കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഇന്റർനെറ്റ് എക്സ്പ്ലോറർ 2021 ഓഗസ്റ്റ് 17 ന് വെബ്ബിൽ നിന്നും അപ്രത്യക്ഷമാകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 2020 നവംബർ 30 ന് ഇറങ്ങിയ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 വേർഷനെ മൈക്രോസോഫ്റ്റ് ടീംസ് വെബ് ആപ്പ് തുടർന്ന് സപ്പോർട്ട് ചെയ്യുകില്ല എന്നറിയിച്ചുകൊണ്ട് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ടെക്നോളജി രംഗത്തെ ഭീമൻ ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. അടുത്ത വേനലോടെ മൈക്രോസോഫ്റ്റിന്റെ 365 ആപ്പുകളിൽ ഒന്നുപോലും ഈ ബ്രൗസറുമായി കണക്ട് ചെയ്യില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ കാലാവധിക്ക് ശേഷം, ഇന്റർനെറ്റ് എക്സ്പ്ലോററിനായി പ്രത്യേകം രൂപകല്പന ചെയ്ത ചില ബിസിനസ്സ് സൈറ്റുകൾ ഒഴിച്ചുള്ളവ ബ്രൗസ് ചെയ്യുന്നവർക്ക്അത്ര നല്ല അനുഭവം ആയിരിക്കില്ല ഉണ്ടാവുക. അഞ്ചുവർഷം മുൻപ് മൈക്രോസോഫ്റ്റ് അവരുടെ എഡ്ജ് പുറത്തിറക്കിയതുമുതൽ പ്രതീക്ഷിക്കുന്നതായിരുന്നു ഇത്. 2015- ൽ തന്നെ ഇന്റർനെറ്റ് എക്സ്പ്ലോറർ എന്ന ബ്രാൻഡ് ഉപേക്ഷിക്കുമെന്നും എഡ്ജിനായിരിക്കും പ്രാധാന്യമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രൊജക്ട് സ്പാർട്ടൻ എന്നായിരുന്നു ഇതിന് കോഡ് നെയിം നൽകിയിരുന്നത്.

ആദ്യം രണ്ട് ബ്രൗസറുകളും ഒരുപോലെ കൊണ്ടുപോകാനായിരുന്നു കമ്പനി താത്പര്യം കാണിച്ചിരുന്നത് എങ്കിൽ പിന്നീട് എഡ്ജ് മാത്രം മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഓൺലൈൻ സാഹചര്യങ്ങൾ ഇന്നത്തേതുപോലെ ആധുനിക വത്ക്കരിക്കപ്പെടുന്നതിന് മുൻപ് തന്നെ, 2013 മുതൽ തന്നെ ജനങ്ങൾ ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന് കമ്പനി പറഞ്ഞു. എന്തായാലും, ഇതിന്റെ പഴയ വേർഷൻ 2021 മാർച്ച് 9 മുതൽ തന്നെ പുതിയ ബ്രൗസറിനായി വഴിയൊരുക്കും.

നിലവിലുള്ള വേർഷൻ നിർത്തലാക്കുന്നതിന് മുൻപ് തന്നെ ക്രോമിയം ബേസ്ഡ് എഡ്ജ്, അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തി നിലവൈലെ വിൻഡോസ് ഉപയോക്താക്കളിൽ എത്തിക്കും. അതേസമയം എല്ലാ സ്വകര്യ ഐ ഇ 11 അപ്ലിക്കേഷനുകളും പഴയതുപോലെ പ്രവർത്തിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

വിൻഡോസ് ഇന്റർനെറ്റ് എക്സ്പ്ലോറർ എന്ന് ആദ്യം അറിയപ്പെട്ടിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങിയത് 1995 ൽ ആയിരുന്നു. ആഡ് ഓൺ പാക്കേജ് പ്ലസ്സിന്റെ ഭാഗമായിട്ടായിരുന്നു ഇത് പുറത്തിറക്കിയത്. ഏറ്റവും അധികം ആളുകൾ ഉപയോഗിച്ചിരുന്ന ഒരു ബ്രൗസറായി അത് ക്രമേണ മാറി. 2002-2003 കാലഘട്ടത്തിൽ 90 ശതമാനം ആളുകളും ഉപയോഗിച്ചിരുന്നത് ഇതായിരുന്നു.

എന്നാൽ, പിന്നീട് മറ്റ് ബ്രൗസറുകളുമായുള്ള മത്സരത്തിൽ അത് പിന്തള്ളപ്പെട്ടു. 2012-ൽ ഏറ്റവും അധികം ഉപയോഗിക്കുന്ന വെബ് ബ്രൗസർ എന്ന സ്ഥാനം ഗൂഗിൾ കരസ്ഥമാക്കിയതായി മൈക്രോസോഫ്റ്റ് തന്നെ സമ്മതിച്ചിരുന്നു.അതിനു ശേഷം വിവിധ അധിക സൗകര്യങ്ങൾ ചേർത്ത് പുതിയ വേർഷനുകൾ ഇറക്കിയെങ്കിലും വിജയിക്കാനായില്ല.