തിരുവനന്തപുരം: വൻശമ്പളം നൽകി കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരെ ജോലിക്കെടുത്ത് തുടങ്ങിയ അംബാനിയുടെ ന്യൂസ് 18 ചാനലിൽ പീഡന ആരോപണവും ആത്മഹത്യാ ശ്രമവും. ചാനലിലെ പ്രമുഖ അവതാരകനായ ഇ സനീഷ് അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്ന പേരിൽ ഒരു മാധ്യമ പ്രവർത്തക നൽകിയ പരാതി ഗൗരവമായി എടുക്കാതിരുന്ന മാനേജ്‌മെന്റ് ആ മാധ്യമ പ്രവർത്തകയ്ക്ക് പിരിച്ചുവിടൻ നോട്ടീസ് നൽകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരാതിക്കാരിയായ വനിതാ മാധ്യമ പ്രവർത്തക ഇന്ന് വൈകുന്നേരത്തോടെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവാദം പുകയുകയാണ്.

ആലപ്പുഴ സ്വദേശിനിയാ വനിതാ മാധ്യമപ്രവർത്തകയാണ് ഇന്ന് വൈകുന്നേരത്തോടെ ഉറക്ക ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി തിരുവനന്തപുരം അനന്തപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അവതാരകൻ സനീഷ് അശ്ലീല വാക്കുകൾ ഉപയോഗിച്ച അവഹേളിച്ചതായി കാണിച്ച് ഈ പെൺകുട്ടി മൂന്ന് മാസം മുമ്പാണ് ചാനൽ മേധാവിക്ക് പരാതി നൽകിയത്. എഡിറ്റർ രാജീവ് ദേവ്രാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്‌ത്തിയെന്നാണ് ആരോപണം.

ഇതോടെ പെൺകുട്ടിക്ക് അവിടെ നിലനിൽപ്പ് ദുഷ്‌ക്കരമായി. പരാതി പിൻവലിക്കാൻ പറഞ്ഞില്ലെങ്കിലും കഴിവ് കുറഞ്ഞെന്ന കാരണം പിരിച്ചുവിടൽ നോട്ടീസാണ് പെൺകുട്ടിയെ തേടി എത്തിയത്. പെൺകുട്ടിയെ പിരിച്ചുവിടാൻ തീരുമാനിച്ചുള്ള സർക്കുലർ കഴിഞ്ഞ ദിവസം രാജീവ് പെൺകുട്ടിക്ക് കൈമാറിയിരുന്നു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി രണ്ട് ദിവസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. അവധിയിലായിരുന്ന പെൺകുട്ടി ഇന്ന് ഉച്ചയ്ക്ക് ഓഫീസിലെത്തി രാജീവിനെ വന്നു കണ്ടു. ദീർഘനേരം സംസാരിച്ചെങ്കിലും, തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് രാജീവ് നൽകിയത്. ന്യൂസ് 18 മാനേജ്‌മെന്റിന്റെ തീരുമാനമാണ് താൻ നടപ്പിലാക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം കൈയൊഴിഞ്ഞു.

ഇതോടെ കരഞ്ഞ് കൊണ്ടാണ് ഈ കുട്ടി എഡിറ്റരുടെ ക്യാബിനിൽ നിന്ന് പുറത്ത് പോയത്. തുടർന്ന് ഓഫീസ് വിട്ട പെൺകുട്ടിയെ സഹപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകുന്നേരത്തോടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം സഹപ്രവർത്തകർ അറിയുന്നത്. ചില സുഹൃത്തുക്കളെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സഹപ്രവർത്തകർ അവർ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഉറക്കഗുളിക അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കാണപ്പെട്ട പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കഴക്കൂട്ടത്തെ ടിസിഎസ് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കൂടുതൽ മികച്ച ചികിൽസയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയത്. തൊഴിൽ സ്ഥലത്തെ പീഡനം തടയുന്നതിനു സുപ്രീം കോടതി നിർദ്ദേശപ്രകാരം വിശാഖ സമിതി പ്രവർത്തിക്കുന്ന ഓഫീസാണ് ന്യൂസ് 18 ന്റേത്. എന്നാൽ, പെൺകുട്ടി ഇത്തരമൊരു അവതാരകനെതിരെ പരാതി നൽകിയിട്ടും അത് സമിതിക്ക് കൈമാറാതെ എഡിറ്റർ രാജീവ് ദേവ് രാജ് പൂഴ്‌ത്തി വയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ മറ്റ് മാധ്യമപ്രവർത്തകർക്ക് അമർഷമുണ്ടായിരുന്നു.

