ദോഹ: രാജ്യത്ത് കൂടിവരുന്ന ചൂടിൽ നിന്നും രക്ഷ നേടുവാൻ ബീച്ചുകളിലേക്ക് കുടുംബവുമായും കൂട്ടുകാർക്കൊപ്പവും എത്തുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്. ബീച്ചുകളിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പരിശോധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.

കടൽത്തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയേറെയാണ്. അതിനാൽ, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് മാത്രം ബീച്ചുകളിലേക്ക് പോകുവാനും ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാത്രമല്ല, ബീച്ചുകളിലും പൂളുകളിലും നീന്താൻ ഇറങ്ങുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ കൂടെയുള്ള മുതിർന്നവർ ശ്രദ്ധിക്കുകയും വേണം. നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം നീന്തണം. നീന്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചിരിക്കണം.

ബീച്ചുകളിലിറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിക്കണം. വെള്ളത്തിൽമുങ്ങി അപകടം പറ്റുന്നവർക്കുള്ള പ്രാഥമിക ശുശ്രൂഷയായ സി.പി.ആർ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടായിരിക്കണം.

കടലിലും തീരത്തും കടൽക്ഷോഭത്തിനും കടൽചുഴികൾക്കും സാധ്യതയേറെയാണ്. രക്ഷിതാക്കളും കുട്ടികളും കുടുംബങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തീരക്കടലിൽ കണ്ടുവരുന്ന റിപ് കറന്റ് പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ കുളിക്കാനിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.