ന്യൂഡൽഹി: ഇന്ത്യയുടെ നീക്കങ്ങൾ ഒരോ നിമിഷവും പകർത്തിയെടുക്കാൻ കാമറാ കണ്ണുകൾ ഒരുക്കി വൻ സന്നാഹത്തോടെ ചൈന നിലയുറപ്പിച്ചിട്ടും തന്ത്രപരമായ നീക്കത്തിലൂടെ ചൈനീസ് സൈന്യത്തെ നിഷ്ഫലമാക്കി പാംഗോങിൽ ഇന്ത്യൻ സേനയുടെ മുന്നേറ്റം. ചൈനയുടെ കാമറ കണ്ണുകളെയും വെട്ടിച്ച ഇന്ത്യൻ വിരുതിലൂടെ അതിർത്തിയിലെ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരം പിടിച്ചെടുക്കുകയും ഇന്ത്യൻ സൈന്യം അവിടെ നിലയുറപ്പിക്കുകയും ആയിരുന്നു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എത്തുന്നതിനു മുൻപ് തികച്ചും തന്ത്രപരമായ നീക്കത്തിലൂടെ പാങ്കോങ് താഴ് വരയിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ മുന്നേറ്റം നടത്തുകയായിരുന്നു.

ചൈനീസ് സേനയുടെ എല്ലാ നിരീക്ഷണസംവിധാനങ്ങളെയും തകർത്താണ് വളരെ രഹസ്യമായി സ്ഥിതി ചെയ്യുന്ന ഉയരങ്ങളിലേക്ക് ചൈന എത്തും മുന്നേ ഇന്ത്യൻ സൈന്യം പിടിമുറുക്കിയത്. ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ചൈനീസ് സൈന്യം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ചൈനയുടേതെന്ന് അവകാശപ്പെടുന്ന മേഖലയിൽ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയാൽ അതിനെ തടയുക ലക്ഷ്യമിട്ടായിരുന്നു അവരുടെ പ്രവർത്തനം. എന്നാൽ ചൈനയുടെ സകല നീക്കങ്ങളും തകർത്ത് പാങ്‌ഗോങിൽ ഇന്ത്യ ആധിപത്യം ഉറപ്പിച്ചതോടെ ചൈന കടുത്ത ആശങ്കയിലാണ്.

ഇന്ത്യൻ സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചതോടെ ചൈനയുടെ സംവിധാനങ്ങളെല്ലാം ഇവിടെനിന്നും നീക്കി. പാങ്‌ഗോങിൽ ഇന്ത്യ പിടിമുറുക്കിയതായി സൈന്യത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, പാംഗോങ് തടാകത്തിന്റെ തെക്കൻ പ്രദേശത്തോടു ചേർന്ന ഈ ഉയർന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ ആവകാശവാദം. എന്നാൽ ചൈനയുടെ എല്ലാ വാദങ്ങൾക്കും പ്രവൃത്തി കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. പാംഗോങ് തടാകത്തോടും സ്പൻഗുർ ഗ്യാപ്പിനോടും ചേർന്ന ഈ പ്രദേശത്താണ് ചൈനയുടെ അർമേർഡ് റെജിമെന്റ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ചൈന കടുത്ത ആശങ്കയിലാണ്.

