- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ വർഷം മാത്രം ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകിയത് 20,000 പേർക്ക്; അസൈലം വിസ നേടുന്നവരിൽ ഏറെയും ഇറാനികളും ഇറാഖികളും അൽബേനിയക്കാരും; വളഞ്ഞ വഴിയിലൂടെ യു കെയിൽ എത്തുന്നവർ പെരുകുമ്പോൾ
ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത് ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടുന്നവരുടെ എണ്ണം 2013 ന് ശേഷം ഇരട്ടിയായി വർദ്ധിച്ചു എന്നാണ്. അഭയത്തിനുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതിനേക്കാളേറെ ഇപ്പോൾ സ്വീകരിക്കപ്പെടുന്നുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2013-ൽ 9,605 അപേക്ഷകൾ സ്വീകരിക്കപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ഇത് 20,692 ആയിരുന്നു. അതുമാത്രമല്ല, ഈ കോറോണ പ്രതിസന്ധിക്കിടയിലും, അഭയം, മനുഷ്യത്വപരമായ സംരക്ഷണം, മറ്റു പരിഗണനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജൂൺ മാസം വരെ 16,952 പേക്ക് ബ്രിട്ടൻ അഭയം നൽകി എന്നും രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൽ ഈ വർഷം അഭയം നൽകിയവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും അതിന് മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇറാൻ, ഇറാഖ് അൽബേനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ അഭയം തേടുന്നവരിൽ ഭൂരിഭാഗവും. അഭയാർത്ഥികളുടെ പ്രവാഹത്തിന്റെ പേരിൽ അഭിഭാഷകരെ വില്ലന്മാരായി ആഭ്യന്തര വകുപ്പ് ചിത്രീകരിച്ചു എന്ന ആക്ഷേപം ഉയർന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച്ച, ഫ്രാൻസിസ് കൊടുങ്കാറ്റ് ദുരന്തം വിതക്കുന്നതിനിടയിൽ ഡോവറിൽ ധാരാളം അനധികൃത കുടിയേറ്റക്കാർ എത്തുകയുണ്ടായി. ബോർഡർ ഫോഴ്സിന്റെ സ്പീഡ്ബോട്ടുകളിൽ എത്തിച്ച ഇവരെ കെന്റ് പോർട്ടിലാണ് ഇറക്കിയത്. ഇത്തരത്തിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിൽ ആക്ടിവിസ്റ്റുകളായ അഭിഭാഷകർ തടസ്സം സൃഷ്ടിക്കുന്നു എന്ന് അഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരേയും വഹിച്ചുകൊണ്ടുപോകുന്ന ഒരു വിമാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ വന്നിരുന്നു. ഇത് അത്യന്തം നിന്ദ്യവും ഞെട്ടിപ്പിക്കുന്നതുമായ നടപടിയാണെന്ന് ഒരുകൂട്ടം മുതിർന്ന അഭിഭാഷകർ അഭിപ്രായപ്പെട്ടിരുന്നു. 2020-ൽ ഇതുവരെ 5,000 ത്തോളം കുടിയേറ്റക്കാരാണ് ചെറുബോട്ടുകളിലായി ബ്രിട്ടനിലെത്തിയിട്ടുള്ളത്.
ബ്രിട്ടനിൽ താമസിക്കുവാൻ ഒരു അവകാശവുമില്ലാത്ത അനധികൃതരായ കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയാണ് എന്ന തലക്കെട്ടോടെ വന്ന വീഡിയോ 24 മണിക്കൂറിനുള്ളിൽ ആറര ലക്ഷത്തോളം പേരാണ് കണ്ടത്. നിയമവ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് വിചാരണയൊന്നും കൂടാതെ ഇവരെ തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇത്തരക്കാർക്കായി ശബ്ദമുയർത്തുന്നവരെ ആക്ടിവിസ്റ്റ് അഭിഭാഷകർ എന്നു വിളിച്ചു എന്ന ആക്ഷേപമുയരുന്നത്.
മുൻ ചീഫ് പ്രോസിക്യുട്ടർ ആയ നസീർ അഫ്സൽ ഇതിനെ കുറിച്ച് പ്രതികരിച്ചത് ആക്ടിവിസ്റ്റായ അഭിഭാഷകർ മനുഷ്യാവകാശം ഉറപ്പാക്കുന്നു എന്നാണ്. ലേബർ എം പി സ്റ്റെല്ല ക്രീസിയും സർക്കാരിന്റെ നടപടികൾക്കെതിരായി രംഗത്ത് വന്നിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചത് തികച്ചും ലജ്ജാകരമായ നടപടി മാത്രമല്ല, അത് തികച്ചും ഉപയോഗശൂന്യവുമാണ്. കാരണം ഇത്തരത്തിലുള്ള ചെറുബോട്ടുകൾ വന്നുകൊണ്ടേയിരിക്കും. അവർ പറയുന്നു.
ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിൽ അഭ്യന്തരവകുപ്പിനെ സഹായിക്കുവാനായി റോയൽ നേവി കപ്പലുകളും ബോർഡർ സെക്യുരിറ്റി ഫോഴുസും ഒരു പരിശീലനത്തിൽ പങ്കെടുത്തു. എന്നാൽ ഇത് പരിശീലനം മാത്രമാണെന്നും, നാവികസേനയെ ചാനലിൽ വിന്യസിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് അറിയുവാൻ കഴിയുന്നത്.
ഇത്തരത്തിൽ ചെറുവള്ളങ്ങളിൽ കുടുംബത്തോടൊപ്പമല്ലാതെ കുട്ടികൾ എത്തിയാൽ അവരെ ബോർഡർ ഫോഴ്സിന്റെ ഇൻടേക്ക് യൂണിറ്റിൽ പാർപ്പിക്കുമെന്ന് കഴിഞ്ഞയാഴ്‌ച്ച ഒരു പ്രഖ്യാപനമുണ്ടായിരുന്നു. കെന്റ് കൗണ്ടി കൗൺസിലിന്റെ കെയർ ഹോമുകളിൽ ഇടമില്ലാത്തതിനാലാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. അതിന് ശേഷം മറ്റ് ലോക്കൽ അഥോറിറ്റികളിൽ ഇതിനായുള്ള സൗകര്യമുണ്ടെങ്കിൽ അവർക്ക് ഈ കുട്ടികളെ കൈമാറും.
എന്നാൽ ഇത് നിയമവിരുദ്ധമായി തടവിൽ പാർപ്പിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് ചില അഭിഭാഷകർ അഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കുട്ടികളെ കെന്റ് ഇൻടേക്ക് യൂണിറ്റിൽ പിടിച്ചുവയ്ക്കാൻ നിയമപരമായ എന്തധികാരമാണ് എന്നുള്ളത് വ്യക്തമാക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.