ചാനലിന്റെ ആദ്യ ഘട്ടം മുതൽ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവർത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയുംപിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നത്. ചാനലിന്റെ നടപടിയിൽ അമർഷം രേഖപ്പെടുത്തി കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി നാരായണൻ ഇന്ന് രംഗത്തെത്തിയിരുന്നു. ചാനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലർ. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ തൊഴിൽ നിയമങ്ങളൊന്നും തന്നെ ബാധകമല്ലെന്ന രീതിയിലാണ് ചാനലിന്റെ എച്ച് ആർ മാനേജർ പെരുമാറുന്നതെന്ന് നാരായണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒരു വനിതാ ജേർണലിസ്റ്റിനെ നിർബന്ധിച്ച് രാജിവെപ്പിച്ചു. ഇപ്പോൾ പ്രമുഖയായ വനിതാജേർണലിസ്റ്റ് ഉൾപ്പെടെ ഏഴുപേരെ മാനസികമായി സമ്മർദ്ദം ചെലുത്തുകയും പിരിച്ചുവിടൽ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. തലപ്പത്തിരിക്കുന്ന ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് ഇത്തരം സമീപനങ്ങൾക്കു പിന്നിലെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചിരുന്നു.

17 പേർക്ക് പെർഫോമൻസ് ഇല്ലെന്നതിന്റെ പേരിൽ നോട്ടീസ് നൽകിയിരുന്നു ചാനൽ. ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് മാനേജ്‌മെന്റ് അധികൃതർ. റിലയൻസ് ചാനലായ ന്യൂസ് കേരള 18ന്റെ ഓഫീസിൽ എല്ലാം കമ്പ്യൂട്ടർ നിയന്ത്രിതമാണ്. വാതിലുകൾ തുറക്കണമെങ്കിൽ പോലും ഐഡന്റിറ്റി കാർഡ് സ്വൈപ്പ് ചെയ്യണം. രാജി വച്ചില്ലെങ്കിൽ ഈ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജീവനക്കാർ ഉന്നയിച്ചിരുന്നു.

രണ്ട് ദിവസം മുമ്പാണ് ട്രെയിനി പെൺകുട്ടിയെ വിളിച്ചു വരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തന്നെ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ എടുത്തതാണെന്നും ഒരു കാരണവശാലും രാജി വയ്ക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ഓഫീസിൽ കയറാനുള്ള സ്വൈപ്പിങ് സംവിധാനം പോലും എടുത്തു കളയുമെന്നും ഇനി ഒരു ചാനലിലും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയത്. ഇതോടെ സമ്മർദ്ദത്തിലായ പെൺകുട്ടി രാജി നൽകുകയായിരുന്നു. ഇങ്ങനെ കടുത്ത ഭീഷണികൾ മുഴക്കിയാണ് മാനേജ്‌മെന്റ് അധികൃതർ അവരുടെ കാര്യങ്ങൾ നടപ്പിലാക്കിയിരുന്നത്. ഇതിന്റെ പ്രതിഫലനാണ് ഒരു മാധ്യമപ്രവർത്തകയുടെ ജീവൻ പോലും പോകുന്ന ഘട്ടത്തിൽ എത്തിയത്.

ഏറെ പ്രതീക്ഷയോടെയാണ് അംബാനി കേരളത്തിൽ ന്യൂസ് ചാനൽ തുടങ്ങിയത്. ലക്ഷങ്ങൾ ശമ്പളം നൽകി പലരേയും എത്തിച്ചു. എന്നാൽ റേറ്റിംഗിൽ ഒരു പരിപാടിക്കും മുമ്പോട്ട് കുതിക്കാനായില്ല. രാത്രിയിലെ ചർച്ചയിലും നേട്ടം ഉണ്ടാക്കാനായില്ല. ഇതോടെ വമ്പൻ ശമ്പളം നൽകുന്നവരെ വേണമോ എന്ന ചിന്ത ചാനലിൽ സജീവമായി. ചാനൻ ലാഭത്തിലേക്ക് കടക്കാതെ വന്നതോടെ അംബാനി ഗ്രൂപ്പ് കണക്കെടുപ്പുകൾ തുടങ്ങിയിരുന്നു. ഈ കണക്കെടുപ്പിൽ അവസാനം വന്ന തീരുമാനമായിരുന്നു ജീവനക്കാരെ പിരിച്ചുവിടുക എന്നത്. ഈ തീരമാനം നടപ്പിലാക്കാനുള്ള ദൗത്യം എഡിറ്റോറിയൽ തലപ്പത്തുള്ള രാജീവ് ദേവരാജിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ തീരമാനമാണ് ഇപ്പോൾ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തിൽ എത്തിയിരിക്കുന്നത്.