തിരുവനന്തപുരം: കോവിഡിന്റെ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും നാളെ ഒരു കാലത്ത് എങ്ങനെയെങ്കിലും പിടിച്ചു കയറുമെന്ന ഇച്ഛാശക്തി മനസ്സിൽ കെടാതെ സൂക്ഷിക്കണമെന്ന് പ്രമുഖ മനോരോഗ ചികിത്സകൻ ഡോ.സി ജെ. ജോൺ അഭിപ്രായപ്പെട്ടു. സഹ ജീവിയുടെ സങ്കടങ്ങൾ കേൾക്കുകയും, ആപത്തു കാലത്തു പിന്തുണയ്ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്മ വന്നാൽ മാത്രമേ കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്ട് റീച് ബ്യൂറോ സംഘടിപ്പിച്ച ഫേസ് ബുക്ക് ലൈവ് പരിപാടിയിൽ ദുരന്തങ്ങളെ തോൽപ്പിച്ചു മുന്നേറാം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഡോ.സി ജെ. ജോൺ. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള വിഷാദം അനുഭവിക്കുന്നവർക്ക് വേണ്ടത് നാല് കാലിൽ വീഴുന്ന ഒരു പൂച്ചയുടെ മനസ്സാണ്. പൂച്ച എങ്ങനെ വീണാലും നാല് കാലിൽ നിൽക്കും. തൊഴിൽ നഷ്ടത്തിന്റെ കാലത്തു് ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. ചെയ്തുകൊണ്ടിരുന്ന ജോലി മാത്രമേ ചെയ്യൂ എന്ന ശാഠ്യം പാടില്ല. നമ്മുടെ വൈഭവം ഉപയോഗിച്ച് ഈ കാലഘട്ടത്തിനു ചേർന്ന എന്ത് ചെയ്യാൻ പറ്റുമോ അത് ചെയ്ത് പിടിച്ചു നിൽക്കുകയും ഒരു പക്ഷെ ഈ കാർമേഘം അകന്നു കഴിയുമ്പോൾ നാം ചെയ്തു വന്നിരുന്ന ജോലിയിലേക്ക് തിരിച്ചു വരാനുള്ള ഒരു തുറന്ന മനസ്സുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ തിരിച്ചു പിടിച്ച ഒട്ടേറെ ജീവിതങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആത്മവിശ്വാസം നൽകുന്ന ഈ മാതൃക എല്ലാവർക്കും അവലംബിക്കാവുന്നതാണ്.

കോവിഡിന്റെ അനിശ്ചിതത്വം ഒരു യാഥാർഥ്യമാണ്. പക്ഷെ ഈ രോഗത്തെ ശാസ്ത്രം കീഴടക്കി സാധാരണ ജീവിതം സാധ്യമാക്കുമെന്നതിൽ ആശങ്ക വേണ്ട. ആ പ്രത്യാശ ഏവരുടെയും മനസ്സിൽ ഉണ്ടായിരിക്കണം. ഏത് ദുരന്തം വരുമ്പോഴും മനുഷ്യർക്ക് അവയെ അതിജീവിച്ചേ പറ്റൂ. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവയുമായി സമരസപ്പെട്ടു മുന്നോട്ടു കുതിക്കാനുള്ള ഇച്ഛാശക്തിക്കൊപ്പം, ആ ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ കൂടി ചേരുമ്പോഴാണ് യഥാർത്ഥ അതിജീവനം ഉണ്ടാകുന്നതെന്ന് ഡോ. ജോൺ ചൂണ്ടിക്കാട്ടി. കോവിഡ് രോഗബാധ ജീവിതചര്യകളിൽ പുതിയൊരു ചിട്ടയും ക്രമവും ആവശ്യപ്പെടുന്നു. മുഖാവരണവും കൈകഴുകലുമൊക്കെയായി നാം സമരസപ്പെട്ടു. പക്ഷെ കോവിഡിന്റെ ഈ ചിട്ടകളിൽ സാമൂഹിക അകലവുമായി നാം അത്ര തന്നെ പൊരുത്തപ്പെട്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെയാണ് സമ്പർക്ക കേസുകൾ ദിനം പ്രതി കൂടി വരുന്നത്. നിരവധി പേർക്ക് കോവിഡ് ഭീതികളുണ്ട്. എന്നാൽ സൃഷ്ടിപരമായ ഭയം ഉണ്ടായിട്ടില്ല. പെരുമാറ്റങ്ങൾ കുറച്ചു കൂടി ചിട്ടപ്പെടുത്തുന്നതിലേയ്ക്ക് നയിക്കുന്നതാണ് സൃഷ്ടിപരമായ ഭയം. കോവിഡ് കാലത്തു ഒരു പുതിയ ഗാർഹികാ ന്തരീക്ഷം രൂപപ്പെടുത്തണം. സ്ത്രീകൾക്ക് അധിക ജോലി ഭാരവും സംഘർഷങ്ങളും കൂടുന്നു. ഗാർഹിക പീഡനത്തിന് കൂടുതലായി ഇരയാകുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമുള്ള സംഘർഷങ്ങൾ കുടുംബ ജീവിതത്തെ ബാധിക്കാതെ നോക്കണം. കുട്ടികളുടെ ആത്മഹത്യാ കണക്കുകൾ ആത്മപരിശോധനയ്ക്കു വഴിയൊരുക്കണം. ആരോഗ്യകരമായ രീതിയിലാവണം മനസ്സിന്റെ പിരിമുറുക്കങ്ങളെ കീഴടക്കേണ്ടത്. മദ്യപാനം, ലഹരി പദാർത്ഥങ്ങൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. കൂടുതൽ ദുരന്തങ്ങളിലൂടെയുള്ള തിരിച്ചടികൾ ഒഴിവാക്കാൻ പ്രകൃതിയെ കുറെ കൂടി സ്‌നേഹിക്കണമെന്നും ഡോ.സി . ജെ. ജോൺ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു. റീജിയണൽ ഔട്ട് റീച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ. എ. ബീനയാണ് ഡോ. ജോണുമായി അഭിമുഖം നടത്തിയത്.