മൂന്നടി നീളമുള്ള ചെറുതോണിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്കെത്താൻ ശ്രമിക്കുന്നതിനിടെ തോണി തകർന്ന് മരണമടഞ്ഞ അബ്ദുല്ഫത്ത ഹാംദള്ള എന്ന സുഡാൻ പൗരന്റെ കഥ ചർച്ചയാകുമ്പോൾ തെളിയുന്നത് അതിജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകളാണ്. സുഡാന്റെ തലസ്ഥാനമായ ഖാർട്ടൂമിൽ നിന്നും തെക്ക് മാറി സ്ഥിതിചെയ്യുന്ന എൻ-നാഹുഡ് എന്ന പട്ടണത്തിൽ നിന്നും ഫ്രാൻസിലെ കാലൈസിൻ എത്തിയത് ഒരു ജീവിതം തേടിയായിരുന്നു. എന്നാൽ, ഫ്രാൻസിന്റെ, അഭയാർത്ഥികളോടുള്ള സമീപനം മനസ്സിലാക്കിയ ഈ 28 കാരൻ ബ്രിട്ടനിലെങ്കിലും സ്വീകരിക്കപ്പെടും എന്ന വിശ്വാസത്തിലായിരുന്നു ഈ സാഹസികതക്ക് മുതിർന്നത്.

ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപാണ് ലിബിയയിൽ നിന്നും ഒരു ബോട്ടിൽ മറ്റു അഭയാർത്ഥികൾക്കൊപ്പം ഹംദള്ള ഫ്രാൻസിലെ കലൈസിൽ എത്തുന്നത്. മൂന്നു ദിവസത്തെ യാത്രയായിരുന്നു അത്. കലൈസിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഫ്രഞ്ച് അധികൃതർ ഇവരെ ശത്രുക്കളെ പോലെയായിരുന്നു കണ്ടിരുന്നത് എന്നാണ് ഇയാളുടെ കൂടെയുണ്ടായിരുന്നവർ പറയുന്നത്. തീർത്തും ദുഷ്‌കരമായിരുന്നു ജീവിതം. ഹംദള്ളയും മറ്റുചിലരും ഔദ്യോഗികമായിത്തന്നെ അഭയത്തിനായി അപേക്ഷിച്ചിരുന്നു.

ഞങ്ങൾക്ക് ഭാവിയില്ല, ജീവിതമില്ല. വെറുതെ മണ്ണിൽ കുത്തിയിരിക്കുക, അവിടെത്തന്നെ കിടന്നുറങ്ങുക. അതല്ലാതെ മറ്റൊന്നുമില്ല ഞങ്ങൾക്ക്'', ഹംദുള്ളയുടെ കൂട്ടുകാർ പറയുന്നു. ഇംഗ്ലണ്ടിൽ കുറേക്കൂടി മെച്ചപ്പെട്ട സ്വീകരണം ലഭിക്കുമെന്നും, ഔദ്യോഗികമായി തന്നെ അഭയം ലഭിക്കുമെന്നും പ്രതീക്ഷിച്ചാണ് അയാൾ ഈ സാഹസത്തിന് മുതിർന്നതെന്നാണ് കൂട്ടുകാർ പറയുന്നത്. അപകടം നടന്ന തോണിയിൽ ഇയാൾക്കൊപ്പം ഒരു 16 കാരൻ കൂടിയുണ്ടായിരുന്നു. നീന്തി രക്ഷപ്പെട്ട ഈ കൗമാരക്കാരൻ ഇപ്പോൾ ഫ്രഞ്ച് സോഷ്യൽ കെയറിന്റെ സംരക്ഷണയിലാണ്.

അതിജീവനത്തിനായി ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറാകുന്നവരെ ഈ അപകടവും പിന്തിരിപ്പിക്കുന്നില്ല. ഇന്നലെയും ഏകദേശം 164 അഭയാർത്ഥികൾ ചെറു തോണികളിൽ ചാനൽ കടന്നെത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 11 ബോട്ടുകളിൽ കെന്റ് തീരത്തെത്തിയ അവരിൽ 41 പേരെ ഫ്രഞ്ച് പൊലീസ് പിടികൂടി. നൈജീരിയ, ഗിനിയ, ഗാമ്പിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് എട്ട് പേരെ ഇന്നലെ ബോർഡർ ഫോഴ്സും പിടികൂടിയിട്ടുണ്ട്. ഇതോടെ ഈ വർഷം അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളുടെ എണ്ണം 5000 ആയി.

അഭയാർത്ഥികളോടുള്ള ഫ്രാൻസിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് ഇവരെ ഇത്രയും അപകടം പിടിച്ച രീതിയിൽ ബ്രിട്ടനിലെത്താൻ പ്രേരിപ്പിക്കുന്നത് എന്നാണ് ടോറി എം പി ടിം ലാഫ്ടൺ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതയാണ് ഇംഗ്ലീഷ് ചാനൽ. ഇതിലൂടെ ചെറുതോണികളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അപകടം പിടിച്ച കാര്യം തന്നെയാണ്. എന്നിട്ടും ഇത്തരത്തിൽ യാത്രചെയ്ത് ഏകദേശം 450 കൗമാരക്കാർ കെന്റിൽ ഈ വർഷം എത്തിയിട്ടുണ്ട്. ബന്ധുക്കൾ ആരുമില്ലാതെ എത്തിയ ഇവർ ഇപ്പോൾ കെന്റ് കൗണ്ടി കൗൺസിലിന്റെ സംരക്ഷണയിലാണ്.

ദാരിദ്ര്യവും അഭ്യന്തര കലഹങ്ങളുടെ ഭാഗമായ അക്രമങ്ങളും ഒക്കെയാണ് ഇവരിൽ പലരേയും സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചത്. ഫ്രാൻസിലെത്തി, ദ്വീപിലെ കാടുപിടിച്ചുകിടക്കുന്ന ഒരു പഴയ അഭയാർത്ഥി ക്യാമ്പിലായിരുന്നു ചാനൽ കടന്ന് ബ്രിട്ടനിലെത്തിയ പലരും. കിട്ടുന്നതെന്തും ഭക്ഷിച്ചും ചിലപ്പോൾ പട്ടിണികിടന്നും കാട്ടിനുള്ളിലെ വെറും മണ്ണിൽ കിടന്നുറങ്ങിയും കഷ്ടപ്പെടുന്നവർ ഇനിയുമുണ്ടേറെ. ഫ്രഞ്ച് സർക്കാർ അവരുടെ കാര്യത്തിൽ പരിഗണന നല്കാത്തതിനാലാണ് അവരിൽ പലരും ഇംഗ്ലണ്ടിലെത്താൻ ശ്രമിക്കുന്നത്.

എന്നാൽ, ബ്രിട്ടനും ഫ്രാൻസും പരസ്പരം പഴിചാരുകയല്ല വേണ്ടത് എന്നും, ഈ അഭയാർത്ഥി പ്രവാഹത്തിന്റെ മൂലകാരണം കണ്ടുപിടിച്ച് അത് പരിഹരിക്കാനുള്ള നടപടികൾ എടുക്കുകയാണ് വേണ്ടതെന്നുമാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇരുണ്ട ഭൂഖണ്ഡത്തിലെ ദുരിതങ്ങൾ അവസാനിപ്പിക്കുവാൻ വികസിത രാഷ്ട്രങ്ങൾ മുൻകൈ എടുക്കണം എന്നാണ് ഇവരുടെ അഭിപ്രായം.