കുവൈത്ത് സിറ്റി: നാട്ടിൽ പോവാൻ ടിക്കറ്റെടുത്ത കാസർകോട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് തൃക്കരിപ്പൂർ കൈക്കൂട്ടുകടവ് പൂവളപ്പിൽ എൻ. ഉമർ ഫാറൂഖ് ആണ് മരിച്ചത്. 47 വയസായിരുന്നു പ്രായം. ജൂലൈ 19നാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകുവാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

എന്നാൽ വിമാന സർവീസ് നിലയ്ക്കുകയും പിന്നീട് ജൂലൈ അവസാനം കോവിഡ് ബാധിച്ച് മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ആസ്മ രോഗി കൂടിയായ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായാണ് മരണം സംഭവിച്ചത്. പിതാവ്: ഷാഹുൽ ഹമീദ്. മാതാവ്: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ ഖബറടക്കും.