കോട്ടയം: ഓണച്ചന്തയിലെ ബാനറിൽ മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും പടം വയ്ക്കാത്തതിന്റെ പേരിൽ സസ്‌പെൻഷനിലായ കൃഷി ഓഫിസറെ സർക്കാർ വേട്ടയാടുന്നു. പുതുപ്പള്ളി കൃഷി ഓഫിസർ ഫസ്ലീന അബ്ദുൽ കരീമിനെയാണ് മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും ഫോട്ടോ ഒഴിവാക്കിയതിന് കൃഷിവകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. അതേസമയം പൂർണ്ണമായും ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫസ്‌ലീന. പടം ഒഴിവാക്കിയത് ബോധ പൂർവ്വം അല്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബാനർ മാറ്റുകയും ചെയ്തതായും ഫസ് ലീന പറയുന്നു.

ഓണച്ചന്തയിൽ സ്ഥാപിച്ച ബാനറിലെ പിശകു ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മാറ്റുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തതായി സസ്‌പെൻഷനിലായ ഫസ്ലീന അബ്ദുൽ കരിം പറഞ്ഞു.
വാട്‌സാപ്പിലാണ് ബാനറിന്റെ ഡിസൈൻ ലഭിച്ചത്. ഇതു പ്രിന്റിങ്ങിന് നൽകി. പിന്നീട് ഓണച്ചന്തയിൽ ബാനർ കെട്ടി. ഇതിനു സമീപം കാഴ്ച മറഞ്ഞ് ബദാം മരത്തിന്റെ ശിഖരം നിന്നിരുന്നതിനാൽ ബാനറിൽ മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രം ഇല്ലെന്നതു ശ്രദ്ധയിൽപ്പെട്ടില്ല. ഓണച്ചന്തയുടെ ഉദ്ഘാടനം നടത്തി രണ്ട് മണിക്കൂർ കഴിഞ്ഞാണ് ബാനറിലെ പിശക് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ബാനർ നീക്കി. പകരം മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രമുള്ള മറ്റൊരു ബാനർ സ്ഥാപിച്ചു. ബാനറിലെ പിശകു ചൂണ്ടിക്കാട്ടിയിട്ടും മാറ്റിയില്ലെന്നുള്ള ആരോപണം ശരിയല്ലെന്നും ഫസ്ലീന അബ്ദുൽ കരിം. പറഞ്ഞു.

പുതുപ്പള്ളി പഞ്ചായത്തിൽ കൃഷി വകുപ്പിന്റെ ഓണസമൃദ്ധി ഓണച്ചന്തയിൽ സ്ഥാപിച്ച ബാനറിൽ നിന്നു മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ചിത്രങ്ങൾ നീക്കിയെന്ന പരാതിയെ തുടർന്നാണ് കൃഷി ഓഫിസറെ സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങൾ മുകളിൽ വലത്തെ അറ്റത്ത് ഉണ്ടായിരുന്നു. ബാനറിന്റെ അടിയിൽ കൃഷി ഓഫിസിന്റെ പേരും സ്ഥലവും കൂടി ചേർത്ത് ഓണച്ചന്തകളിൽ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ പുതുപ്പള്ളി പഞ്ചായത്തിലെ ഓണച്ചന്തയിൽ സ്ഥാപിച്ച ബാനറിൽ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങൾ മാത്രം ഒഴിവാക്കിയ നിലയിലായിരുന്നു. കൃത്യമായ മാതൃകയിൽ വേണം എല്ലാ ഓണച്ചന്തകളിലും ബാനർ സ്ഥാപിക്കാൻ എന്നതായിരുന്നു കൃഷിവകുപ്പ് നൽകിയ നിർദ്ദേശം.

വകുപ്പിന്റെ മാനദണ്ഡം ലംഘിച്ച് ബാനർ സ്ഥാപിച്ചതിനെത്തുടർന്നാണ് കൃഷി ഓഫിസറെ സസ്‌പെൻഡ് ചെയ്തതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ സലോമി തോമസ് അറിയിച്ചു. ബാനർ അച്ചടിച്ചപ്പോൾ പ്രസിൽ ഉണ്ടായ അബദ്ധമാണ് മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങൾ ബാനറിൽ നിന്ന് ഒഴിവായതിനു കാരണം. കൃത്യമായ മാതൃക വാട്‌സാപ്പിൽ ലഭിച്ചിരുന്നു. ഇതാണ് പ്രിന്റിങ്ങിന് അയച്ചത്. തിരികെ ലഭിച്ചപ്പോൾ ഇതു പരിശോധിച്ചില്ല. ബാനർ സ്ഥാപിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാണ് ഈ തെറ്റ് ശ്രദ്ധയിൽപെട്ടത്. ഉടൻ ഈ ബാനർ നീക്കി.