രത്തിൽ ആദ്യമായി ചെറുപ്പക്കാരായ നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിച്ച 'എലൈറ്റ് 18' ലാണ് പരിപാടിയാണ് എറ്റവും ശ്രദ്ധേയമായത്. എസെൻസ് റിസോഴ്‌സ് പേഴ്‌സൺമാരായ കൃഷ്ണപ്രസാദ്, ശിബു, മനുജ മൈത്രി, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ചർച്ച നയിച്ചത്. എസെൻസ് റിസോഴ്‌സ് പേഴ്‌സണും കവിയുമായ ആർ. അജിത് കുമാർ മോഡറേറ്ററായിരുന്നു. നേരത്തെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ലിറ്റ്മസ് സെമിനാറിലെ പ്രഭാഷണങ്ങൾ ചേർന്ന പുസ്തകത്തിന്റെ 'സ്വതന്ത്ര ചിന്തകരുടെ സുവിശേഷം' പ്രകാശനവും ചടങ്ങിൽ നടന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.രണ്ടാം ദിവസം എസൻസ് അംഗങ്ങൾ ചേർന്ന് കൊച്ചിയിൽനിന്ന് കടലിലേക്ക് വിനോദയാത്രയും നടത്തി.