ബൈബിൾ കാലഘട്ടത്തിലേക്ക് കൂടുതൽ വെളിച്ചം പകർന്നേക്കാവുന്ന മറ്റൊരു കണ്ടുപിടിത്തം കൂടി. തെക്കൻ ഇസ്രയേലിൽ, ഏകദേശം 3,200 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. 60 അടി നീളവും 60 അടി വീതിയുമുള്ള കോട്ടയുടെ ഓരോ മൂലകളിലും നിരീക്ഷണ ഗോപുരങ്ങളുണ്ട്. കൽപ്പാളികൾ വിരിച്ച നടുമുറ്റവും നടുത്തളത്തിൽ തൂണുകളും ഇവിടെയുണ്ട്. യുദ്ധകാലമെന്ന് ന്യായാധിപരുടെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ക്രി. മു 12-)0 നൂറ്റാണ്ടിലേതാണ് ഈ കോട്ട എന്നാണ് ഗവേഷകരുടെ അനുമാനം.

ആക്രമിക്കാനെത്തുന്ന ഫിലിസ്റ്റീനികളെ തടയുവാൻ, ഒരുപക്ഷെ ഈജിപ്ഷ്യൻ ഭരണാധികാരികളുടെ സഹായത്തോടെ കാനനികൾ നിർമ്മിച്ചതാകാം ഈ കോട്ട എന്നാണ് അനുമാനിക്കപ്പെടുന്നത്. നടുമുറ്റത്തിന്റെ ഇരുഭാഗങ്ങളിലുമായുള്ള മുറികളിൽ നിന്നും നിരവധി മൺപാത്രങ്ങളും ലഭിച്ചു. അതിലൊന്ന് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നതായും അനുമാനിക്കപ്പെടുന്നുണ്ട്. ടെൽ അവീവിൽ നിന്നും 35 മൈൽ അകലെ മാറി കിര്യാട്ട് ഗാറ്റിന് സമീപമുള്ള ഗർവിൻ വനത്തിനുള്ളിലാണ് ഇസ്രയേലി ഗവേഷകർ ഈ സ്ഥലം കണ്ടെത്തിയത്.

ഇതിൽ പ്രതിപാദിക്കുന്ന കാലഘട്ടത്തിൽ കാനൻ ദേശം ഭരിച്ചിരുന്നത് ഈജിപ്തുകാരായിരുന്നു. ഇവിടെ കണ്ടെത്തിയ കളിമൺ പാത്രങ്ങളിലും ഈജിപ്തിന്റെ സ്വാധീനം വ്യക്തമാണ്. ഏകശിലയിൽ നിർമ്മിച്ച, ഏകദേശം 3 ടണ്ണോളം ഭാരം വരുന്ന ഒരു കൂറ്റൻ കവാടം ഇതിന്റെ പ്രവേശനദ്വാരത്തിലുണ്ട്. ന്യായാധിപരുടെ പുസ്തകത്തിൽ പറയുന്ന, കാനനികളും, ഇസ്രയേലികളും ഫില്സ്റ്റീനികളും തമ്മിൽ യുദ്ധം നടത്തിയിരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ ഭൂമിശാസ്ത്ര വിവരണങ്ങളെ ന്യായീകരിക്കുന്നതാണ് ഈ കണ്ടെത്തൽ എന്നാണ് മുതിർന്ന പുരാവസ്തു ഗവേഷകരായ സാർ ഗാനോറും ഇടാമർ വീസ്ബീനും പറയുന്നത്.

