കൊലപാതകത്തെ അപലപിക്കാതെ, കൊലപാതകിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട്. കെനോഷയിൽ കഴിഞ്ഞദിവസം രണ്ട് കറുത്തവർഗ്ഗക്കാരെ വെടിവെച്ചുകൊന്ന കെയ്ൽ റിട്ടെൻഹൗസ് എന്ന 17 കാരനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. നിയമവിരുദ്ധമായി കൈവശം വച്ചിരുന്ന തോക്ക് ഉയർത്തി വെടിവെച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അക്രമാസക്തരായ ജനക്കൂട്ടം ആ പാവം പയ്യനെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നാണ് അതിനെ പറ്റി ട്രംപ് പറഞ്ഞത്.

അവൻ ആ ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയും അപ്പോൾ ആൾക്കൂട്ടം അവനെ ആക്രമിക്കുകയുമായിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യം അന്വേഷണത്തിലാണെന്നും, ഇത് തന്റെ ഊഹം മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജേക്കബ് ബ്ലേക്ക് എന്ന കറുത്തവർഗ്ഗക്കാരന് നേരെ പൊലീസ് എട്ടുതവണ വെടിയുണ്ടയുതിർത്തതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെയാണ് ഈ വെടിവെയ്പ് ഉണ്ടായത്. വെടിവയ്പ് നടന്ന കെനോഷ നഗരം സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ഈ സംഭവത്തെ തുടർന്ന് അക്രമകാരികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയപ്പോൾ, പൊലീസിനെ വിശ്വാസമില്ലാതിരുന്ന ജനങ്ങൾ ആയുധം കൈയിലെടുത്ത് സ്വയം രക്ഷിക്കാൻ ഒരുങ്ങി. അതിനിടയിലാണ് ഈ പതിനേഴുകാരൻ ആക്രമിക്കപ്പെട്ടതും സ്വയരക്ഷക്കായി രണ്ടുപേരെ വെടിവെച്ചതും എന്നാണ് ട്രംപിന്റെ അഭിപ്രായം. മാധ്യമങ്ങൾ എത്ര ചോദിച്ചിട്ടും ഈ കൊലപാതകത്തെ അപലപിക്കാൻ പ്രസിഡണ്ട് തയ്യാറായില്ല.

പൊലീസിന് ചിലപ്പോഴൊക്കെ ഒരു തെറ്റ് സംഭവിച്ചേക്കാം എന്നാൽ അത് കൂടെക്കൂടെ ചാനലുകളിൽ എഴുതിക്കാണിച്ച് ആ തെറ്റിനെ പെരുപ്പിക്കുന്നതും നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളിലും ഒരു തീരുമാനമെടുക്കാൻ അവർക്ക് ഒരു സെക്കന്റിന്റെ കാൽഭാഗം പോലും ലഭിക്കാറില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ചെറിയ തെറ്റുകൾ സംഭവിച്ചുപോയാൽ അവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്‌ച്ച കെനോഷ സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനങ്ങൾ വരുന്നത്. വിൻകോസിൻ ഗവർണറുടെ അഭ്യർത്ഥന നിരാകരിച്ചുകൊണ്ടാണ് ട്രംപ് നഗരം സന്ദർശിക്കാനെത്തുന്നത്. ബ്ലേക്കിനെതിരെ വെടിയുതിർത്ത സംഭവത്തിൽ രോഷാകുലരായ പ്രക്ഷോഭകാരികളും പൊതുജന സംരക്ഷകർ എന്നവകാശപ്പെടുന്ന ആയുധധാരികളും രണ്ടുപക്ഷങ്ങളിലായി നിലകൊള്ളുന്ന നഗരത്തിൽ ട്രംപിന്റെ സന്ദർശനം അശാന്തി പടർത്തിയേക്കാം എന്ന് ഗവർണർ ടോണി ഈവേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, തന്റെ സന്ദർശനം അവിടത്തെ ജനങ്ങളുടെ ഉത്സാഹത്തേയും രാജ്യസ്നേഹത്തേയും ഉണർത്തും എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പ്രസിഡണ്ടിനെ സ്വാഗതം ചെയ്യുവാൻ അതിയായ സന്തോഷമുണ്ടെങ്കിലും, ഇതല്ല അതിനു പറ്റിയ സമയം എന്നാണ് കെനോഷ മേയർ പറഞ്ഞത്.

ഈ അവസരത്തിൽ, നഗരത്തിന്റെ മുറിവുണക്കാൻ ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും പ്രസിഡണ്ടിന്റെ സന്ദർശനം അതിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ നാഷണൽ ഗാർഡിനെ വിളിക്കണമെന്ന് നിർബന്ധം പിടിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് കെനോഷ നഗരം അവിടെയുള്ളത് എന്ന് അവകാശപ്പെടുന്ന ട്രംപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

നഗരം സന്ദർശിക്കുന്ന വേളയിൽ, പൊലീസിന്റെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജേക്കബ് ബ്ലേക്കിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കില്ലെന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അവർ കേസുമായി മുന്നോട്ടുപോകുന്നതിനാൽ, അതിന്റെ ഗതിയെ ഒരു കാരണവശാലും സ്വാധീനിക്കരുത് എന്ന നിർബന്ധം കൊണ്ടാണ് അത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വംശവെറിയനായ പ്രസിഡണ്ടിനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലേക്കിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.