സ്‌പെഷൽ ഓപ്പറേഷൻസ് യൂണിറ്റും സിഖ് ലൈറ്റ് ഇൻഫന്ററി ട്രൂപ്പും അടങ്ങുന്ന സൈനിക വിന്യാസത്തിലൂടെ ഏതുവിധേനയും ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യ തയാറായിരുന്നു. ഇവിടെ പട്രോളിങ് നടത്തുന്നതിനിടെ ഒരു ജവാന് മൈൻ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടു. ബിഎംപി ഇൻഫന്ററി കോംബാറ്റ് വാഹനങ്ങളും വിവിധ ടാങ്കർ ശ്രേണിയുമടക്കം നിരത്തി വൻതോതിലുള്ള സേനവിന്യാസമാണ് ഇന്ത്യ മേഖലയിൽ നടത്തിയിരിക്കുന്നത്. അടുത്തിടെയാണ് നിയന്ത്രണരേഖയോടു ചേർന്ന് ഇത്തരത്തിലുള്ള നീക്കം ഇന്ത്യ നടത്തിയത്. യഥാർഥ നിയന്ത്രണ രേഖയിൽ കൂടുതൽ സൈനികരെ വിന്യസിക്കാനാണ് തീരുമാനം. ചൈനയും ഇതേ സമീപനം സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 29-30 അർധരാത്രിയിലാണ് ഇന്ത്യൻ സൈന്യം ഇവിടെ നിലയുറപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസത്തോളമായി ഇന്ത്യ ചൈന സൈനികർ നിയന്ത്രണരേഖയോട് ചേർന്ന് നിലയുറപ്പിച്ചിട്ട്. പ്രശ്‌നം രൂക്ഷമായതിനു പിന്നാലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. 40 ചൈനീസ് സൈനികർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.

അതേസമയം പാങ്‌ഗോങിൽ മാത്രമല്ല ലഡാക്കിലും ചൈനയ്ക്ക് ചുട്ട മറുപടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. ലഡാക്കിൽ ചൈനയുമായി ഏറെ നീണ്ടു നിൽക്കുന്ന സംഘർഷത്തിന് ഇന്ത്യ സജ്ജമാണെന്നും ഏതു വിധേനയും ചൈനീസ് കടന്നുകയറ്റം തടയാൻ മേഖലയിൽ സൈനിക വിന്യാസം വർധിപ്പിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനം ഉണ്ടായത്. ശനിയാഴ്ച ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു സമീപം നടത്തിയ കടന്നുകയറ്റ ശ്രമം ഇന്ത്യൻ സേന തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണു യോഗം ചേർന്നത്. തടാകത്തിന്റെ തെക്കു ഭാഗത്താണ് ചൈനയുടെ കടന്നുകയറ്റ ശ്രമം ഉണ്ടായത്.

വിവിധ രഹസ്യാന്വേഷണ ഏജൻസികളും മുതിർന്ന സൈനിക ഓഫിസർമാരും സ്ഥിതിഗതികൾ ഡോവലിനോടു വിശദീകരിച്ചു. വരും മാസങ്ങളിൽ ചൈനയുടെ ഭാഗത്തുനിന്ന് എന്തൊക്കെ നീക്കങ്ങൾക്കു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റോ സെക്രട്ടറി സാമന്ത് ഗോയൽ എന്നിവർ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനീസ് നീക്കം ഫലപ്രദമായി തടയാൻ കഴിഞ്ഞു. എന്നാൽ വരുംദിവസങ്ങളിലെ നീക്കങ്ങളാണു യോഗത്തിൽ ചർച്ച ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽ കൂടുതൽ സൈനികരെ വിന്യസിക്കും. ചൈനയും ഇതേ സമീപനം സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.

തന്ത്രപ്രധാനമായ പല മേഖലകളിലും ചൈന നിലയുറപ്പിച്ചിട്ടുണ്ട്. ചുഷുൽ ടൗൺ, പാംഗോങ് സോ, സ്പങ്കർ സോ എന്നിവിടങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന രണ്ട് മലനിരകളിൽ ചൈനീസ് സൈന്യമുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണരേഖയിൽ മാറ്റം വരുത്താനുള്ള ചൈന നടത്തുന്ന ഏതു നീക്കവും എന്തുവില കൊടുത്തും തടയാനാണ് സൈന്യത്തിന് അനുമതി നൽകിയിരിക്കുന്നത്. അതിനിടെ ലഡാക്ക് ലഫ്. ഗവർണർ രാധാ കൃഷ്ണ കുമാർ ഡൽഹിയിലെത്തി സഹമന്ത്രി ജി.കെ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികളും അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.