അദാനിക്ക് ലാഭം കൊയ്യാൻ കൂട്ടുനിന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി എസ്.മനോജ് കുമാർ. ലേലത്തിന് സർക്കാരിനെ സഹായിക്കാൻ ഏൽപ്പിച്ചവർക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ സംസ്ഥാനത്തിന്റെ പൊതുതാൽപര്യം ബലി കൊടുക്കുകയായിരുന്നു. ഈ വകയിലും പൊതു ഖജനാവ് ധൂർത്ത് അടിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ വരണമെന്ന് സർക്കാരിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അദാനി കുടുംബ അംഗം പാർട്ണർ ആയ സ്ഥാപനത്തെ ലേലവുമായി ബന്ധപ്പെട്ട സഹായത്തിനായി ഏൽപ്പിക്കില്ലായിരുന്നു. ഇതോടെ സർക്കാരിന്റെ വിശ്വാസ്യത തകരുകയാണ്. ലേലവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ സ്വഭാവവും നഷ്ടപ്പെടുത്തി സർക്കാരിന്റെ ഈ നടപടി കോഴിയുടെ സംരക്ഷണം കുറുക്കനെ ഏൽപ്പിച്ച് പ്രതിഫലവും കൊടുത്തതുപോലെയായി.

സർവകക്ഷി യോഗം വിളിച്ചു ചേർത്ത് നടത്തിയ ചർച്ച പ്രഹസനമാക്കി എല്ലാ രാഷ്ട്രീയ കക്ഷികളെയും കേരള ജനതയെയും മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നുവെന്നും മനോജ്കുമാർ പറഞ്ഞു.