ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ അങ്ങോളം ഇങ്ങോളം പെരുമഴ തകർത്തു പെയ്തു. എങ്ങും ഇടിവെട്ടും മഴയും തകർത്തതോടെ ജനജീവിതം ദുസ്സഹമായി. മഴ കനത്തതോടെ ഒരു ഷോപ്പിങ് സെന്ററിൽ നിന്നും ആളുകളെ ധൃതിപിടിച്ച് ഒഴിപ്പിക്കുകയും പെരുമഴയിൽ കാറുകളിൽ കുടുങ്ങിയ ഡ്രൈവർമാരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇന്നലെ ഉച്ചതിരിഞ്ഞ് തിമിർത്തു പെയ്ത പെരുമഴയിൽ ഒറ്റമണിക്കൂർ കൊണ്ടു തന്നെ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. ചെംസ്ഫോർഡ് സിറ്റി പൂർണമായു വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് മെഡോ ഷോപ്പിങ് സെന്ററിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെ മഴയും ഇടിവെട്ടും ശക്തമായതിനെ തുടർന്ന് ഇവിടെ ഫയർ അലാറം മുഴക്കി.

ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും ഞായറാഴ്ചയും മഴ കനക്കുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. ചിലപ്പോൾ മഴ തിങ്കളാഴ്ചയും തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ കനത്ത മഴ ഇന്നും തുടരും. അതിനാൽ വെള്ളപ്പൊക്കം ഉണ്ടായേക്കുമെ്നും ഗതാഗത തടസ്സം നേരിട്ടേക്കാമെന്നും മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി.

ചെംസ്ഫോർഡ് സിറ്റിയുടെ പകുതി ഭാഗവും വെള്ളത്തിനടിയിലാണ്. സ്റ്റോട്ട്ഫോർഡിൽ കാറിൽ കുടുങ്ങിയ ഡ്രൈവർമാരെ രക്ഷാപ്രവർത്തകരെത്തിയാണ് പുറത്തെടുത്തത്. റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതിനാൽ പല ഭാഗങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടാകുകയും ചെറിയ ചെറിയ അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

മഴയെ തുടർന്ന് റോഡുകൾ പലതും അടച്ചതിനാൽ റോഡുകളിലെ ഡ്രൈവിങ് സാഹചര്യവും പ്രയാസമുള്ളതായി മാറിയിരിക്കുകയാണ്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്നും റോഡുകൾ വെള്ളത്തിൽ തന്നെ ആയിരിക്കും. ഇവിടെ നിന്നും വെള്ളം ഇറങ്ങാൻ സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. കെന്റ്, കാന്റർബറി എന്നിവിടങ്ങളിൽ ശനിയാഴ്ച 24.1 മി.മി മഴയാണ് ഒരു മണിക്കൂർ കൊണ്ട് പെയ്തിറങ്ങിയത്.

ഇതോടെ ഈ പ്രദേശങ്ങളും വെള്ളത്തിലായി. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും വെയിൽസിലും ഞായറാഴ്ചയും കനത്ത മഴ തുടരും. ഇംഗ്ലണ്ടിന്റെ വടക്കൻ പ്രദേശങ്ങളിലും കിഴക്കൻ തീരത്തും മഴമാറിയേക്കും. മഴയേയും മോശം കാലാവസ്ഥയേയും തുടർന്ന് റെഡ് ആരോസിന്റെ മൂന്ന് ഫ്ളൈ പാസ്റ്റുകൾ റദ്ദാക്കി. മഴയ്ക്ക് പുറമേ ഈ വീക്കെൻഡ് തണുത്തുറഞ്ഞതായി മാറുമെന്നും റിപ്പോർട്ട് ഉണ്ട്.

തെക്കൻ ഇംഗ്ലണ്ടും വെയിൽസും ആയിരിക്കും ഏറ്റവും വെള്ളമുള്ള പ്രദേശം. ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ 30 മി.മി മുതൽ 40 മി.മിറ്റർ മഴയാണ് ഇവിടെ പെയ്തത്. ഇടിവെട്ടും മിന്നലും തണുത്ത കാറ്റും ജനജീവിതത്തെ ബാധിച്ചു. വെ്റ്റ് മിഡ്ലാൻഡ്സിൽ അഞ്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എൻവയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയുടെ ഒരു വലിയ ഭൂവിഭാഗത്തു തന്നെ മഴയും ഇടിവെട്ടും അടുത്ത ആഴ്ചയും തുടരുമെന്നാണ് റിപ്പോർട്ട്.