കാശത്ത് കൂടി പോകുന്ന അടി ഏണിവച്ച കയറി വാങ്ങുന്ന ചിലരെയൊക്കെ നമ്മൾ നാട്ടിൽ കാണാറുണ്ട്. എത്രയൊക്കെ ഒഴിഞ്ഞു പോകാൻ ശ്രമിച്ചാലും പിന്നാലെ ചൊറിഞ്ഞു നടന്ന് അടിവാങ്ങിയാലേ ഇക്കൂട്ടർക്ക് തൃപ്തിയാകുകയുള്ളു. വഴിയരികിൽ നിന്നും അടി ഇരന്നുവാങ്ങി പുരയിൽ കൊണ്ടുപോയാലേ ഇവർക്ക് ഉറക്കം വരൂ. എന്നാൽ ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഒരു ആഗോള പ്രതിഭാസമാണെന്നും തെളിയിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. 

ലണ്ടനിലെ സെൻട്രൽ ലൈനെ ട്രെയിനിലാണ് സംഭവം നടക്കുന്നത്. സെൻട്രൽ ലണ്ടനിലെ ബാങ്ക് സ്റ്റേഷനിൽ വണ്ടി എത്താറായപ്പോഴാണ് യാത്രചെയ്യുന്ന സായിപ്പിന് ഒരു വിളിയുണ്ടായത്, തന്റെ നിറത്തിന്റെ മഹത്വം മറ്റ് യാത്രക്കാരെ ബോദ്ധ്യപ്പെടുത്തണം എന്ന്. പിന്നെ ഒട്ടും വൈകിയില്ല, അയാൾ ഉച്ചത്തിൽ വിളിച്ചു കൂകാൻ തുടങ്ങി, ''ഇത് എന്റെ നാടാണ്, എന്റെ വീടാണ്, നിങ്ങളൊക്കെ തിരിച്ചുപോകണം'' എന്നൊക്കെ. എവിടേക്കാണ് തിരിച്ചുപോകേണ്ടത് എന്ന് ഒരു കൂട്ടം യാത്രക്കാർ ചോദിച്ചപ്പോൾ അത് നിങ്ങൾക്കറിയാമല്ലോ എന്നായിരുന്നു മറുപടി.

ചില യാത്രക്കാർ അയാളുടെ പേര് ചോദിച്ചപ്പോൾ നിങ്ങൾ കറുത്തവനാണ് എന്നാണ് അയാൾ തിരിച്ച് ആക്രോശിച്ചത്. അതിനിടെ ഈ സംഭവം ഫോണിൽ പകർത്തിക്കൊണ്ടിരുന്ന ഒരു യുവതിക്ക് നേരെയും അയാൾ തട്ടിക്കയറി. കറുത്തവർ തങ്ങളേക്കാൾ താഴ്ന്നവരാണെന്നും അവർ വളർത്തുമൃഗങ്ങളാണെന്നും ഒക്കെ അയാൾ ആക്രോശിച്ചു. അതിനിടയിൽ ആരോ ഒരാൾ അയാളെ വംശവെറിയൻ എന്ന് വിളിക്കുന്നുണ്ട്.

താൻ വംശവെറിയനല്ലെന്ന് ആക്രോശിച്ചുകൊണ്ട്, വീഡിയോ പകർത്തുന്ന യുവതിക്ക് നേരേ അയാൾ അസഭ്യവർഷവും നടത്തുന്നു. ട്രെയിൻ ബാങ്ക് സ്റ്റേഷൻ എത്തിയതോടെ ഒരു കൂട്ടം കറുത്തവർഗ്ഗക്കാരായ യാത്രക്കാർ അവിടെ ഇറങ്ങാൻ തയ്യാറെടുക്കുന്നു. അപ്പോൾ ഈ സായിപ്പ് അവരുടെ നേരെ മുഷ്ടിചുരുട്ടി അടുത്തു. ആഫ്രിക്കൻ വംശജരിൽ ഒരാൾ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിന് മുൻപായി തിരിഞ്ഞുനിന്ന് മുഷ്ടി ചുരുട്ടി സായിപ്പിന്റെ മൂക്ക് നോക്കി ഒരെണ്ണം കൊടുത്തു. അതുതന്നെ ധാരാളമായിരുന്നു സായിപ്പിന്. ബോധം കെട്ട് സായിപ്പ് പിന്നോട്ട് മലച്ചു വീഴുന്നു.

സായിപ്പ് ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കൊടുത്തു എന്നായിരുന്നു മറ്റ് യാത്രക്കാരുടെ അഭിപ്രായം. അവരിൽ ചിലർ താഴേ വീണുകിടക്കുന്ന അയാളെ നോക്കി ആക്രോശിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കൊരാൾ വന്ന് അയാളുടെ പൾസ് നോക്കി പിന്നീട് ആംബുലൻസ് വിളിക്കാൻ പറഞ്ഞപ്പോൾ, ഈ വംശവെറിയനെ സഹായിക്കരുതെന്നായിരുന്നു മിക്ക യാത്രക്കാരുടെയും അഭിപ്രായം.

ഇടികൊണ്ട സായിപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല. എന്നാൽ, ബാങ്ക് സ്റ്റേഷനിൽ വച്ച് ട്രെയിനിനുള്ളിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ നടന്നതായി വിവരമൊന്നുമില്ലെന്നാണ് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസും ആംബുലൻസ് സർവ്വീസും പറയുന്നത്. എന്തായാലും, അറിയാത്ത പിള്ളക്ക് ചൊറിഞ്ഞപ്പോൾ അറിഞ്ഞുകാണും എന്നാണ് സഹയാത്രികർ കരുതുന്നത്.