- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറിൽ ഇരുന്ന മക്കളുടെ അടുത്തേക്ക് നടന്നു നീങ്ങിയ കറുത്ത വർഗ്ഗക്കാരനെ വെടിവച്ചു വീഴ്ത്തി അമേരിക്കൻ പൊലീസ്; ജോർജ്ജ് ഫ്ളോയ്ഡ് കലാപം തീരും മുൻപ് അമേരിക്കയിൽ കത്തിപ്പടർന്ന് മറ്റൊരു കലാപം കൂടി; കറുത്ത വർഗ്ഗക്കാരുടെ ലഹളക്ക് തീപിടിച്ചതോടെ നാഷണൽ ഗാർഡിനെ രംഗത്തിറക്കി നിയന്ത്രിക്കാൻ ശ്രമിച്ച് ട്രംപ്; അമേരിക്ക വീണ്ടും കലാപഭൂമിയാകുമ്പോൾ
വംശീയവിദ്വേഷം വീണ്ടും അമേരിക്കയിൽ അശാന്തി പടർത്തുന്നു. കെനോഷയിൽ നിരായുധനായ ഒരു കറുത്തവർഗ്ഗക്കാരനെ വെടിവെച്ചുവീഴ്‌ത്തിയ പൊലീസിന്റെ നടപടിയാണ് നഗരത്തിൽ മറ്റൊരു കലാപത്തിന് വഴിതെളിച്ചത്. കലാപം കൂടുതൽ രൂക്ഷമാകാതിരിക്കാൻ നാഷണൽ ഗാർഡിലെ 125 ഗാർഡുമാരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഡെമോക്രാറ്റിക് ഗവർണർ ടോണി ഈവ്രിസ് പറഞ്ഞു. ഇന്നലെ രാത്രി 8 മണിമുതൽ ഇന്ന് രാവിലെ 7 മണിവരെ നഗരത്തിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ ജേക്കബ് ബ്ലേക്ക് എന്ന 29 കാരന്റെ വീട്ടിലെത്തിയ പൊലീസ് അയാളെ സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച് ഏഴുപ്രാവശ്യമാണ് പുറകിൽ നിന്നും വെടികെച്ചത്. ബ്ലേക്കിനെ വെടിവയ്ക്കുന്ന വീഡിയോ പെട്ടെന്നു തന്നെ വൈറലായി. കോപാക്രാന്ത്രരായ കലാപകാരികൾ നഗരത്തിലിറങ്ങി കാറുകൾക്ക് തീവയ്ക്കുകയും ജനൽ ചില്ലുകൾ തകർക്കുകയുംപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകിട്ട് ആരംഭിച്ച ലഹള തിങ്കളാഴ്‌ച്ച പുലർച്ചെവരെ തുടർന്നു.
ഡസൻ കണക്കിന് കാറുകൾ കത്തിനശിച്ച ഞെട്ടിക്കുന്ന ചിത്രങ്ങളാണ് കെനോഷയിൽ നിന്നും വരുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ബോർഡുകളും മറ്റും വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. മിൽവോക്കിലെ ഫ്രോടെർട്ട് ആശുപത്രിയിൽ ഐ സി യു വിൽ പ്രവേശിപ്പിച്ച ബ്ലേക്കിന്റെ നില മാറ്റമില്ലാതെ തുടരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.
ചാമ്പലായ കടകളും പൊട്ടിത്തകർന്ന ചില്ലുജാലകങ്ങളും കണികണ്ടുകൊണ്ടാണ് ഇന്നലെ കെനോഷ ഉറക്കമുണരുന്നത്. ഒരു പ്രാദേശിക ഓട്ടോമൊബൈൽ ഡീലറായ കാർ സോഴ്സ് എന്ന സ്ഥാപനത്തിനാണ് കനത്ത നാശമുണ്ടായത്. കാറുകളുടെ ഒരു നിര തന്നെ അഗ്‌നിയിൽ വെന്തെരിയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബ്ലേക്കിന് വെടിയേറ്റ സ്ഥലത്തിന് അടുത്തുവച്ച് ഒരു പൊലീസുകാരനെ കല്ലെറിഞ്ഞ് വീഴ്‌ത്തുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.പൊലീസ് വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായി.
