ന്യൂഡൽഹി: നമ്മൾ മലയാളികൾ ഒട്ടും വൃത്തിയില്ലാത്തവരോ? ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ ഏറ്റവും പിന്നിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഏറ്റവും പിന്നിലായി 15-ാം സ്ഥാനത്താണ്. ജാർഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയ്ക്കാണു യഥാക്രമം ആദ്യ മൂന്ന് റാങ്ക്.

നൂറിലേറെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായ നാലാം തവണയും ഇൻഡോർ (മധ്യപ്രദേശ്) തിരഞ്ഞെടുക്കപ്പെട്ടു. സൂറത്തും (ഗുജറാത്ത്) നവിമുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ അംബികാപുരും (ഛത്തീസ്‌ഗഡ്) മൈസൂരുവും ന്യൂഡൽഹി മുനിസിപ്പാലിറ്റിയും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

ഇരുവിഭാഗത്തിലെയും ആദ്യ 150ൽ കേരളത്തിലെ നഗരങ്ങളില്ല. തിരുവനന്തപുരം (304), പാലക്കാട് (335), കൊല്ലം (352), കോട്ടയം (355), കോഴിക്കോട് (361), തൃശൂർ (366), കൊച്ചി (372) എന്നിങ്ങനെയാണു റാങ്ക്. നൂതനാശയങ്ങളും പ്രവർത്തനങ്ങളുമുള്ള ചെറുനഗരങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാമത് ആലപ്പുഴ നഗരസഭയാണ്.

കന്റോൺമെന്റ് നഗരങ്ങളിൽ കണ്ണൂരിന് 47ാം റാങ്കുണ്ട്. ദക്ഷിണ മേഖലയിൽ 25,000ത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഹരിപ്പാട് (50), നീലേശ്വരം (106), വടക്കാഞ്ചേരി (463), ഗുരുവായൂർ (493), 25,000നും 50,000നും ഇടയിലുള്ളവയിൽ ഏലൂർ (105), ഷൊർണൂർ (119), കട്ടപ്പന (150), കൂത്തുപറമ്പ് (157), മൂവാറ്റുപുഴ (159), 50,000 ഒരു ലക്ഷം വിഭാഗത്തിൽ കളമശേരി (116), കൊയിലാണ്ടി (117), പൊന്നാനി (119), കാഞ്ഞങ്ങാട് (121), തിരുവല്ല (125) എന്നിങ്ങനെയാണു റാങ്കിങ്.