ഇക്കാലത്ത് കാനൻ ദേശം ഭരിച്ചിരുന്നത് ഈജിപ്തുകാരായിരുന്നു. ഇപ്പോൾ കണ്ടെത്തിയ കോട്ടയ്ക്ക് ഈജിപ്ഷ്യൻ ഗവർണർ ഭവനങ്ങളുമായി സാമ്യമുണ്ട്. മാത്രമല്ല ഈജിപ്ഷ്യൻ പാത്രങ്ങളുടെ വൃത്തിയായ അനുകരണമാണ് ഇവിടെനിന്നും കണ്ടെടുത്ത മൺപാത്രങ്ങളിലും കണ്ടെത്താനായത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈജിപ്തുകാർ കാനോൻ ദേശം വിട്ടുപോയി. അവർ പോയതോടെ ഇസ്രയേലികളും ഫിലിസ്റ്റീനികളുമായി നിരവധി പ്രാദേശിക യുദ്ധങ്ങളിൽ ഏർപ്പെടേണ്ടിവന്നു കാനനികൾക്ക്. ഈ യുദ്ധത്തിലാണ് കാനോൻ ദേശത്തെ പല നഗരങ്ങളും നാമാവശേഷമാകുന്നത്.

മദ്ധ്യ പർവ്വത നിരകളിൽ, കോട്ടകെട്ടി സംരക്ഷിക്കാത്ത ഇടങ്ങളിലായിരുന്നു ഇസ്രയേലികൾ ആവാസമുറപ്പിച്ചിരുന്നത്. അതേസമയം, തെക്കൻ കടൽത്തീരങ്ങളായിരുന്നു ഫിലിസ്റ്റീനികളുടെ ശക്തികേന്ദ്രം. ഇവിടെ ഇവർ ആഷ്ഡോഡ്, എക്രോൺ, ഗാറ്റ് തുടങ്ങിയ വലിയ നഗരങ്ങൾ സ്ഥാപിച്ചിരുന്നു. തീരദേശത്തുനിന്നും ജുഡീയൻ സമതലത്തിലേക്കുള്ള മലയിടുക്കിലൂടെയുള്ള സഞ്ചാരപാതയുടെ കൃത്യമായ ദൃശ്യം ലഭ്യമാകുന്ന രീതിയിൽ ഉള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

മദ്ധ്യകാലയുഗം മുതൽ ആധുനിക വെങ്കലയുഗം വരേയുള്ള കാലഘട്ടത്തിൽ സമീപപൂർവ്വ ദേശത്ത് വസിച്ചിരുന്ന സെമിറ്റിക് വിഭാഗത്തിൽ പെട്ടവരായിരുന്നു കാനനികൾ. തങ്ങളുമായി പോരാടിയിരുന്ന ഈജിപ്തുകാർ, ഇസ്രയേലികൾ തുടങ്ങിയവരിൽ നിന്നാണ് ഇവരെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നത്തെ ഇസ്രയേൽ, പാൽസ്തീൻ, ലെബനൻ, ജോർഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ മിക്ക ഭാഗങ്ങളും ചേർന്നതായിരുന്നു പുരാതന കാനോൻ രാജ്യം. എന്നാൽ, അത് ഒരു ഏകരാഷ്ട്രമായിരുന്നില്ല എന്നും വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള വ്യത്യസ്ത ഗോത്രവർഗ്ഗ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു എന്നും ഒരു കൂട്ടം ഗവേഷകർ വിശ്വസിക്കുന്നു.

ബൈബിൾ പഴയ നിയമത്തിലാണ് കാനൻ ദേശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. എബ്രഹാമിന്റെ സന്തതിപരമ്പരകൾക്ക് ദൈവം കാനൻ ദേശത്തിന്റെ അവകാശം കൈവന്നുചേരുമെന്ന അനുഗ്രഹവും നൽകുന്നുണ്ട്. ബൈബിളിലെ ആഖ്യാനം പ്രകാരം ഇസ്രയേലികളാണ് കാനനികളെ ഇല്ലാതെയാക്കിയത്.

എന്നാൽ, ഈയടുത്ത് പുറത്തുവന്ന ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്, അവർ സമീപസ്ഥരായ മറ്റ് ഗോത്രവർഗ്ഗങ്ങളിലേക്ക് ലയിച്ച്, സ്വത്വം നഷ്ടപ്പെട്ടു എന്നാണ്. 2017-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം 90 ശതമാനം സിറിയക്കാർക്കും കാനനികളുടെ പാരമ്പര്യമാണുള്ളത്.