- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ വിപ്ലവകാരി മഹാത്മ അയ്യൻകാളിയുടെ ജന്മജയന്തി ആഘോഷിച്ചു
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി ജയന്തി ആചരിച്ചു. നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട നവകേരളത്തിന്റെ തിളങ്ങുന്ന വർത്തമാനകാല മുഖങ്ങൾക്കപ്പുറം ത്യാഗ തീഷ്ണതയുടെ ഇരുണ്ട പോരാട്ടങ്ങളുടെ യുഗമുണ്ട്.ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ വിപ്ലവകാരി മഹാത്മ അയ്യൻകാളിയുടെ പോരാട്ടങ്ങൾ മറന്ന് കൊണ്ട് നമ്മുടെ ചരിത്രത്തിന് മുന്നോട്ട് യാത്ര ചെയ്യാനാകില്ല. അവർണർക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് സവർണർക്കു മാത്രം നിശ്ചയിച്ച വഴി പൊതുവഴിയാക്കുവാൻ യാചിക്കുകയല്ല അവകാശം സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത് എന്ന് പ്രഖ്യാപിച്ച് പ്രഭുക്കന്മാർക്ക് മാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത് വില്ലുവണ്ടി വിലക്ക് വാങ്ങി പൊതുനിരത്തിലൂടെ സഞ്ചരിച്ച സാമൂഹ്യപരിഷ്‌കർത്താവ്. ജാതി കേരളത്തെ ജനാധിപത്യവൽക്കരിച്ച വിപ്ലവകാരി.
വിദ്യാഭ്യാസം നേടാൻ അവകാശമില്ലാത്ത ജനതയ്ക്ക് സ്വന്തമായി പള്ളിക്കൂടം സ്ഥാപിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഭാരതത്തിന്റെ മഹാനായ പുത്രനെന്ന് വിളിച്ച അയ്യന്റെയും മാലയുടെയും മകൻ.... 1905 ൽ ദളിത് ജനതയ്ക്ക് ഒരു പൊതു സംഘടനയായ സാധുജന പരിപാലനസംഘം അയ്യൻകാളി രൂപീകരിച്ചു. സമുദായത്തിന് മാനുഷിക മുഖം നൽകുവാനും സംഘത്തെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിനും അദ്ദേഹത്തിന്കഴിഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ വർഗത്തിന് മുന്നേറുവാൻ കഴിയൂ എന്ന് അയ്യൻകാളി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സമരങ്ങളിൽ കൂടുതലും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിരുന്നു.
ദളിത് വർഗത്തിന്റെ സ്‌കൂൾ പ്രവേശനത്തിനുവേണ്ടി 1907 ൽ അയ്യൻകാളി നടത്തിയ പണിമുടക്ക് സമരം ലോകത്തിലെ ആദ്യ കർഷക തൊഴിലാളി സമരമായിരുന്നു. പണിമുടക്ക് എന്ന് കേട്ടുകേൾവി പോലുമില്ലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സമരം നടന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാട്ത്ത് മട്ടി പുല്ല് വിളയും എന്ന് പ്രഖ്യാപിച്ച പണിമുടക്ക് നടത്തി കർഷകസമരം നയിച്ച കർഷകസമരത്തിന്റെ നായകൻ.സ്‌കൂൾ പ്രവേശനത്തോടൊപ്പം അദ്ദേഹം മൂന്നോട്ടുവച്ച ആവശ്യങ്ങൾ തികച്ചും സാമൂഹ്യ നന്മയുടെ അടയാളമായിരുന്നു.
വേലയ്ക്ക് കൂലി പണമായി നൽകണം, ഞായർ പൊതു അവധിയായിരിക്കണം, ജോലിക്ക് സമയക്ലിപ്തത ഉണ്ടായിരിക്കണം, ഗർഭിണികളേയും കുട്ടികളേയും തൊഴിലിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. വിദ്യാഭ്യാസത്തെ സാർവത്രികവും മൗലികവുമാക്കുവാൻ കഴിഞ്ഞു എന്നതാണ് പണിമുടക്ക് സമരത്തിന്റെ വലിയ മേന്മ.
