രാജ്യസഭയിൽ റെക്കോർഡ് മലയാളി പ്രാതിനിധ്യം. എം വി ശ്രേയാംസ്‌കുമാറിന്റെ ജയത്തോടെ 14 മലയാളികളാണ് രാജ്യസഭയിലുള്ളത്. കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 9 പേരുൾപ്പെടെയാണ് രാജ്യസഭയിലെ മലയാളികളുടെ എണ്ണം 14 ആയത്.

ശ്രേയാംസ്‌കുമാറിനു പുറമേ എ.കെ. ആന്റണി, വയലാർ രവി, ബിനോയ് വിശ്വം, എളമരം കരീം, കെ.സോമപ്രസാദ്, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ്, ജോസ് കെ.മാണി എന്നിവരാണു രാജ്യസഭയിൽ കേരളത്തിന്റെ പ്രതിനിധികൾ. മഹാരാഷ്ട്രയിൽ നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ, രാജസ്ഥാനിൽ നിന്ന് അൽഫോൻസ് കണ്ണന്താനം, കെ.സി. വേണുഗോപാൽ, കർണാടകയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ എന്നിവരും രാജ്യസഭയിലുള്ള മലയാളികളാണ്; നോമിനേറ്റഡ് അംഗമായി സുരേഷ് ഗോപിയും.

നേരത്തേ 2 തവണ രാജ്യസഭയിലെ മലയാളി പ്രാതിനിധ്യം 13 ആയിട്ടുണ്ട്. 1964-65 ൽ കേരളത്തിലെ 9 എംപിമാർക്കു പുറമേ ലക്ഷ്മി എൻ.മേനോൻ (ബിഹാർ), പി.കെ. കുമാരൻ (ആന്ധ്രപ്രദേശ്), ഡോ. ജി.രാമചന്ദ്രൻ, കെ.എം. പണിക്കർ (നോമിനേറ്റഡ്) എന്നിവരും രാജ്യസഭയിലെത്തി. 1992-97 ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ, പ്രഫ. എം.ജി.കെ. മേനോൻ, ഒ.രാജഗോപാൽ, സി.എം. ഇബ്രാഹിം എന്നീ മലയാളികളും കേരളത്തിന്റെ ക്വോട്ടയ്ക്കു പുറത്തുനിന്നു സഭയിലുണ്ടായിരുന്നു.