ബെംഗളൂരു, മുംബൈ, ചെന്നൈ: Cയിൽ കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു. ഇതിൽ 19.6 ലക്ഷം പേരുടെ പരിശോധനാഫലം നെഗറ്റീവായി. മരണം, 51,925 ആയി. തിങ്കളാഴ്ച 880 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ പുതുതായി 54,288 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. രാജ്യത്ത് 8,944 പേരാണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ കോവിഡ് മരണനിരക്ക് 1.92% ആയി താഴ്ന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ കോവിഡ് പരിശോധനയുടെ എണ്ണം മൂന്ന് കോടി കവിഞ്ഞു.

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന വയോധികന്റെ മൃതദേഹം ശ്മശാന്തതിൽ എത്തിച്ചത് സൈക്കിളിൽ. മൃതദേസം സൈക്കിളിൽ വെച്ചുകെട്ടി മകൻ ശ്മശാന്തതിൽ എത്തിക്കുകയായിരുന്നു. വടക്കൻ കർണാടകയിലെ ബെളഗാവിയിലാണു സംഭവം.

പനിയെയും ചുമയെയും തുടർന്ന് ആശുപത്രിയിലെത്തിച്ച എഴുപത്തിയൊന്നുകാരന് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. ഇദ്ദേഹത്തെയും കൊണ്ട് വീട്ടിലേക്കു തിരിച്ചെത്തിച്ചതിനു പിന്നാലെയാണു മരണം. സംസ്‌കാരം നടത്തിയതും കോവിഡ് ചട്ടം പാലിച്ചല്ല. കർണാടകയിൽ ഇന്നലെ 6,317 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ മാത്രം 115 പേർ മരിച്ചു. ഇതോടെ ആകെ മരണം 4062 ആയി. ഇതുവരെ 31 ജനപ്രതിനിധികൾക്കാണ് കർണാടകയിൽ കോവിഡ് ബാധിച്ചത്.

തമിഴ്‌നാട്ടിൽ ഇന്നലെ 5,890 പേർ കോവിഡ് പോസിറ്റീവ്
തമിഴ്‌നാട്ടിൽ ഇന്നലെ 5,890 പേർ കോവിഡ് പോസിറ്റീവ് ആയി. കേരളത്തിൽ നിന്നെത്തിയ മൂന്ന് പേരും ഇതിൽ ഉൾപ്പെടുന്നു. 120 പേർ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 5,886 ആയി. അതേസമയം കോവിഡ് ചികിത്സയിലുള്ള, കന്യാകുമാരിയിലെ കോൺഗ്രസ് എംപി എച്ച്.വസന്തകുമാറിനെ (70) വെന്റിലേറ്ററിലേക്കു മാറ്റി. ഓക്‌സിജന്റെ അളവു കുറഞ്ഞതിനാലും പ്രായം പരിഗണിച്ചുമാണിതെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. കോവിഡ് കുതിച്ചുയരുന്ന പുതുച്ചേരിയിൽ ഇന്നു മുതൽ ചൊവ്വാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ.

എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ അഞ്ച് ജീവനക്കാർക്കു കോവിഡ് പോസിറ്റിവായി. പവാറിന്റെ പരിശോധനാഫലം നെഗറ്റീവാണ്. മഹാരാഷ്ട്രയിൽ 8439 പേർ കൂടി പോസിറ്റീവ്; മരണം 228. ആകെ 20,265 പേർക്കാണിതുവരെ ജീവൻ നഷ്ടമായത്.

പ്രണബിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
ന്യൂഡൽഹി ന്മ ആർമി ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ആന്തരികാവയവങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദഗ്ദ്ധർ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആശുപത്രി ബുള്ളറ്റിനിൽ പറഞ്ഞു. സ്ഥിതി മെച്ചപ്പെട്ടതായി മകൻ അഭിജിത് മുഖർജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.