- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു എ ഇ യുടെ കപ്പൽ പിടിച്ചെടുത്ത് ഇറാന്റെ തിരിച്ചടി; ഇറാനിൽ നിന്നും മിസൈലുകൾ വാങ്ങാൻ ഒരുങ്ങി വെനിസുല; അമേരിക്കയെ ബോംബുകളുടെ പരിധിയിൽ ആക്കാൻ സമ്മതിക്കില്ലെന്ന് ട്രംപ്; ദക്ഷിണ ചൈന കടലിലെ ചൈനയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ പൊട്ടിത്തെറിച്ച് വിയറ്റ്നാം ; മദ്ധ്യപൂർവ്വ ദേശങ്ങളും ദക്ഷിണ ചൈനാക്കടലുമൊക്കെ ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാം; ലോകം ആശങ്കയുടെ മുൾമുനയിലേക്ക് നീങ്ങുന്നത് ഇങ്ങനെ
കൊറോണ വിതച്ച ദുരിതങ്ങൾക്ക് അറുതിവരും മുൻപേ ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണ്. അശാന്തിയുടെ വിത്തുകൾ വിതച്ചുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത് പടനീക്കങ്ങളും വെല്ലുവിളികളും തന്നെ. മദ്ധ്യപൂർവ്വ ദേശങ്ങളും ദക്ഷിണ ചൈനാക്കടലുമൊക്കെ ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാം എന്ന അവസ്ഥയിലാണ്.
വാശിയുടെയും വെറുപ്പിന്റെയും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന സംഘർഷ ഭൂമി ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന, സർവ്വനാശകാരിയായ ഒരു യുദ്ധത്തെ പ്രതീക്ഷിക്കുകയാണ്. ദുരന്തങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി എത്തുന്നത് മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യുവാനാണോ?
യു എ ഇയുടെ കപ്പൽ പിടിച്ചെടുത്ത് തിരിച്ചടിക്കൊരുങ്ങി ഇറാൻ
തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതിന് യു എ ഇയുടെകപ്പൽ ഓഗസ്റ്റ് 17 ന് പിടിച്ചെടുത്തതായി ടെഹ്റാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരെ തടവിലാക്കിയതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാതിർത്തി കടന്ന് അനധികൃതമായി എത്തിയ ഒരു എമിറൈറ്റി കപ്പൽ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അതേ ദിവസം തന്നെ, യു എ ഇയുടെ അതിർത്തി ലംഘിച്ചെത്തിയ ഒരു മത്സ്യബന്ധന ബോട്ട് യു എ ഇയും പിടിച്ചെടുത്തു. ഇവരെ തടയുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരണമടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഈ സംഭവത്തിൽ പിന്നീട് യു എ ഇ ഖേദം പ്രകടിപ്പിക്കുകയും, നഷ്ട പരിഹാരം നൽകാനുള്ള സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സർ ബു നു ഐർ ദ്വീപിന് സമീപം വച്ച്, സമുദ്രാതിർത്തി കടന്നെത്തിയ എട്ട് മത്സ്യ ബന്ധനബോട്ടുകളെ തടയുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെട്ട സംഘർഷം ഇറാനും മറ്റു അറബി രാജ്യങ്ങള്ക്കും ഇടയിൽ പതിവാണ്.
എന്നാൽ ഈ സംഭവം ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിൽ തങ്ങളുടെ പൗരന്മാരേയും യാനങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരേയും പോകാൻ തയ്യാറാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിനിടയിൽ മാസങ്ങളോളം അപ്രത്യക്ഷമായതിന് ശേഷം ഇറാന്റെ ഒരു പ്രേത കപ്പൽ (ഗോസ്റ്റ് ഷിപ്പ്) വീണ്ടും റഡാറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സഞ്ചാരപഥം മറ്റുള്ളവരിൽ നിന്നും മറയ്ക്കാനായി ജി പി എസ് സിസ്റ്റം പ്രവർത്തിപ്പിക്കാതെ യാത്രചെയ്യുന്ന കപ്പലുകളേയാണ് പ്രേത കപ്പലുകൾ എന്ന് വിളിക്കുന്നത്. വലിയതോതിൽ സാമ്പത്തിക ഉപരോധം അനുഭവിക്കുന്ന ഇറാൻ എണ്ണയുൾപ്പടെയുള്ള തങ്ങളുടെ പല ഉദ്പന്നങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ഇത്തരം പ്രേതക്കപ്പലുകൾ ഉപയോഗിച്ചാണ്.
