ലോകത്തിലെ ഏറ്റവും വലിയ കാർ റെന്റൽ കമ്പനികളിലൊന്നായ ഹെർട്സ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ വരുമാനം ഇടിഞ്ഞതോടെ 150ളഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻ കമ്പനിയാണ് തകർന്നു വീണത്. പാപ്പർ ഹർജി നൽകി കാത്തിരിക്കുന്നതിനിടെ ഹെർട്സ് ഗ്ലോബൽ ഹോൾഡിങ്സ് സിഎഫ്ഒ ജമെറെ ജാക്സൻ രാജിവെച്ചു. ഓഹരിവിപണിയിൽ കൂപ്പുകുത്തിയിട്ടും ഓഹരികൾ വിറ്റ് കടം വീട്ടാനുള്ള കമ്പനിയുടെ ശ്രമവും പരാജയപ്പെട്ടതോടെ കമ്പനി പൂർണ്ണമായും തകരുകയായിരുന്നു.

കോവിഡ് മഹാമാരിയായി പടർന്നുപിടിച്ചതോടെയാണ് റെന്റൽ കാർ കമ്പനിയായ ഹെർട്സിന്റെ കഷ്ടകാലം ആരംഭിച്ചത്. കോവിഡിൽ വരുമാനം ഇല്ലാതാവുകയും കമ്പനിയുടെ കടം പെരുകുകയും ആയിരുന്നു. ഓഹരി വിറ്റഴിക്കലിലൂടെ പിടിച്ചു നിൽക്കാൻ 500 ദശലക്ഷം ഡോളറെങ്കിലും സമാഹരിക്കാനായിരുന്നു ഹെർട്സിന്റെ പദ്ധതി. എന്നാൽ 29 ദശലക്ഷം ഡോളറിലേക്ക് വിൽപന എത്തിയപ്പോഴേക്കും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ(എസ്ഇസി) കടക്കെണിയിലായ കമ്പനിയുടെ ഓഹരിവിൽപനയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആ മാർഗ്ഗവും അഞ്ഞു.

തങ്ങളുടെ ആസ്തികൾ കാണിച്ചുകൊണ്ട് കടം നൽകാനുള്ളവരുമായി വിലപേശലിനായിരുന്നു കമ്പനി ശ്രമിച്ചത്. എന്നാൽ കോവിഡ് ശമനമില്ലാതെ തുടർന്നതും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയതും ഹെർട്സിന് മുന്നിലെ സാധ്യതകൾ കുറച്ചു. അമേരിക്കയ്ക്ക് പുറമേ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 150 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻ കമ്പനിയാണ് ഹെർട്സ് കോർപറേഷൻ.

ഈ വർഷം രണ്ടാം പാദത്തിൽ ഹെർട്സിന്റെ വരുമാനം 67 ശതമാനം ഇടിഞ്ഞത്. ഇതുമൂലം നഷ്ടമായത് 847 ദശലക്ഷം ഡോളറാണ്. തങ്ങളുടെ കൈവശം 1.4 ബില്യൺ ഡോളർ പണമായി കൈവശമുണ്ടെന്നാണ് കഴിഞ്ഞ മെയ് 22ന് നൽകിയ പാപ്പർ ഹർജിയിൽ ഹെർട്സ് അറിയിച്ചിരിക്കുന്നത്. എങ്കിലും നിലവിലെ കടബാധ്യത വീട്ടുന്നതിന് അമേരിക്കയിൽ ഹെർട്സിനു കീഴിലുള്ള 1.82 ലക്ഷം വാഹനങ്ങൾ വിൽക്കേണ്ടി വരും. ജൂൺ ജൂലൈ മാസങ്ങളിൽ മാത്രം ഒരു ലക്ഷത്തോളം വാഹനങ്ങൾ അവർ വിറ്റിരുന്നു.