1911 ഫെബ്രുവരി 13-ാം തീയതി അയ്യൻകാളിയെ പ്രജാസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദളിതരുടെ ഭൂമി പ്രശ്‌നം, സർക്കാർ തൊഴിൽ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, അയിത്തനിർമ്മാർജനം തുടങ്ങിയ വിഷയങ്ങൾ പ്രജാസഭയിലുയർത്തുകയും നേടിയെടുക്കുന്നതിന് സാധുജന പരിപാലന സംഘത്തിലൂടെ സമരപോരാട്ടം നടത്തുകയും ചെയ്തു. 1936 നവംബർ 12 ന് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ക്ഷേത്ര പ്രവേശന വിളംബരത്തിൽ അയ്യൻകാളി ആഹ്ലാദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇത് സർ സി പി രാമസ്വാമിയേയും ഭരണകൂടത്തേയും ഞെട്ടിച്ചു. കല്ലായ വിഗ്രഹത്തിന് പണം വേണ്ട അത് വിശക്കുന്ന കുഞ്ഞിന് പാൽ വാങ്ങി കൊടുക്കൂ എന്ന് അയ്യൻകാളി സമുദായത്തെ ഉദ്‌ബോധിപ്പിച്ചു.
ഈ വിപ്ലവകാരിക്ക് ചരിത്രം അർഹമായ പരിഗണന നല്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.സമുദായ നേതാവായി ചരിത്രം എഴുതിയവർ അദ്ദേഹത്തിന്റെ നിർഭയ പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു. അയ്യൻകാളി ഒരു ജാതിക്കുവേണ്ടിയല്ല, ഒരു സമൂഹത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത്.
ലോകത്തെവിടെയും മനുഷ്യാവകാശങ്ങൾക്ക് വെല്ലുവിളി നേരിടുമ്പോൾ പോരാട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത് പ്രാദേശികമായ അസ്വസ്ഥതയിൽ നിന്നുമാണ്. അയ്യൻകാളി നടത്തിയ സമരങ്ങളെ തിരുവിതാംകൂറിൽ നടന്ന പ്രാദേശിക പോരാട്ടമായി മാത്രം കാണുന്ന ചരിത്രകാരന്മാർ ചരിത്ര രചനയോടും അയ്യൻകാളിയോടും ചെയ്തത് അനീതിയാണ്. വില്ലുവണ്ടി യാത്രയും പണിമുടക്കു സമരവും ഇന്ത്യാ ചരിത്രത്തിൽ മഹനീയസ്ഥാനമർഹിക്കുന്നവയാണ്. മടവരമ്പ് മുറിഞ്ഞ് പോയാൽ പുലയനെ ചേറ്റിൽ ചവുട്ടി താഴ്‌ത്തി വരമ്പ് ഉറപ്പിക്കുന്ന കാലത്താണ് ദളിതനായ അയ്യൻകാളി തിരുവതാകൂറിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം നടത്തിയത്. പഞ്ചമി എന്ന ദളിത് ബാലിക പഠിക്കാൻ ചേർന്ന ഉരുട്ടമ്പലത്തിലെ സ്‌കൂളിന് തീ വെച്ച ജന്മിമാർക്ക് ഒടുവിൽ തോൽക്കേണ്ടി വന്നു.
മാനവികതയുടെ നേരും കതിരും പകർന്നുനൽകിയ ലോക വിപ്ലവകാരി മഹാത്മ അയ്യൻകാളിയുടെ 157 മത് ജന്മ ജയന്തി ആഘോഷം മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രശസ്ത കലാകരനും കവിയും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ട്രഷററുമായാ മധു സി.ശൂരനാട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ, അർത്തിയിൽ അൻസാരി, എം.സുൽഫിഖാൻ റാവുത്തർ, ഹർഷ ഫാത്തിമ, മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു.