- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചു പോയി; വണ്ടിപ്പെരിയാറിൽ കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
വണ്ടിപ്പെരിയാർ: ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസർ എസ്എൻവി വീട്ടിൽ സി. ജയ്‌മോൻ (55) ആണ് മരിച്ചത്. വിളവെടുപ്പിന് പാകമായി നിന്ന തോട്ടം പൂർണ്ണമായും നശിച്ചതിന് പിന്നാലെ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് പറഞ്ഞ് അധികൃതരും കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് കർഷകൻ ഹൃദയാഘാതം മൂലം മരിച്ചത്.
നാശനഷ്ടം തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ടു തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫിസിൽ അപേക്ഷയുമായി എത്തിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച അപേക്ഷ സ്വീകരിക്കുന്നതിനു കഴിയില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞെന്നാണ് ആരോപണം. ഇതോടെ ധനസഹായം ലഭിക്കാൻ പോലും സാധ്യതയില്ലെന്ന് ജയ്‌മോൻ അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതോടെ ഇയാൾ മാനസിക സമ്മർദ്ദത്തിലായിരുന്നു. എന്നാൽ കൃഷി നശിച്ചു എന്ന പരാതിയുമായി കർഷകൻ നേരിട്ട് സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫിസർ പി.എൻ.ബീനാമ്മ പറഞ്ഞു.
ഇന്നലെ പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാൾ നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ ജയ്‌മോന്റെ കോഴിക്കാനം 26 പുതുവലിലെ ഏലത്തോട്ടം പൂർണമായും നശിച്ചിരുന്നു. വിളവെടുക്കാൻ പാകമായിരുന്ന തോട്ടമായിരുന്നു ഇത്.
പാമ്പനാർ എസ്എൻ സ്‌കൂൾ ട്രഷറർ, വണ്ടിപ്പെരിയാർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി (പ്രിൻസിപ്പൽ, എസ്എൻ സ്‌കൂൾ, പാമ്പനാർ). മക്കൾ: അർജുൻ ജയ് (അബുദാബി), ആദർശ് ജയ്.