ദോഹ: ഖത്തറിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ 31 അംഗ സംഘം അറസ്റ്റിലായി. എസ്എംഎസ് സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി ഒരു കോടി റിയാലിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘമാണ് പിടിയിലായത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ ആറ് മണിക്കൂർ നീണ്ട രഹസ്യ നീക്കത്തിലൂടെയാണ് തട്ടിപ്പ് സംഘത്തെ കുടുക്കിയത്.

ബാങ്കിന്റെ പേരിൽ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ നിരവധി പേരാണ് കുടുങ്ങിയത്. പലരിൽ നിന്നായാണ് ഒരു കോടി റിയാലിൽ അധികം തുക പ്രതികൾ തട്ടിയെടുത്തത്. സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4,000 സിം കാർഡുകൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഇക്കാലയളവിൽ രാജ്യത്ത് 960 ഓളം എസ്എംഎസ് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ പേരിൽ വ്യക്തികൾക്ക് വ്യാജ എസ്എംഎസ് അയക്കുകയും വിശ്വാസ്യത നേടിയ ശേഷം അവരുടെ ബാങ്ക് അക്കൗണ്ട്, ഓൺലൈൻ ബാങ്കിങ് പാസ് വേർഡ്, ക്രെഡിറ്റ് കാർഡ് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് അക്കൗണ്ടുകളിലെ പണം രാജ്യത്തിന് പുറത്തെ തട്ടിപ്പ് സംഘത്തിന്റെ കൂട്ടാളികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. പണം നഷ്ടപ്പെടുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം വ്യക്തികൾ അറിയുന്നത്.

പ്രതികളുടെ സിം കാർഡുകൾ ട്രാക്ക് ചെയ്ത് നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചാണ് ആറ് മണിക്കൂർ നീണ്ട രഹസ്യ നീക്കത്തിലൂടെ അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തട്ടിപ്പ് സംഘത്തിന്റെ കൂട്ടാളികൾ രാജ്യത്തിന് പുറത്തുമുണ്ട്.

രാജ്യത്ത് എസ്എംഎസ് തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് സാമ്പത്തിക-ഇലക്ട്രോണിക് ക്രൈം പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അപരിചിതരായ വ്യക്തികൾക്ക് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ചതിയിൽ വീഴുന്നവർ ഏറെയാണ്.