നൈനിറ്റാളിൽ വീടിനുള്ളിൽ നിന്നും ദ്രുതകർമ്മ സേന കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിനുള്ളിലെ മേശയ്ക്കടിയിലാണ് പാമ്പ് പതുങ്ങിയിരുന്നത്. രാജവെമ്പാലയെ പിടികൂടുന്നത് കാണാൻ വീടിനു ചുറ്റും നിരവധി ആളുകളാണ് തടിച്ചു കൂടിയത്. വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടു വന്ന പാമ്പിനെ ചാക്കിലാക്കുന്നതിനിടെ കഴുത്തിൽ ചുറ്റി. പാമ്പിനെ പിടികൂടുന്ന ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് കുമാർ വർമയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

പാമ്പിനെ ചാക്കിലാക്കാൻ ശ്രമിച്ചപ്പോൾ അത് കഴുത്തിലേക്ക് വാൽ ചുറ്റുന്നത് കണ്ടവർ ഒന്നടങ്കം പരിഭ്രമിച്ചു. എന്നാൽ സുരക്ഷിതമായി പാമ്പിനെ ചാക്കിലാക്കിയതോടെ എല്ലാവർക്കും ആശ്വാസമായി. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. ആ ദൃശ്യവും ഇതോടൊപ്പം ആകാശ് കുമാർ വർമ പങ്കുവച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.