ഏറ്റവും ചുരുങ്ങിയത് 80 ഇറാൻ ടാങ്കറുകൾ എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരത്തിൽ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. അപകട സാധ്യത ഏറെയുള്ളതുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പ്രേതകപ്പലുകൾ.
അമേരിക്കയെ പ്രതിരോധത്തിലാക്കുവാൻ വെനിസുലയ്ക്ക് മിസൈൽ നൽകാൻ ഉദ്ദേശിച്ച് ഇറാൻ
ഇറാനിൽ നിന്നും മിസൈലുകൾ വാങ്ങുവാൻ വെനിസുല ശ്രമിക്കുകയാണെന്ന് അയൽ രാജ്യമായ കൊളംബിയ ആരോപിച്ചു. രണ്ട് പുതിയ ആയുധങ്ങൾ ലോകത്തിന് മുന്നിൽ ഇറാൻ പ്രദർശിപ്പിച്ച അതേ ദിവസം തന്നെയാണ് ഇത്തരത്തിലൊരു ആരോപണവും ഉയർന്നിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച, തെക്കേ അമേരിക്കയിലേക്ക് എണ്ണയുമായി പോയിരുന്ന ഇറാന്റെ നാല് ടാങ്കറുകൾ തങ്ങൾ പിടിച്ചെടുത്തതായി അമേരിക്ക അവകാശപ്പെടുകയും ചെയ്തിരുന്നു.
വെനിസുലയുടെ പ്രസിഡണ്ട് നിക്കോളാസ് മാദുരോ, ഇറാനിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ശ്രമിക്കുന്നു എന്നും അതുപോലെ റഷ്യയിലും ബെലാറസിലും നിർമ്മിച്ച ആയുധങ്ങൾ കൊളംബിയയിലെ അക്രമിസംഘങ്ങൾക്ക് നൽകുന്നു എന്നുമാണ് കൊളംബിയ ആരോപിക്കുന്നത്. അമേരിക്കയേയും മറ്റ് അമ്പതിലധികം രാജ്യങ്ങളേയും പോലെ കൊളംബിയയും മദുരോവിനെ വെനിസുലയുടെ നിയമപരമായ രാഷ്ട്ര തലവനായി അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും, അധികാരത്തിൽ എത്താൻ കഴിയാതെ പോയ പ്രതിപക്ഷ നേതാവ് ജുവാൻ ഗുയാഡുവിനേയാണ് ഇവർ വെനിസുലയുടെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നത്.
അമേരിക്കയിലെ ഫ്ളോറിഡ വെനിസുലയിൽ നിന്നും വെറും 1,200 മൈൽ ദൂരെയാണ്. ഇപ്പോൾ ഇറാന്റെ കൈവശമുള്ള രണ്ട് മിസൈലുകളിൽ സെജിൽ എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന് 1250 മൈൽ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും. ക്രൂയിസ് മിസൈൽ ആയ സൗമറിന് 1250 മുതൽ 1850 മൈൽ വരെ സഞ്ചരിക്കാൻ സാധിക്കും. അതായത്, മിയാമി വരെയുള്ള അമേരിക്കൻ ഭൂപ്രദേശം ഈ മിസൈലിന്റെ പരിധിയിൽ വരും. അതുകൊണ്ടു തന്നെ, വെനിസുലയ്ക്ക് മിസൈൽ നൽകുന്നതിനോട് അമേരിക്കയ്ക്ക് ഒരിക്കലും യോജിക്കാനാവില്ല. അമേരിക്കയേ ബോംബുകൾക്കിടയിലാക്കാൻ സമ്മതിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. ഇനി, ഇറാന്റെ അടുത്ത നീക്കമായിരിക്കും ഏറ്റവും സുപ്രധാനമായത്.
