ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാതി'ൽ ആദ്യമായി ഡിസ് ലൈക്ക് പെരുമഴ. ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിന്മേൽ അനുകൂല നിലപാട് എടുക്കാത്തതാണ് യൂട്യൂബിലെ വിഡിയോയ്ക്ക് ഡിസ്ലൈക്കുകൾ ലഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ പ്രതികരണത്തിനും മോദി തയ്യാറായില്ല. ഇതോടെയാണ് ഡിസ് ലൈക് തടുങ്ങിയത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ നൽകിയ വിഡിയോയ്ക്കാണ് ഈ 'ദുർഗതി'.

ഈ യൂട്യൂബ് അക്കൗണ്ടിലെ ഏറ്റവും കൂടുതൽ ഡിസ്ലൈക്ക് ലഭിച്ചിരിക്കുന്ന വിഡിയോയും ഇതാണെ്. ഇന്ന് രാവിലെ പത്ത് മണിവരെ 8,44,000 ഡിസ്ലൈക്കുകളാണ് ഈ വിഡിയോയ്ക്കു ലഭിച്ചത്. ആകെ 1.75,000 ലൈക്കുകളേ നേടാൻ കഴിഞ്ഞുള്ളു. 39 ലക്ഷത്തിലധികം വ്യൂസ് ആണ് ഈ പേജിലെ വിഡിയോയ്ക്കു ലഭിച്ചത്. ഞായറാഴ്ച ഈ യൂട്യൂബ് അക്കൗണ്ടിലൂടെ വിഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു.

എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക യൂട്യൂബ് പേജ് ആയ പിഎംഒ ഇന്ത്യയിൽ അപ്ലോഡ് ചെയ്ത വിഡിയോയിലും ഡിസ് ലൈക്കുകളാണ് കൂടുതൽ. ഇന്ന് രാവിലെ പത്ത് മണി വരെ 1,48,000 ഡിസ്ലൈക്കുകളും 63,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഈ പേജിലെ വിഡിയോയ്ക്ക് ലഭിച്ചത് 13 ലക്ഷം വ്യൂസും. തന്റെ പ്രതിമാസ പരിപാടിയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്ന പ്രധാനമന്ത്രി കോവിഡ്, പ്രളയം മൂലം ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ജനവികാരം കണ്ടില്ലെന്നു നടിച്ചതാണ് ഇതിന് കാരണമെന്നാണ് വലിയിരുത്തൽ.

പരീക്ഷകളെ കുറിച്ച് മോദി മൻ കി ബാതിൽ പറഞ്ഞുമില്ല. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. വിഡിയോയ്ക്കു കീഴിലെ പ്രതികരണങ്ങളിലും വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യക്തമാണ്. അതിനിടെ, മൻ കീ ബാത്തിനു പിന്നാലെ 'മൻ കീ ബാത് നഹി സ്റ്റുഡന്റ്‌സ് കീ ബാത്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറൽ ആകുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയാണ് ഇത്.

സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ജെഇഇ മെയിൻ പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിലും. അതായത് ഇന്ന് പരീക്ഷ തുടങ്ങും ഇത് മാറ്റി വയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചിരുന്നു. കൊറോണ വ്യാപനത്തിന് പരീക്ഷ കാരണമാകുമെന്ന ആശങ്കയും ഇതിനുണ്ട്. എന്നാൽ മാറ്റി വയ്ക്കുന്നത് പ്രതിസന്ധിയാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

പ്രതിഷേധങ്ങൾക്കിടെ ഐഐടി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയ്ക്ക് കേരളത്തിലുൾപ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്‌മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. ഇതിനായി എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയർന്നത്. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി എത്തിയിരുന്നു.

വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകി പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് പരീക്ഷകൾക്ക് തുടക്കമാവുന്നത്. വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെഡിക്കൽ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) എഞ്ചിനിയറിങ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.