കൂത്തുപറമ്പ്: കൂത്തു പറമ്പ് നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഗൾഫിൽ നിന്നെത്തിയ യുവാവിന്റെ ബന്ധുക്കളും മലപ്പുറത്തു നിന്നുമെത്തിയ ഗുണ്ടകളുമാണ് നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. മലപ്പുറത്തു നിന്നെത്തിയ ഗുണ്ടാ സംഘത്തെ യുവാവിന്റെ ബന്ധുക്കൾ മർദ്ദിച്ച് അവശരാക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണം് നാടിനെ നടുക്കി നഗരമധ്യത്തിൽ ഗുണ്ടാവിളയാട്ടം നടന്നത്. ഗൾഫിൽ നിന്നും എത്തിയ യുവാവിനെ തേടിയാണ് ഗുണ്ടകൾ നഗരത്തിലെത്തിയത്. ഇത് മനസ്സിലാക്കി ഗുണ്ടകളെ തല്ലാൻ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതോടെയാണ് രംഗം സംഘർഷഭരിതമായത്.

പാറാലിൽ നിർദിഷ്ട ബസ് സ്റ്റാൻഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇരിട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോകാനാണ് മലപ്പുറത്തു നിന്നുള്ള ക്വട്ടേഷൻ ടീം. തുടർന്ന് യുവാവിന്റെ ബന്ധുക്കളും മലപ്പുറം സംഘവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ പൊലീസ് പൊക്കിയപ്പോഴാണ് യഥാർത്ഥ കാരണം മനസ്സിലാകുന്നത്. ഗൾഫിൽ നിന്നും സ്വർണക്കടത്ത് നടത്തിയതിന്റെ കാരിയറായിരുന്നു യുവാവ്. ഈ സ്വർണം നാട്ടിലെത്തിയപ്പോൾ ഉടമയെ ഏൽപ്പിക്കാതെ മുങ്ങിയതോടെയാണ് മലപ്പുറത്തും ഗുണ്ടകൾ യുവാവിന തേടി കണ്ണൂരിലെത്തിയത്.

യുവാവ് ഗൾഫിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടു വന്നതായും ഇത് ഉടമയെ ഏൽപിക്കാത്തതിനാൽ ആണ് ക്വട്ടേഷൻ ടീം കൂത്തുപറമ്പിൽ എത്തിയതെന്നും പറയുന്നു. ഈ മാസം 9നാണ് ദിൻഷാദ് എന്ന പേരാമ്പ്ര സ്വദേശി സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ധാരണ പ്രകാരം ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ സ്വർണം കൈമാറണമായിരുന്നു. എന്നാൽ സ്വർണം ഉടമയെ ഏൽപ്പിക്കാതെ യുവാവ് മുങ്ങി. സ്വർണം കിട്ടാതായതോടെ യുവാവിനെ അന്വേഷിച്ചു പേരാമ്പ്രയിലും ഇരിട്ടിയിലെ ഭാര്യ വീട്ടിലും ഗുണ്ടാസംഘം എത്തി. പിന്നീട് ഇവർ എങ്ങനെയോ മൊബൈൽ ടവർ ലൊക്കേഷൻ സംഘടിപ്പിച്ചാണു കൂത്തുപറമ്പിലെത്തുന്നത്. ദിൻഷാദിന്റെ നിരീക്ഷണ കാലാവധി ഇന്നലെ അവസാനിക്കുന്ന വിവരം അറിഞ്ഞാണ് ഇവിടെ സംഘം പ്രത്യക്ഷപ്പെട്ടത്.

രണ്ട് വാഹനങ്ങളിലായി മലപ്പുറത്തു നിന്നും ഗുണ്ടാ സംഘം എത്തി. ക്വാറന്റൈൻ കേന്ദ്രത്തിനകത്ത് കയറിയ ഗുണ്ടാസംഘത്തിലെ നാലു പേർ കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നു ദിൻഷാദിനെ എടുത്തുകൊണ്ടുവന്നു കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിനകത്തു നിന്നും യുവാവിനെ രണ്ടുപേർ ചേർന്നു ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം ഗുണ്ടാ സംഘം എത്തുന്ന വിവരം നേരത്തെ മനസ്സിലാക്കിയ യുവാവിന്റെ അളിയനും സംഘവും ഈ സമയം ഇവിടെ എത്തി.

ദിൻഷാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ മറ്റൊരു കാറിൽ എത്തി ഇവരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. തുടർന്നാണു നാട്ടുകാരിൽ നിന്നു വിവരം അറിഞ്ഞ് പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്പോഴേക്ക് മലപ്പുറത്തു നിന്ന് എത്തിയ സംഘത്തെ ദിൻഷാദിന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്നു മർദിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ രണ്ടുപേർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനു നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്തു നിന്നെത്തിയവരെ മർദിച്ചതിനു കൊലപാതക ശ്രമത്തിന് 4 പേർക്ക് എതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവർ ഒന്നും പറയാൻ തയാറായില്ല.

വിസ സംബന്ധമായ വിഷയമാണ് പ്രശ്‌നത്തിൽ കലാശിച്ചതെന്നാണു മൊഴി നൽകിയത്. പിന്നീടു വിശദമായി ചോദ്യം ചെയ്തതോടെയാണു യഥാർഥ കാരണം പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൂത്തുപറമ്പ് കേന്ദ്രീകരിച്ച് സ്വർണക്കടത്തു നടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. സിഐ ബിനു മോഹൻ, എസ്‌ഐമാരായ കെ.ടി.സന്ദീപ്, പി.ബിജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.