തിരുവനന്തപുരം: പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ വിജിലൻസിന്റെ പല്ല് പൊഴിച്ചു. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല.

വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. പമ്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ തള്ളിയ സർക്കാർ, മണൽനീക്കം ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെന്നാണ് വിശദീകരിക്കുന്നത്.

ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നാണ് സർക്കാർ വിശദീകരണം. ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണൽ മാറ്റണമെന്നും അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ അനുമതി നൽകിയതെന്നും സർക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.