വൈകിട്ട് 5 മണിയോടെയാണ് ബ്ലേക്കിന് വെടിയേൽക്കുന്നത്. നിരത്തരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്ക് നടന്നു നീങ്ങുന്ന ബ്ലേക്കിന് നേരെ തോക്കു ചൂണ്ടി അലറുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ലഭ്യമാണ്. ഡ്രവറുടെ ഭാഗത്തെ വാതിൽ തുറന്ന് ബ്ലേക്ക് അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് അയാളുടെ ഷർട്ടിൽ പിടിച്ചു വലിക്കുന്നതും വാഹനത്തിനകത്തേക്ക് വെടിവയ്ക്കുന്നതും വീഡിയോയിൽ കാണാം. ഏഴോളം വെടിയൊച്ചകൾ വീഡിയോയിൽ കേൾക്കാം എന്നാൽ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തുവോ എന്നത് വ്യക്തമല്ല.
പിതാവിന് വെടിയേൽക്കുന്നത് കണ്ടുകൊണ്ട് ബ്ലേക്കിന്റെ മൂന്ന് മക്കൾ അപ്പോൾ ആ കാറിനകത്ത് ഉണ്ടായിരുന്നു. ചില ദൃക്സാക്ഷികൾ പറയുന്നത്, തൊട്ടടുത്ത വീട്ടിൽ രണ്ട് സ്ത്രീകൾ തമ്മിൽ ഉണ്ടായ കലഹം തീർക്കുവാൻ ബ്ലേക്ക് ശ്രമിച്ചു എന്നാണ്. വെടിയുതിർക്കുന്നതിന് മുൻപ്, ഒരു വൈദ്യൂത തോക്ക് ഉപയോഗിച്ച് ബ്ലേക്കിനെ കീഴടക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഒരു കലഹം തീർക്കാൻ ശ്രമിച്ചു എന്നതല്ലാതെ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യന് നേരെ തുരുതുരാ വെടിയുതിർത്ത പൊലീസിന്റെ നീച നടപടിയെ അപലപിച്ചുകൊണ്ട് നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.
നേരത്തേ ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകം ഉയർത്തിയ കലാപത്തിന്റെ തീ അണയും മുൻപേയാണ് സമാനമായ ഒന്ന് വീണ്ടും വരുന്നത്. വംശീയ വെറി അതിന്റെ ഔന്നത്യത്തിൽ നിൽക്കുന്നത് ഏതെങ്കിലും മൂന്നാം ലോക രാജ്യങ്ങളിലല്ല, മറിച്ച് വിദ്യാഭ്യാസത്തിലുംസാങ്കേതിക തികവിലും ആധുനിക ജീവിത വീക്ഷണങ്ങളിലും മുന്നിട്ടു നിൽക്കുന്നു എന്ന് ലോകം വിശ്വസിക്കുന്ന അമേരിക്കയിലാണെന്നതാണ് തികച്ചും വിചിത്രമായ കാര്യം.
അതേസമയം കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കാതെ രാഷ്ട്രീയനേതാക്കൾ എടുത്തുചാടി സാഹചര്യം വഷളാക്കുകയാണെന്നാണ് പൊലീസ് യൂണിയൻ പറയുന്നത്. സംഭവത്തിന്റെ പൂർണ്ണമായ സ്ഥിതി വീഡിയോയിൽ ലഭ്യമല്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ കോടതി രേഖകളിൽ ജൂലായ് 6 ന് ബ്ലേക്കിന്റെ പേരിൽ ഒരു ലൈംഗിക പീഡന കേസ് റെജിസ്റ്റർ ചെയ്തതായി കാണിക്കുന്നു. അതിനെ തുടർന്ന് ഒരു അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ അതിൽ ബ്ലേക്കിന്റെ അറ്റോർണി ആരെന്ന വിവരമില്ല. ഈ വെടിവയ്‌പ്പും പീഡനകേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും വെളിവായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