തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് വെള്ളറടയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർ പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താൻ ശ്രമിച്ചു എന്നാണ് വിവരം. ഇന്നോവ കാറിൽ നിന്നാണ് ഈ സ്ത്രീയെ പൊലീസ് പിടികൂടിയത്.

കേസിലെ പ്രധാനപ്പെട്ട പ്രതികളെല്ലാം പിടിയിലായി എന്നാണ് വിവരം. എട്ട് പേരാണ് ഇരുവരെ പൊലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ നടത്തുകയാണ് അന്വേഷണം സംഘം. കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരൻ നിസാം പറഞ്ഞു.

'ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. സ്‌പൈനൽ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. അവൻ അധ്വാനിച്ച് കുടുംബം പോറ്റുന്നവനാണ്. ഒന്നോ രണ്ടോ പേർ വന്നാലൊന്നും അവനെ കീഴ്‌പ്പെടുത്താനാവില്ല. അതിനാലാകാം പത്തോളം പേർ ഒരുമിച്ചെത്തി ഇരുവരെയും ആക്രമിച്ചത്' നിസാം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മേൽഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.