പിലാത്തറ: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54-കാരനായ ബന്ധുവിനെയും ഇതിന് ഒത്താശ ചെയ്തതിന് പെൺകുട്ടികളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷൻ പരിധിയിലെ 13-ഉം 16-ഉം വയസ്സുള്ള സഹോദരിമാരുടെ പരാതിയിലാണ് അമ്മയ്ക്കും ബന്ധുവിനും എതിരെ പൊലീസ് കേസ് എടുത്തത്.

2016 മുതൽ പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ജൂലായ് 28-നും പീഡനത്തിനിരയായി. സ്‌കൂുൾ വിദ്യാർത്ഥികളായ ഇരുവർക്കും നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിിവരം പുറത്തറിയുന്നത്. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടികൾ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ബന്ധുകൂടിയായ പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്.

2016 ഡിസംബറിൽ ചെങ്ങളായിയിൽ വാടകവീട്ടിൽ താമസിക്കവെ അവിടെ ചെന്നും ഇയാൾ 13-കാരിയെ പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠപുരം പൊലീസിന് കൈമാറി. പെൺകുട്ടികൾ ഇരുവരും വിദ്യാർത്ഥിനികളാണ്. കൗൺസലങ്ങിലൂടെ വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി തോട്ടടയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.