ഇരിങ്ങാലക്കുട: വേളൂക്കര കല്ലംകുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടേയും മകന്റെയും മരണത്തിൽ ദുരൂഹത. കരുവാപ്പടി സ്വദേശി കാവുങ്ങൽ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജിയെ (57) വീടിനുള്ളിൽ തൂങ്ങിയ നിലയിലും ഇളയ മകൻ കൊച്ചി ഇൻഫോ പാർക്കിലെ ജീവനക്കാരൻ വിജയ് കൃഷ്ണയെ (26) വീടിനോടു ചേർന്നുള്ള കിണറ്റിലുമാണു കണ്ടെത്തിയത്.

അഴുകിത്തുടങ്ങിയ രണ്ട് മൃതദേഹങ്ങളുടെയും കൈഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. വീടിനുള്ളിൽ തൂങ്ങി മരിച്ച രാജിയുടെ കാലുകൾ നിലത്തു മുട്ടുന്ന നിലയിലും കണ്ടെത്തിയതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാകുന്നത്. മരണകാരണം അവ്യക്തമായി തുടരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും ആത്മഹത്യ ചെയത് എന്നാണെന്ന് ഇനിയും കണ്ടെത്താനുണ്ട്. രാജിയുടെ തറവാട്ടു വീട്ടിലാണ് രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അങ്കമാലിയിൽ ബാങ്കിൽ സുരക്ഷാ ജീവനക്കാരനായ ജയകൃഷ്ണൻ ജോലി കഴിഞ്ഞെത്തിയപ്പോൾ കരുവാപ്പടിയിലെ വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് കല്ലംകുന്നിലുള്ള വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

രാജിയെയും വിജയ് കൃഷ്ണയെയും അയൽവാസികൾ അവസാനമായി കണ്ടത് ചൊവ്വാഴ്ച വൈകിട്ടാണ്. അന്നു രാത്രി ചാലക്കുടിയിലെ ബന്ധുവീട്ടിലേക്കു പോകുമെന്നു വിജയ് ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. രാജിയുടെ മൂത്തമകൻ വിനയ് കൃഷ്ണനെ ഫോണിൽ കിട്ടാത്തതിനാൽ മരണവിവരമറിയിക്കാൻ കഴിഞ്ഞിട്ടില്ല.