തളിപ്പറമ്പ്: സമ്പർക്ക വ്യാപനം ശക്തമായ തളിപ്പറമ്പിൽ സംശയമുള്ളവർക്കെല്ലാം കോവിഡ് പരിശോധന നടത്താൻ പൊലീസ്. കോവിഡ് ഉണ്ടെന്ന് സംശയമുള്ള നഗരത്തിലെ 600ഓളം പേരിലാണ് പൊലീസ് പരിശോധന നടത്താൻ ഒരുങ്ങുന്നത്. ഇന്നും നാളെയുമായി താലൂക്ക് ആശുപത്രിയിലാണ് ഇവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കുക. ഇന്നലെ 200 പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സമ്പർക്കമുള്ളതായി സംശയമുള്ള വ്യാപാരികൾ, തൊഴിലാളികൾ, പോസിറ്റീവ് ആയവരുടെ ബന്ധുക്കൾ എന്നിവരെയാണ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കുക. അതേസമയം രുചി, ഗന്ധം എന്നിവയുടെ ശേഷി നഷ്ടപെട്ടതായി പലരും നഗരസഭ ആരോഗ്യ വിഭാഗത്തിൽ അറിയിക്കുന്നുണ്ട്.

പരിശോധനയുടെ ഫലം അനുസരിച്ചാകും തളിപ്പറമ്പിൽ ലോക് ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക എന്നും ഡിവൈഎസ്‌പി രത്‌നകുമാർ അറിയിച്ചു. എന്നാൽ ചിലർ പരിശോധനക്ക് വിസമ്മതിക്കുന്ന അവസ്ഥയുണ്ടെന്നും പൊലീസ് അറിയിച്ചു. തളിപ്പറമ്പിൽ സമ്പർക്ക വ്യാപനം സജീവമായ സാഹചര്യത്തിൽ ഇത്തരം കർശനമായ നടപടികളിലൂടെ മാത്രമേ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് സംശയമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുന്നത്. ഈ സാഹചര്യത്തിൽ പരിശോധനയിൽ നിന്ന് മാറി നിൽക്കുന്നത് സ്ഥിതി സങ്കീർണമാക്കുമെന്നും അതു കൊണ്ട് തന്നെ ലിസ്റ്റിൽ ഉൾപ്പെട്ടവർ കർശനമായും പരിശോധനക്ക് തയ്യാറാകണമെന്നും പൊലീസ് അറിയിച്ചു.

നഗരത്തിൽ കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കമുണ്ടായ വ്യാപാരികൾ ഉൾപ്പെടെയുള്ള മുഴുവൻ പേരുടെയും ലിസ്റ്റ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്രയും ആളുകളുടെ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി നഗരസഭ ആരോഗ്യ വിഭാഗവും അറിയിച്ചു. ഇതേ സമയം ഇന്നലെ തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ലെങ്കിലും തളിപ്പറമ്പിന് പുറത്തുള്ള ആശുപത്രികളിൽ പോയി പരിശോധന നടത്തിയ ഫാറൂഖ് നഗറിലെ ഒരാൾക്കും ഏഴാംമൈലിൽ രണ്ട് പേർക്കും പരിയാരം അണ്ടിക്കളത്ത് ഒരാൾക്കും പട്ടുവത്ത് രണ്ട് കുട്ടികൾക്കും പോസിറ്റീവ് ആയിട്ടുണ്ട്. തളിപ്പറമ്പിൽ സമ്പർക്ക വ്യാപനം ഉണ്ടായതിൽ ഭൂരിഭാഗവും വീടുകളിൽ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതിനാലാണെന്ന് വ്യക്തമായിട്ടുണ്ട്.