ന്യൂഡൽഹി: ഇല്ലാത്ത കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജപരസ്യം നൽകി ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിക്കാൻ ശ്രമം. സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിലാണ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്.

കമ്പനികാര്യ മന്ത്രാലയത്തിനുകീഴിൽ വിവിധ തസ്തികകളിൽ 500-ലധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞ് 'സ്‌പെഷ്യൽ ഡിഫൻസ് പഴ്‌സണൽ ഫോറ'ത്തിന്റെ പേരിലാണ് 'എംപ്ലോയ്മെന്റ് ന്യൂസി'ന്റെ ഓഗസ്റ്റ് 15-21 ലക്കത്തിൽ പരസ്യം വന്നത്. കമ്പനി മന്ത്രാലയത്തിനുകീഴിൽ ഇത്തരമൊരു സ്ഥാപനമില്ലെന്നും പരസ്യം വ്യാജമാണെന്നും വാർത്താവിതരണ മന്ത്രാലയത്തിനുകീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് (പി.ഐ.ബി.) ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്.

ഇത് വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ പരസ്യം എംപ്ലോയ്മെന്റ് ന്യൂസ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്തലക്കത്തിൽ ഇതുമായി ബന്ധപ്പെട്ട തിരുത്ത് നൽകും. ഭാവിയിൽ ഇതുപോലുള്ള തെറ്റുപറ്റാതിരിക്കാൻ പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കൽ മെച്ചപ്പെടുത്തുമെന്ന് എംപ്ലോയ്മെന്റ് ന്യൂസ് വ്യക്തമാക്കി.
വ്യാജപരസ്യം വരാനിടയായ സാഹചര്യത്തെക്കുറിച്ചും അതിനു പിന്നിലുള്ളവരെക്കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

എംപ്ലോയ്മെന്റ് ന്യൂസിലെ വിവരത്തിന്റെയടിസ്ഥാനത്തിൽ മലയാളത്തിലെ തൊഴിൽ പ്രസിദ്ധീകരണങ്ങളും ഈ വാർത്ത നൽകിയിരുന്നു. തൊഴിൽ ഒഴിവിന്റെ കാര്യം വ്യാപകമായി പ്രചരിച്ചതോടെയാണ് പി.ഐ.ബി.യുടെ വസ്തുതാ പരിശോധനാവിഭാഗം അന്വേഷണം നടത്തിയത്.