തൃശ്ശൂർ: എം.കെ.കെ എന്ന ബസ് സർവീസ് തൃശ്ശൂർ നഗരത്തിൽ അറിയാത്തവർ ആരും ഉണ്ടാകില്ല. കാരണം എപ്പോൾ നോക്കിയാലും ഈ പേരിൽ ചുരുങ്ങിയത് രണ്ട് മൂന്ന് ബസ്സുകളെങ്കിലും ആളുകളുടെ കൺവെട്ടത്ത് ടൗണിൽ തന്നെ ഉണ്ടാകും. എന്നാൽ കോവിഡ് കാലത്ത് ബസ്സുകൾ കട്ടപ്പുറത്തായതോടെ ജീവിക്കാൻ പാടുപെടുകയാണ് ഇതിൽ ആറു ബസ്സുകളുടെ മുതലാളിയായ അജയൻ. 47 വർഷമായി 17 ബസുകൾ തൃശ്ശൂരിലോടിക്കുന്ന കൈപ്പറമ്പിലെ മഞ്ചേരി കുടുംബാംഗം.

ലോക്ഡൗൺ മുതൽ കുടുംബത്തിലെ എല്ലാ ബസുകളും കട്ടപ്പുറത്താണ്. ലോക്ഡൗണിൽ ഇളവ് വന്നപ്പോൾ നഷ്ടം സഹിച്ചും ഓടിക്കാമെന്നു കരുതി സർവീസ് തുടങ്ങി. രണ്ടാംദിനം ബസിലെ യാത്രക്കാരി, കോവിഡ് മാനദണ്ഡം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായി പരാതിപ്പെട്ടു. ഉടൻ വന്നു 4000 രൂപ പിഴ. അന്നത്തെ കളക്ഷൻ 1200 രൂപ. അന്നുതന്നെ ബസ് വീണ്ടും ഷെഡ്ഡിൽ കയറ്റി.

കാലിലെ ചെറിയ പ്രശ്‌നം കാരണം ദൂരയാത്ര പറ്റാത്തതിനാൽ മറ്റൊരു വരുമാനമാർഗം എന്നനിലയിൽ അജയൻ തുടങ്ങിയതാണ് കൂനംമൂച്ചിയിലെ വാട്ടർ സർവീസ് സെന്റർ. വായ്പയെടുത്ത് പൂർത്തിയാക്കിയ സെന്റർ പ്രവർത്തനം തുടങ്ങിയത് ഫെബ്രുവരിയിൽ. മാർച്ചിൽ ലോക്ഡൗണുമെത്തി. രണ്ട് ജീവനക്കാരുണ്ടായിരുന്നു. അതിൽ ബിഹാർ സ്വദേശി തിരിച്ചുപോയി. ആ ജീവനക്കാരന്റെ റോളിലാണ് അജയൻ ഇപ്പോൾ സർവീസ് സെന്ററിലിരിക്കുന്നത്.

സർവീസ് സെന്ററിലേക്ക് ഈയിടെ ഇരുചക്ര മീൻവണ്ടിയെത്തി. സർവീസ് ചെയ്യാൻ വന്നതല്ല. എം.കെ.കെ. ബസിലെ കണ്ടക്ടറായിരുന്നു. ബസ് ഓടാതായപ്പോൾ മീൻവിൽപ്പന തുടങ്ങിയതാണ്. പശുവളർത്തൽ, പാൽ വിൽപ്പന, പച്ചക്കറി വ്യാപാരം എന്നിവയിലേക്കൊക്കെ തിരിഞ്ഞിട്ടുണ്ട് അജയന്റെ ബസിലെ ജീവനക്കാർ.