മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 200 പിന്നിട്ടു. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 609 പേരാണ് ഒമാനിൽ ആകെ മരണപ്പെട്ടത്. ഇതിൽ 406 പേർ സ്വദേശികളും 203 പേർ പ്രവാസികളുമാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. 342 പേരാണ് ഈ വിഭാഗത്തിൽ മരണപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

മരിച്ച സ്വദേശികളുടെയും പ്രവാസികളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ 460 പേരും പുരുഷന്മാരാണ്. മരണപ്പെട്ടതിൽ 243 പേരും മസ്‌കത്തിൽ ചികിത്സയിലിരുന്നവരാണ്. വടക്കൻ ബാത്തിനയിൽ 144 പേരും തെക്കൻ ബാത്തിനയിൽ 91 പേരും ദോഫാറിൽ 25 പേരും ദാഖിലിയയിൽ 31 പേരും തെക്കൻ ശർഖിയയിൽ 39 പേരും ബുറൈമിയിൽ 13 പേരും ദാഹിറയിൽ ഏഴുപേരും അൽ വുസ്തയിൽ മൂന്നുപേരും വടക്കൻ ശർഖിയയിൽ 13 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തെ കുറിച്ച പ്രതിദിന അറിയിപ്പ് ഉണ്ടായിരുന്നില്ല.

വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രോഗികളുടെ എണ്ണത്തെ കുറിച്ച അറിയിപ്പ് ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.