സംഘർഷം മുറുകുന്ന ദക്ഷിണ ചൈന കടൽ
ദക്ഷിണ ചൈന കടലിലെ പാരസെൽ ദ്വീപുകളിൽ ചൈനയുടെ സൈനിക സാന്നിദ്ധ്യം തുടരുന്നതിനെതിരെ വിയറ്റ്നാം രംഗത്തെത്തി. വിയറ്റ്നാമിനൊപ്പം മേഖലയിലെ മറ്റ് രാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ഈ ദ്വീപിലെ ചൈനയുടെ സാന്നിദ്ധ്യം മേഖലയിലെ സമാധാനം നശിപ്പിക്കുമെന്ന് വിയറ്റ്നാംവിദേശകാര്യ വക്താവ് ലി തി തുഹാംഗ് പറഞ്ഞു. ഈ ദ്വീപിൽ ഒരു എച്ച്=6 ജെ ബോംബർ വിന്യസിച്ചിട്ടുണ്ട് എന്നാണ് ഒരു വിയറ്റ്നാം മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല ചൈനയുടെ നിരവധി സൈനിക സന്നാഹങ്ങളും ഇവിടെ തയ്യാറാക്കികഴിഞ്ഞിരിക്കുന്നു.
എന്നാൽ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പാരസൽ ദ്വീപുകൾ ചൈനയുടെ പരമാധികാരത്തിൻ കീഴിലുള്ളതാണെന്നാണ് ചൈന തറപ്പിച്ചു പറയുന്നത്. മാത്രമല്ല, ഈ ദ്വീപിൽ അവകാശവാദം ഉന്നയിക്കുന്ന തെയ്വാനെ ഭീഷണിപ്പെടുത്താൻ കഴിഞ്ഞയാഴ്‌ച്ച കിഴക്കൻ ചൈന കടലിൽ ഒരു സൈനിക പരിശീലനവും ചൈന നടത്തുകയുണ്ടായി.തെയ്വാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാത്ത ചൈന എപ്പോഴും ഈ രാഷ്ട്രത്തിന് ഭീഷണിയാണ്. തെയ്വാന്റെ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും സംരക്ഷിക്കാൻ ഈ മേഖലയിൽ അമേരിക്കയും സുസജ്ജമാണ്.
ജപ്പാൻ ആസ്ഥാനമായുള്ള അമേരിക്കയുടെ ഏഴാം കപ്പൽ പട നാവികാഭ്യാസങ്ങൾ ഈ മേഖലയിൽ കൂടെക്കൂടെ നടത്താറുണ്ട്. എന്നാൽ, ചൈനയുടെ ഏകീകരണം പൂർത്തിയാകണമെങ്കിൽ, തെയ്വാൻ ചൈനയോട് ചേരണം എന്നനിലപാടിൽ തന്നെയാണ് ചൈന. അതിന് വിഘാതമായി നിൽക്കുന്ന അമേരിക്ക മേഖലയിലെ സമാധാനത്തിന് വിഘാതമുണ്ടാക്കുകയാണെന്ന് ചൈനയും ആരോപിക്കുന്നു.
ഏതായാലും കൊറോണക്കാലത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇറാനും ചൈനയുമൊക്കെ അതിൽ ഒരു ചേരിയെ പ്രതിനിധീകരിക്കുമ്പോൾ അമേരിക്കയും പാശ്ചാത്യ ശക്തികളും മറു ചേരിയിലും നിലകൊള്ളുന്നു. മൂന്ന് വ്യത്യസ്ത മേഖകളിലാണ് ഇപ്പോൽ ഈ വിരുദ്ധ ചേരികൾ തമ്മിലുള്ള സംഘർഷം മൂർഛിക്കുന്നത്. ഇത് എങ്ങനെ അവസാനിക്കുമെന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും.
മറുനാടന് മലയാളി ബ്യൂറോ