മുംബൈ: സുശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത കൂപ്പർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാർക്കും അസഭ്യ വർഷം. ഈ ഡോക്ടർമാരുടെ ഫോണിലേക്ക് പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വിളിച്ച് അസഭ്യ വർഷം തുടരുകയാണ്. പേടിച്ചിട്ട് ഫോൺ എടുക്കാനാവാത്ത അവസ്ഥയിലാണ് ഡോക്ടർമാർ. ഡോക്ടർമാർ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു വിധിയെഴുതി എന്നാരോപിച്ച് ചിലർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം ഡോക്ടർമാരുടെ ഫോൺ നമ്പരുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

മണിക്കൂറുകൾക്കുള്ളിൽ ഇതിന്റെ സ്‌ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഡോക്ടർമാരെ വിളിച്ചു അസഭ്യം പറഞ്ഞു തുടങ്ങുകയുയമായിരുന്നു. ചിലർ ഡോക്ടർമാരുടെ മറ്റു നമ്പരുകളും സംഘടിപ്പിച്ച് പ്രചരിപ്പിച്ചു. മൂന്നു ദിവസം മുമ്പാണു സംഭവം. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പരിലേക്കും കോളുകൾ പ്രവഹിക്കുകയാണ്. കോളുകൾ റെക്കോർഡ് ചെയ്തും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യമുയരുന്നത്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു കരുതി ഡോക്ടർമാർ പരാതി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം ഡോക്ടർമാരുടെ സംഘടന പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.

ജൂൺ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിലിൽ കണ്ടെത്തിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണസമയം വ്യക്തമാക്കിയിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബം കുറ്റപ്പെടുത്തി. ആന്തരികാവയവ പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ഫോറൻസിക് സയൻസ് ലബോറട്ടറിയും വ്യക്തമാക്കിയിരുന്നു.