ചെന്നൈ: സുപ്രീം കോടതി ജഡ്ജിയും രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്ന എ.ആർ.ലക്ഷ്മണൻ (78) അന്തരിച്ചു. രാജസ്ഥാൻ, ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം ലോ കമ്മിഷൻ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മീനാക്ഷി ആച്ചി മരിച്ച് രണ്ടാം ദിവസമാണ് ജസ്റ്റിസ് ലക്ഷ്മണന്റെ വിയോഗവും. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ചെറുമകന്റെ വിവാഹദിവസമായിരുന്നു മീനാക്ഷി മരിച്ചത്.

ഒട്ടേറെ സുപ്രധാന വിധി ന്യായങ്ങൾ പുറപ്പെടുവിച്ച ജസ്റ്റിസ് ലക്ഷ്മണന്ഡ കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ, പൊതു സ്ഥലത്തു പുകവലി നിരോധിച്ചത് അദ്ദേഹവും ജസ്റ്റിസ് കെ.നാരായണക്കുറുപ്പും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്. തമിഴ്‌നാട്ടിലെ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട കേസിൽ, സർക്കാർ ഉദ്യോഗസ്ഥർക്കു സമരം ചെയ്യാൻ അവകാശമില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചതു ചർച്ചയായി. സുപ്രീംകോടതി ജഡ്ജിയായിരിക്കെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞതും വാർത്തയായിരുന്നു.

യുപി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ആസ്തികളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ്, തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിക്കത്ത് ലഭിച്ചെന്നറിയിച്ച് ജസ്റ്റിസ് ലക്ഷ്മണൻ വിങ്ങിപ്പൊട്ടിത്. വിരമിക്കാൻ ആറ് ദിവസം ബാക്കിനിൽക്കെയായിരുന്നു സംഭവം. ഹർജി വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയും ചെയ്തു.

അറിയപ്പെടുന്ന അഭിഭാഷകനായിരുന്ന ലക്ഷ്മണൻ 1990ലാണു മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. പിന്നീട് കേരള ഹൈക്കോടതിയിൽ സേവനം. 1997, 2000 വർഷങ്ങളിൽ ആക്ടിങ് ചീഫ് ജസ്റ്റിസ്. 2002-ൽ സുപ്രീം കോടതി ജഡ്ജി. വിരമിച്ച ശേഷം ലോ കമ്മിഷൻ ചെയർമാൻ. മുല്ലപ്പെരിയാർ പ്രശ്‌നം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ തമിഴ്‌നാടിന്റെ പ്രതിനിധിയായിരുന്നു. നീതിയിൻ കുറൽ, ദ് ജഡ്ജ് സ്പീക്ക്‌സ് എന്നിവയാണു ശ്രദ്ധേയ പുസ്തകങ്ങൾ. ശിവഗംഗ ജില്ലയിലെ ജന്മനാടായ ദേവർകോട്ടയിൽ സംസ്‌കാരം നടത്തി. മുതിർന്ന അഭിഭാഷകൻ എ.ആർ.എൽ. സുന്ദരേശനുൾപ്പെടെ 4 മക്കളുണ്ട്.